
കളമശേരി: രണ്ടുവർഷം മുമ്പ് അടച്ചുപൂട്ടിയ ഏലൂർ ഹിൽ ഇന്ത്യാ ലിമിറ്റഡിന്റെ (ഹിന്ദുസ്ഥാൻ ഇൻസെക്ടിസൈഡ്സ് ലിമിറ്റഡ്) സ്ഥാനത്ത് മെഗാ ഫാർമസ്യൂട്ടിക്കൽ സ്ഥാപനം തുടങ്ങും. ഇതിന്റെ പ്രാരംഭ നടപടികൾ ആരംഭിച്ചതായി മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി സംസ്ഥാന പ്രസിഡന്റുമായ രാജീവ് ചന്ദ്രശേഖർ വെളിപ്പെടുത്തി. പറവൂരിൽ നടന്ന ബി.ജെ.പി മെഗാ അദാലത്തും ജനസംഗമവും എന്ന പരിപാടിയിൽ ഏലൂർ നഗരസഭ കൗൺസിലർമാരായ നീന ഗോപകുമാർ, കൃഷ്ണപ്രഭ, അഖില, പി.ടി.ഷാജി, വി.എസ്.ബിനു എന്നിവർ സമർപ്പിച്ച നിവേദനത്തിന് മറുപടിയായാണ് രാജീവ് ചന്ദ്രശേഖർ ഇക്കാര്യമറിയിച്ചത്. കേന്ദ്രമന്ത്രി ജോർജ് കുര്യൻ ചടങ്ങിൽ പങ്കെടുത്തു. ബി.ജെ.പി കളമശേരി മണ്ഡലം വൈസ് പ്രസിഡന്റ് വി.എൻ.വാസുദേവൻ, ഏലൂർ വെസ്റ്റ് ഏരിയാ സെക്രട്ടറി ശശികുമാർ, വൈസ് പ്രസിഡന്റ് രാമദാസ് എന്നിവരും കൗൺസിലർമാരോടൊപ്പമുണ്ടായിരുന്നു.
ആദ്യ പൊതുമേഖലാ സ്ഥാപനം
1958ൽ പ്രവർത്തനമാരംഭിച്ച ഹിൽ കമ്പനി കേരളത്തിലെ ആദ്യ പൊതുമേഖല സ്ഥാപനമാണ്. 380 കോടിയുടെ വിറ്റുവരവുണ്ടായിരുന്നു. 1300ഓളം ജീവനക്കാരും. വ്യവസായ ആവശ്യത്തിന് ഉപയോഗിച്ചിരുന്ന 34.27 ഏക്കർ സ്ഥലവും വാണിജ്യാവശ്യത്തിന് 8.95 ഏക്കറും, ഫ്രീ ഹോൾഡ് ലീസ് ലാൻഡായി 13.96 ഏക്കർ സ്ഥലവും കമ്പനിക്കുണ്ട്. കമ്പനി പൂട്ടിയതോടെ സ്ഥലത്തിന് നോട്ടമിട്ട് പല സ്ഥാപനങ്ങളും റിയൽ എസ്റ്റേറ്റ് മാഫിയയും രംഗത്തുണ്ട്. വികസന പ്രവർത്തനങ്ങൾക്കുവേണ്ടി ഏലൂർ നഗരസഭയും ആവശ്യപ്പെട്ടിട്ടുണ്ട്. ഫാക്ടുമായി ചേർന്ന് സംയുക്ത സംരംഭം കമ്പനിയുടെ പ്രവർത്തന ഘട്ടത്തിൽ ചർച്ച ചെയ്തെങ്കിലും ശക്തമായ ഇടപെടൽ ഇല്ലാതിരുന്നതിനാൽ തീരുമാനമായില്ല. ഹിന്ദുസ്ഥാൻ ലാറ്റക്സിന്റെ അമൃത് ഫാർമസി സ്ഥാപിക്കണമെന്നാവശ്യമുയർന്ന ഘട്ടത്തിലും ഹിൽ ഇന്ത്യയുടെ ഭൂമിയും പരിഗണനയിൽ വന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |