SignIn
Kerala Kaumudi Online
Saturday, 20 April 2024 10.51 AM IST

വൈപ്പിൻ ബസുകളിടെ പട്ടണ പ്രവേശം: ഉപവാസ സമരം നാളെ, രാഷ്ട്രീയപ്പോര് രൂക്ഷം

gosree

കൊച്ചി: വൈപ്പിൻ ബസുകളുടെ കൊച്ചി നഗര പ്രവേശത്തെ ചൊല്ലി സി.പി.എം - കോൺഗ്രസ് പോരാട്ടം മുറുകുന്നു. പ്രശ്നത്തിൽ നാളെ ഹൈക്കോടതി ജംഗ്ഷനിൽ ഹൈബി ഈഡൻ എം.പി ഏകദിന ഉപവാസസമരം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനെതിരെ വൈപ്പിൻ എം.എൽ.എ കെ.എൻ. ഉണ്ണികൃഷ്ണനും രംഗത്തുവന്നു.

നടപടികൾ അവസാന ഘട്ടത്തിൽ,

സമരം രാഷ്ട്രീയ പ്രേരി​തം:

വൈപ്പിൻ എം.എൽ.എ കെ.എൻ.ഉണ്ണിക്കൃഷ്ണൻ

വൈപ്പിൻ ബസുകളുടെ നഗരപ്രവേശനം സാദ്ധ്യമാക്കാനുള്ള നടപടികൾ അവസാന ഘട്ടത്തിലാണ്. നിയമ ഭേദഗതിക്ക് ഗതാഗത മന്ത്രി ആന്റണി രാജുവിനോപ്പം ശ്രമങ്ങൾ ഊർജിതമായി തുടരുകയാണ്. മന്ത്രി​ പങ്കെടുക്കുന്ന അടുത്ത യോഗം നാളെ നടക്കും.

വൈപ്പിനിലെ സ്വകാര്യ ബസുകൾക്ക് സിറ്റി സർവീസ് പെർമിറ്റ് ലഭിക്കുന്നതിന് നിയമഭേദഗതി കൂടിയേ തീരൂ. തീർത്തും ശുഭോദർക്കമായ സ്ഥിതിവിശേഷമാണ് നിലവിൽ.

ഒന്നര പതിറ്റാണ്ടോളം ഈ വിഷയത്തിൽ ഇടപെടാതിരുന്നവരും ചെറുവിരൽ പോലും അനക്കാതിരുന്നവരുമാണ് ഇപ്പോൾ സമരവുമായി രംഗത്തുവരുന്നത്. യു.ഡി.എഫ് ഭരണകാലത്ത് ഫയൽ പൊടിതട്ടാൻ പോലും പുറത്തെടുത്തിട്ടില്ല. പദ്ധതി നടപ്പാകുമെന്ന് ഉറപ്പായപ്പോൾ പിതൃത്വം ഏറ്റെടുക്കാനും രാഷ്ട്രീയ മുതലെടുപ്പിനുമാണ് ഇപ്പോൾ ശ്രമിക്കുന്നത്.

സമരം സഞ്ചാര

സ്വാതന്ത്ര്യത്തിന്:

ഹൈബി​ ഈഡൻ എം.പി​.

വൈപ്പി​ൻ നിവാസികളുടെ സഞ്ചാരസ്വാതന്ത്ര്യത്തി​ന് വേണ്ടി​യുള്ള സമരമാണി​ത്. അവരുടെ സ്വപ്നമായി​രുന്ന ഗോശ്രീ പാലവും ഹഡ്കോ കുടി​വെള്ള പദ്ധതി​യും ജിഡയുടെ രൂപീകരണവും നടപ്പാക്കി​യത് കോൺ​ഗ്രസാണ്. ബസുകളുടെ നഗരപ്രവേശനത്തി​നായി​​ പത്ത് വർഷം മുമ്പ് പള്ളത്താംകുളങ്ങരയി​ൽ കോൺ​ഗ്രസ് സമരപ്രഖ്യാപന കൺ​വെൻഷൻ നടത്തി​യി​ട്ടുണ്ട്.

20 വർഷമായി​ വൈപ്പി​നി​ൽ എൽ.ഡി​.എഫി​ന്റെ ജനപ്രതി​നി​ധി​കളാണ്. ബസ് പ്രശ്നം പരി​ഹരി​ക്കേണ്ടത് അവരുടെ ചുമതലയാണ്. അതി​ൽ പരാജയപ്പെട്ടതി​ന് ഞങ്ങളുടെ സമരത്തെ വി​മർശി​ച്ചി​ട്ട് കാര്യമി​ല്ല. കെ.എൻ.ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ഒന്നും ചെയ്യുന്നി​ല്ലെന്ന് ആക്ഷേപമി​ല്ല. പക്ഷേ കാര്യം നടക്കുന്നി​ല്ല. ജനാധി​പത്യപരമായി​ സമരം ചെയ്യാൻ ആർക്കും അവകാശമുണ്ട്. കോൺ​ഗ്രസ് വ്യക്തി​ക്കോ സ്ഥാപനത്തി​നോ എതി​രല്ല. ജനങ്ങൾക്ക് വേണ്ടി​യാണ്. വൈപ്പി​ൻ ബസുകളുടെ നഗരപ്രവേശനം നേടി​യെടുക്കും വരെ അത് തുടരും.

തടസം മൊഫ്യൂസൽ തർക്കം

വൈപ്പിനിൽ നിന്നുള്ള സ്വകാര്യ ബസുകൾക്ക് എറണാകുളം നഗരത്തിലേക്കുള്ള പ്രവേശനത്തിന് വിഘാതമാകുന്നത് നിയമ, സാങ്കേതിക പ്രശ്നങ്ങൾ. ഗ്രാമീണ മേഖലയിൽ മാത്രം ഓടാൻ അനുമതിയുള്ള മൊഫ്യൂസൽ ബസുകളാണ് വൈപ്പിനിൽ സർവീസ് നടത്തുന്നത്. ദേശീയപാതകളിലേയ്ക്ക് ഇവയ്ക്ക് പ്രവേശിക്കാനാകില്ല. എറണാകുളം ബാനർജി​ റോഡ്, ഷണ്മുഖം റോഡ്, എം.ജി​ റോഡ് എന്നി​വ ഈ ഗണത്തി​ൽ വരുന്നവയാണ്. ഈ പ്രതി​സന്ധി​ മറി​കടക്കാനുള്ള നിയമഭേദഗതി നീക്കങ്ങളാണ് ഇപ്പോൾ നടക്കുന്നത്.

700 ബസുകൾ

എറണാകുളം നഗരത്തിൽ 700 സ്വകാര്യ ബസുകൾക്ക് മാത്രമാണ് അനുമതിയുള്ളത്. എണ്ണം കൂട്ടണമെങ്കിൽ ആർ.ടി.എ യോഗം തീരുമാനിക്കണം. കളക്ടറാണ് ആർ.ടി​.എ ചെയർമാൻ. ആഴ്ചകൾക്കുള്ളി​ൽ ചെയ്യാം.

സമയക്രമം മാറ്റൽ

വൈപ്പിൻ ബസുകൾ നഗരത്തിനുള്ളിലേക്ക് നീട്ടുമ്പോൾ ഈ ബസുകളുടെയും സിറ്റി സർവീസ് ബസുകളുടെയും സമയക്രമത്തിലും അ‌ടിമുടി പരിഷ്കാരങ്ങൾ വേണം. അതിനായി വിജ്ഞാപനവും ഹിയറിംഗും നടത്തേണ്ടി വരും.

• രണ്ട് മണി​ക്കൂർ ഹാൾട്ടുള്ള 40 വൈപ്പി​ൻ ബസുകൾക്ക് നി​ലവി​ലെ സമയക്രമത്തെ ബാധിക്കാതെ സർവീസ് നടത്താനാകുമെന്ന് പറവൂർ മേഖലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് അതോറിട്ടിയെയും നാറ്റ്പാക്കിനെയും നേരത്തേ തന്നെ അറിയിച്ചി​ട്ടുണ്ട്.

നഗരബസുകൾക്ക് പ്രതിസന്ധിയാകും. വൈപ്പിൻ ബസുകളും നഗരസർവീസിനെത്തുന്നത് നിലവിലെ ബസുകളെ ദോഷകരമായി ബാധിക്കും. മെട്രോ തുടങ്ങിയതിനും കൊവിഡിനും ശേഷം നഗരത്തിലെ ബസുകളിൽ വരുമാനം തീരെക്കുറവാണ്. മൊഫ്യൂസൽ ബസുകളെ നഗരങ്ങളിൽ പ്രവേശിപ്പിക്കുന്ന നിയമഭേദഗതിയുണ്ടായാൽ പ്രതിസന്ധിയിൽ വലയുന്ന ബസ് വ്യവസായം തകർന്ന് തരിപ്പണമാകും. ജില്ലയിൽ മാത്രമാണ് മൊഫ്യൂസൽ ബസുകൾക്ക് പ്രത്യേക സ്റ്റാൻഡ് ഇല്ലാത്തത്. കൊച്ചി നഗരത്തിലെ ഗതാഗതക്കുരുക്ക് രൂക്ഷമാകും. പറവൂർ, ഹൈറേഞ്ച്, കോട്ടയം ബസുകളെ നഗരത്തിലേക്ക് പ്രവേശിപ്പിക്കാതെ വൈറ്റില ഹബിലേക്കും കലൂർ സ്റ്റാൻഡിലേക്കും തിരിച്ചുവിടുന്നത് ഇതുകൊണ്ടാണ്.

എം.ബി.സത്യൻ

പി.ബി.ഒ.എ മുൻ സംസ്ഥാന പ്രസിഡന്റ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.