കൊച്ചി: കൂട്ടുകാരുമൊത്ത് ലഹരി നുണഞ്ഞും രാത്രി പൊതുയിടങ്ങളിൽ ചുറ്റിത്തിരിഞ്ഞും പുതുവത്സരം ആഘോഷിക്കാനാണോ പരിപാടി. എങ്കിൽ ന്യൂ ഇയർ പൊലീസ് സ്റ്റേഷനിൽ കൂടേണ്ടിവരും ! അതീവ രഹസ്യമായി നടത്തുന്ന ലഹരിപ്പാർട്ടികൾ പോലും കണ്ടെത്തി കേസെടുക്കാൻ കച്ചമുറുക്കി പൊലീസ് കളത്തിലുണ്ട്. ഗ്രാമങ്ങളിൽ മാത്രമല്ല, ഇക്കുറി ഫ്ലാറ്റുകളും പൊലീസിന്റെ നിരീക്ഷണ വലയത്തിലാണ്. പുതുവത്സരാഘോഷം ലക്ഷ്യമിട്ട് കേരളത്തിലേക്ക് വൻതോതിൽ രാസലഹരിമരുന്നുകൾ എത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തെതുടർന്നാണ് സംസ്ഥാന വ്യാപകമായുള്ള പരിശോധന. ഇതിന്റെ ഭാഗമായാണ് കൊച്ചി സിറ്റി പൊലീസും എറണാകുളം റൂറൽ പൊലീസും സംയുക്ത ഓപ്പറേഷൻ നടത്തുന്നത്. മാത്രമല്ല, ഒമിക്രോൺ വ്യാപനത്തെ തുടർന്ന് ഇന്നുമുതൽ പ്രാബല്യത്തിൽ വരുന്ന നിയന്ത്രണങ്ങളും ശക്തമാക്കാനാണ് പൊലീസ് തയ്യാറെടുത്തിട്ടുള്ളത്. റൂറലിലും സിറ്റിയിലുമായി 2500ലധികം ഓളം പൊലീസുകാരെയാണ് പ്രത്യേക ഡ്യൂട്ടിക്കായി മാത്രം നിയോഗിച്ചിട്ടുള്ളത്.
നോട്ടീസ് നൽകി
കൊച്ചി നഗരത്തിൽ കടുത്ത നിയന്ത്രണങ്ങളാണ് പൊലീസ് ഏർപ്പെടുത്തിയിട്ടുള്ളത്. ഹോട്ടലുകളിലും റിസോർട്ടുകളിലും രാത്രി ബുക്ക് ചെയ്ത എല്ലാ ആഘോഷപ്പാർട്ടികളും റദ്ദാക്കാൻ നോട്ടീസ് നൽകി കഴിഞ്ഞു. ന്യൂ ഇയർ ലക്ഷ്യമിട്ട് എത്തിച്ച ലഹരി മരുന്നുകൾ ഫ്ലാറ്റുകളിലെ റേവ് പാർട്ടികളിൽ ഉപയോഗിക്കാൻ സാദ്ധ്യത കൂടുതലാണെന്നാണ് വിലയിരുത്തൽ. വൻകിട ഹോട്ടലുകൾ, റിസോർട്ടുകൾ അടക്കം പാർട്ടികൾ സംഘടിപ്പിക്കുകയും ലഹരി വിളമ്പുകയുമാണ് സാധാരണ പുതുവത്സരങ്ങളിൽ നടക്കുന്നത്. പാർട്ടികൾ കർശനമായി നിരീക്ഷിക്കാനാണ് പൊലീസ് തീരുമാനം.
എങ്ങും പരിശോധന
ജില്ലയിൽ ഈ വർഷം രജിസ്റ്റർചെയ്ത ലഹരിക്കേസുകളിൽ നൂറിലധികം പേരെയാണ് എക്സൈസും പൊലീസുമായി അറസ്റ്ര് ചെയ്തത്. പ്രതികൾ മഹാഭൂരിഭാഗവും മറ്റ് ജില്ലക്കാരാണ്. ജില്ലയിലെ പ്രധാന റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, ടൂറിസ്റ്ര് കേന്ദ്രങ്ങളിലെല്ലാം പൊലീസ് പരിശോധന പുരോഗമിക്കുകയാണ്. അതത് എസ്.എച്ച്.ഒമാർക്കാണ് ചുമതല. കൊച്ചി നഗരത്തിൽ സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്. നാഗരാജുവും എറണാകുളം റൂറലിൽ പൊലീസ് മേധാവി കെ. കാർത്തിക്കുമാണ് പരിശോധനകൾക്ക് നേതൃത്വം നൽകുന്നത്.
നിയന്ത്രണങ്ങൾ
• അനുമതിയില്ലാതെ ഉച്ചഭാഷിണി ഉപയോഗം
• രാത്രിയിലെ പൊതുപരിപാടികൾ
• ഒത്തുകൂടി പടക്കം പൊട്ടിച്ചുള്ള ആഘോഷം
• 10 മണിക്ക് ശേഷമുള്ള സഞ്ചാരം
• അമിത വേഗതയിലുള്ള യാത്ര
മുക്കിലും മൂലയിലും പൊലീസ്
പ്രധാന ഇടങ്ങളിൽ നിരീക്ഷണ കാമറ
മഫ്തിയിൽ വനിതാ പൊലീസുകാർ
വാഹന പരിശോധനകൾ
ശക്തമായ പരിശോധനയാണ് നടത്തുന്നത്. പ്രത്യേക ടീമുകളെ നിയോഗിച്ചിട്ടുണ്ട്. ഹോട്ടലുകളിലും മറ്റും പാർട്ടികൾ സംഘടിപ്പിക്കരുതെന്ന് നോട്ടീസ് നൽകിയിട്ടുണ്ട്. കർശന നടപടി സ്വീകരിക്കും.
സി.എച്ച്. നാഗരാജു
കമ്മിഷണർ
സിറ്റി പൊലീസ്
കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് പുതുവത്സര ആഘോഷങ്ങൾ നടത്തിയാൽ കർശന നടപടി സ്വീകരിക്കും. എറണാകുളം റൂറൽ ജില്ലയിൽ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്.
കെ. കാർത്തിക്ക്
പൊലീസ് മേധാവി
എറണാകുളം റൂറൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |