കൊച്ചി: മുൻ രാഷ്ട്രപതി ഡോ.എ.പി.ജെ. അബ്ദുൾ കലാമിന്റെ ജീവിതവും പ്രഭാഷണങ്ങളും സംഭാവനകളും ഉൾപ്പെടുത്തി തയ്യാറാക്കുന്ന ന്യൂസ് ലെറ്റർ പ്രസിദ്ധീകരണം ആരംഭിച്ചു. ഡോ.കലാമിന്റെ തൊണ്ണൂറാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായാണ് ടൈംസ് ഒഫ് കലാം എന്ന ന്യൂസ്ലെറ്റർ പ്രസിദ്ധീകരിക്കുന്നത്.സംസ്ഥാന ചീഫ് സെക്രട്ടറി ഡോ.വി.പി.ജോയി ന്യൂസ് ലെറ്ററിന്റെ പ്രകാശനം നിർവഹിച്ചു. വിക്രംസാരാഭായ് സയൻസ് സ്കൂളിന്റെ സി.ഇ.ഒയും നാഷണൽ കൗൺസിൽ ഒഫ് സി.ബി.എസ്.ഇ. സ്കൂൾസ് സെക്രട്ടറി ജനറലുമായ ഡോ. ഇന്ദിരരാജൻ ആദ്യപ്രതി കൈമാറി. കലാമിനെക്കുറിച്ച് ഡോ.വി.പി. ജോയി രചിച്ച കവിത ചടങ്ങിൽ അദ്ദേഹം അവതരിപ്പിച്ചു.
വിദ്യാർത്ഥികളിൽ മാതൃഭാഷാസ്നേഹം വളർത്താൻ കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്കൂൾ നടപ്പാക്കുന്ന അക്ഷരജ്യോതി എഴുത്തുപുര പദ്ധതിയും ചീഫ് സെക്രട്ടറി ഉദ്ഘാടനം ചെയ്തു.ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ ഡോ. ജി. മാധവൻ നായർ ചെയർമാനായി കാക്കനാട്ട് പ്രവർത്തിക്കുന്ന വിക്രം സാരാഭായ് സയൻസ് സ്കൂളാണ് ന്യൂസ് ലെറ്റർ തയ്യാറാക്കുന്നത്. രണ്ടാഴ്ചയിൽ ഒരിക്കൽ പ്രസിദ്ധീകരിക്കുമെന്ന് സ്കൂൾ ഡയറക്ടർ സുചിത്ര ഷൈജിന്ത് ചടങ്ങിൽ പങ്കെടുത്തു.ഡോ. കലാമിന്റെ ജീവിതത്തിലെ സന്ദർഭങ്ങൾ, പ്രഭാഷണങ്ങൾ, കുട്ടികൾക്കും മറ്റും നൽകിയ നിർദ്ദേശങ്ങൾ, ഉപദേശങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തിയാണ് ടൈംസ് ഒഫ് കലാം തയ്യാറാക്കുന്നത്. വിദ്യാർത്ഥികൾക്കും പുതിയ തലമുറക്കും ഡോ. കലാമിന്റെ ജീവിതം പരിചിതമാക്കുകയാണ് ലക്ഷ്യമെന്ന് ഡോ. ഇന്ദിര രാജൻ അറിയിച്ചു. ഇ പേപ്പർ രൂപത്തിൽ തയ്യാറാക്കുന്ന ന്യൂസ് ലെറ്റർ രാജ്യത്തെ സി.ബി.എസ്.ഇ സ്കൂളകളിലെ വിദ്യാർത്ഥികൾക്ക് ഓൺലൈനിൽ ലഭ്യമാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |