SignIn
Kerala Kaumudi Online
Friday, 24 April 2026 9.58 PM IST

മഹാശിവരാത്രി: ഭക്തലക്ഷങ്ങൾക്ക് ബലിതർപ്പണ സായൂജ്യം

Increase Font Size Decrease Font Size Print Page
mla

ആലുവ: മഹാശിവരാത്രിയോടനുബന്ധിച്ച് പെരിയാറിൽ മുങ്ങിക്കുളിച്ച് പിതൃബലിയർപ്പിച്ച് ലക്ഷക്കണക്കിന് ഭക്ത‌ർ മടങ്ങി. ഇന്നലെ രാത്രിയോടെ ആരംഭിച്ച തർപ്പണം ഇന്ന് ഉച്ചവരെ തുടരും. ഇന്ന് വൈകിട്ട് നാലര മുതൽ അമാവാസിയായതിനാൽ നാളെ വൈകിട്ട് വരെ വാവുബലി തുടരും. പെരിയാറിന്റെ ഇരുകരകളിലുമായി പത്ത് ലക്ഷത്തോളം പേർ പിതൃബലിയർപ്പിക്കാൻ എത്തിയെന്നാണ് അനൗദ്യോഗിക കണക്ക്. കറുത്തവാവ് ശിവരാത്രിക്ക് ശേഷമായതിനാൽ ഭക്തർക്ക് തർപ്പണം നടത്താൻ കൂടുതൽ സമയം ലഭിച്ചത് സൗകര്യമായി.

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ മണപ്പുറത്തും മറുകരയിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റെ നേതൃത്വത്തിൽ അദ്വൈതാശ്രമത്തിലുമാണ് ബലിതർപ്പണം നടന്നത്. മണപ്പുറത്ത് ബലിത്തറകളുടെ എണ്ണം കുറഞ്ഞത് ഭക്തരെ വലച്ചു. സാധാരണ നൂറിലധികം ബലിത്തറകൾ ഉണ്ടാകുന്ന മണപ്പുറത്ത് ഇക്കുറി അമിതനിരക്ക് ഏർപ്പെടുത്തിയതിനാൽ പുരോഹിതന്മാർ വിട്ടുനിൽക്കുകയായിരുന്നു. 73 ബലിത്തറകളാണ് ഇക്കുറി ഉണ്ടായിരുന്നത്.

മണപ്പുറം മഹാദേവ ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ നടന്നു. ദേവസ്വം ബോർഡ് അംഗം കെ. രാജു ആലുവയിൽ തങ്ങി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.

അദ്വൈതാശ്രമത്തിൽ ഒരേസമയം 750പേർക്ക് തർപ്പണ സൗകര്യമൊരുക്കിയിരുന്നു. ആശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യയുടെ മേൽനോട്ടത്തിൽ മേൽശാന്തി പി.കെ. ജയന്തൻ മുഖ്യകാർമ്മികത്വം വഹിച്ചു. ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ നേതൃത്വത്തിൽ ശിവഗിരി മഠത്തിൽ നിന്നുള്ള നിരവധി സന്ന്യാസി ശ്രേഷ്ഠന്മാരും അദ്വൈതാശ്രമത്തിൽ ശിവരാത്രി ആഘോഷത്തിന് നേതൃത്വം നൽകാനെത്തിയിരുന്നു.

മണപ്പുറത്തെ താത്കാലിക നഗരസഭാ ഓഫീസ് അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ സൈജി ജോളി അദ്ധ്യക്ഷയായി. സെക്രട്ടറി പി.ജെ. ജെസിത, കൗൺസിലർമാർ എന്നിവർ സംബന്ധിച്ചു. തുടർന്ന് കൗൺസിൽ യോഗവും നടന്നു.

TAGS: LOCAL NEWS, ERNAKULAM, SIVARATHRI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.