SignIn
Kerala Kaumudi Online
Tuesday, 10 March 2026 2.25 AM IST

ഇലന്തൂർ ഇരട്ട നരബലി: വിചാരണ ഇന്ന് തുടങ്ങും

Increase Font Size Decrease Font Size Print Page
padam
ലൈല

കൊച്ചി: കേരളത്തെ നടുക്കിയ ഇലന്തൂർ ഇരട്ട നരബലി കേസിന്റെ വിചാരണ ഇന്ന് ആരംഭിക്കും. സാമ്പത്തിക അഭിവൃദ്ധിക്കായി സേലം ധർമ്മപുരി സ്വദേശിനിയും എറണാകുളം ഫാത്തിമ മാത പള്ളി റോഡിലെ ഒറ്റമുറി വീട്ടിലെ താമസക്കാരിയുമായ പദ്മയെ (52) ബലി നൽകിയ കേസിലാണ് ഇന്ന് വിചാരണ തുടങ്ങുന്നത്. 2022 ഒക്ടോബർ 27ന് കടവന്ത്ര പൊലീസ് രജിസ്റ്റർ ചെയ്ത തിരോധാനക്കേസാണിത്. കാലടി മറ്റൂരിൽ വാടകയ്ക്ക് താമസിക്കുകയായിരുന്ന ആലപ്പുഴ കൈനടി സ്വദേശി റോസ്‌ലിൻ (49) തിരോധാനക്കേസിൽ 12ന് വിചാരണ തുടങ്ങും. എറണാകുളം അഡീഷണൽ സെഷൻസ് കോടതി അഞ്ചിൽ ജഡ്ജി ടി. മധുസൂദനൻ വാദം കേൾക്കും.

രണ്ട് കേസുകൾക്കുമായി സർക്കാർ നിയമിച്ച സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി. അജകുമാർ വാദിഭാഗത്തിനായി ഹാജരാകും. പദ്മയുടെ സഹോദരി പളനിയമ്മയുടെ വിചാരണയാണ് ഇന്ന് നടക്കുക. റോസ്‌ലിന്റെ മകളുടെ വിചാരണ 12ന് നടക്കും. ഒന്നാം പ്രതി പെരുമ്പാവൂർ വെങ്ങോല വേഴപ്പിള്ളി വീട്ടിൽ മുഹമ്മദ് ഷാഫി (56), രണ്ടാം പ്രതി നാട്ടുവൈദ്യൻ പത്തനംതിട്ട ഇലന്തൂർ കടകംപള്ളി വീട്ടിൽ ഭഗവൽ സിംഗ് (72), മൂന്നാം പ്രതി ഭഗവൽ സിംഗിന്റെ ഭാര്യ ലൈല എന്നിവർ അഴിക്കുള്ളിലാണ്. പ്രതികൾ ഇന്ന് കോടതിയിൽ ഹാജരാക്കും.

കടവന്ത്ര പൊലീസിന് ലഭിച്ച മിസ്സിംഗ് പരാതിയിലെ അന്വേഷണമാണ് കൊലപാതക വിവരങ്ങൾ പുറംലോകത്തെത്തിച്ചത്. 90 ദിവസത്തിനുള്ളിൽ കാലടി പൊലീസും കടവന്ത്ര പൊലീസും കുറ്റപത്രം നൽകി. ഒരു വർഷത്തിലേറെക്കാലം സർക്കാർ പ്രോസിക്യൂട്ടറെ നിയമിച്ചിരുന്നില്ല. പിന്നീട് അഡ്വ. ഉണ്ണിക്കൃഷ്ണൻ ആദ്യം പ്രോസിക്യൂട്ടറായി. എന്നാൽ കൂടത്തായി കേസിന്റെ ഉൾപ്പെടെ തിരക്കിനെ തുടർന്ന് ഉണ്ണിക്കൃഷ്ണൻ സ്വയം ഒഴിഞ്ഞതോടെ അഡ്വ. അനിൽകുമാറിനെ പ്രോസിക്യൂട്ടറാക്കി. പക്ഷേ, കേസിന്റെ തിരക്കുമൂലം അനിൽകുമാറും പിന്മാറി. തുടർന്നാണ് പി. അജകുമാറിനെ പ്രോസിക്യൂട്ടറാക്കുന്നത്.

രാത്രി ആഭിചാര പൂജകൾക്കിടെയായിരുന്നു നരബലികൾ നടന്നത്. 15 ലക്ഷം രൂപ പ്രതിഫലത്തിൽ സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് പത്തനംതിട്ടയിലെ ഇലന്തൂരിലെത്തിച്ച് പദ്മയെയും റോസ്‌ലിനെയും കഴുത്തറുത്ത് ബലിയർപ്പിക്കുകയായിരുന്നു. പദ്മയുടെ കേസിലെ ചോദ്യം ചെയ്യലിലാണ് റോസ്‌ലിനെയും നരബലി നൽകിയെന്ന് ഭഗവൽ സിംഗ് വെളിപ്പെടുത്തിയത്.

ശ്രീദേവിയായി ഷാഫി,

മനുഷ്യമാംസം കഴിച്ചു

ഫേസ്ബുക്കിൽ ശ്രീദേവിയെന്ന പേരിൽ വ്യാജ പ്രൊഫൈൽ നിർമ്മിച്ച ഷാഫി, ഐശ്വര്യത്തിനും സമ്പദ്‌സമൃദ്ധിക്കും വേണ്ടി പൂജ നടത്താൻ ബന്ധപ്പെടുകയെന്ന് കുറിപ്പിട്ടിരുന്നു. ഇതു കണ്ടാണ് ഹൈക്കു കവി കൂടിയായ ഭഗവൽ സിംഗ് ബന്ധപ്പെട്ടത്. വ്യാജ പ്രൊഫൈലിൽ നിന്ന് ഫ്രണ്ട് റിക്വസ്റ്റ് അയച്ച് ഭഗവൽ സിംഗുമായി സൗഹൃദം സ്ഥാപിച്ച് വിശ്വാസം നേടിയെടുത്തു. സമ്പദ്‌സമൃദ്ധിക്കായി പൂജ നടത്തിയാൽ മതിയെന്നും മന്ത്രവാദം ചെയ്യുന്ന ഒരാളെ പരിചയമുണ്ടെന്നും ഭഗവൽ സിംഗിനെ വിശ്വസിപ്പിച്ചു. മന്ത്രവാദിയുടേതെന്ന പേരിൽ ഷാഫി സ്വന്തം ഫോൺ നമ്പർ നൽകി.

ശ്രീദേവി വിശദീകരിച്ചത് വിശ്വസിച്ചാണ് ഭഗവൽ സിംഗും ലൈലയും ഷാഫിയുമായി സംസാരിക്കുന്നതും പൂജയ്ക്ക് വീട്ടിലേയ്ക്കു ക്ഷണിക്കുന്നതും. ദോഷം മാറാൻ നരബലി വേണമെന്ന് ഇവരെ വിശ്വസിപ്പിച്ച് പണം കൈക്കലാക്കുകയായിരുന്നു. 2022ജൂൺ ഏഴിന് റോസിലിയെയാണ് ആദ്യം വകവരുത്തിയത്. മുജ്ജന്മ പാപം തീർന്നില്ലെന്ന് ദമ്പതികളെ പറഞ്ഞു വിശ്വസിപ്പിച്ച് സെപ്തംബർ 26ന് പദ്മത്തെയും എത്തിച്ച് ബലി നൽകി. തലയറുത്ത് കൊലപ്പെടുത്തിയ ശേഷം കൈകാലുകളും മറ്റും വെട്ടി മാറ്റി ഭഗവൽ സിംഗിന്റെ വീടിന് സമീപം കുഴിച്ചിട്ടു.

പദ്മത്തെ കാണാനില്ലെന്ന് സഹോദരിയും മകനും നൽകിയ പരാതിയെ തുടർന്ന് കടവന്ത്ര പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങൾ പുറത്തുവന്നത്. റോസിലിയുടെ മകളും മഞ്ജു ആഗസ്റ്റ് 17ന് കാലടി പൊലീസിലും പരാതി നൽകി. പദ്മവും റോസിലിയും പരിചയക്കാരായിരുന്നു. ആദ്യ നരബലിയിൽ പ്രതികൾ മൂവരും മനുഷ്യമാംസം ഭക്ഷിച്ചു.

TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.