
പറവൂർ: ഒരു മാസത്തോളം നീണ്ടുനിന്ന ആവേശകരമായ പ്രചാരണങ്ങൾക്ക് പരിസമാപ്തി കുറിച്ച് പറവൂരിൽ മൂന്ന് മുന്നണികളുടെ ആവേശകരമായ കലാശക്കൊട്ട്. പോളിംഗ് ബൂത്തിലേക്ക് നീങ്ങുന്ന വോട്ടർമാരെ തങ്ങളിലേക്ക് കൂടുതൽ അടുപ്പിക്കാൻ കലാശക്കൊട്ടിൽ മുന്നണികൾ ശക്തി തെളിയിച്ചു. യു.ഡി.എഫ്, എൽ.ഡി.എഫ്, എൻ.ഡി.എ സ്ഥാനാർത്ഥികളുടെ നൂറുകണക്കിന് പ്രവർത്തകരാണ് നഗരഹൃദയത്തിലെ നമ്പൂരിയച്ചൻ ആൽക്ഷേത്ര പരിസരത്ത് നടന്ന കൊട്ടിക്കലാശത്തിൽ അണിനിരന്നത്. പ്രവർത്തകരേക്കാൾ കൂടുതൽ പേർ കലാശക്കൊട്ട് കാണാനെത്തിയിരുന്നു. മൂന്ന് മുന്നണികൾക്കും പൊലീസ് പ്രത്യേകം പോയിന്റുകൾ അനുവദിച്ചിരുന്നു. വൈകിട്ട് നാല് മണിയോടെ മൂന്ന് മുന്നണികളുടെയും പ്രവർത്തകർ കലാശക്കൊട്ടിൽ പങ്കെടുക്കാൻ എത്തിതുടങ്ങി. ഡി.ജെ, കാവടി, ചെണ്ട, ബാൻഡ് തുടങ്ങിയവയോടൊപ്പം പാട്ടുപാടി നൃത്തം ചവിട്ടിയ പ്രവർത്തകർ ഒന്നര മണിക്കൂറോളം ടൗണിനെ ആവേശത്തിന്റെ കൊടുമുടിയിലാക്കി. നാല് മണി മുതൽ ഈ റോഡിലൂടെയുള്ള പ്രവേശനം പൊലീസ് തടഞ്ഞിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |