കൊച്ചി: പുലർക്കാലത്തെ വിറപ്പിക്കുന്ന തണുപ്പ് ഈയടുത്തൊന്നും കേരളത്തെ വിട്ടൊഴിഞ്ഞേക്കില്ല. മെഡിറ്ററേനിയൻ കടലിന് മുകളിലൂടെ ജലബാഷ്പം ആഗിരണം ചെയ്ത് പടിഞ്ഞാറൻ ഭാഗത്തേയ്ക്ക് വീശുന്ന കാറ്റ് (വെസ്റ്റേൺ ഡിസ്റ്റർബൻസ്) തുടർന്നേക്കുമെന്നതാണ് കാരണം. യൂറോപ്പിനെയും ഒപ്പം ഉത്തരേന്ത്യയെയും ഒരുപോലെ തണുപ്പിക്കുന്നത് ഈ പ്രതിഭാസമാണ്. മഞ്ഞുമഴപെയ്യുന്ന ഉത്തരേന്ത്യയിൽ നിന്ന് ഈ സമയം തെക്കോട്ട് വീശുന്ന കാറ്റാണ് പുലർച്ചെ കേരളത്തെ തണുപ്പിക്കുന്നത്. 12ഓടെ തുലാമാസം പൂർണമായി പിൻവാങ്ങിയതും തണുപ്പിന് ഒരു കാരണമാണ്.
സാധാരണയേക്കാളും ഒന്നു മുതൽ രണ്ട് ഡിഗ്രി സെൽഷ്യസ് താഴെയാണ് കേരളത്തിലെ പുലർക്കാല താപനില. എറണാകുളം ഉൾപ്പെടെയുള്ള ജില്ലകളിൽ രണ്ടാഴ്ചയായി പുലർച്ചെ മുതൽ നല്ല തണുപ്പാണ് അനുഭവപ്പെടുന്നത്. ഇത് ഒമ്പതു മണിവരെ തുടരുന്നുണ്ട്. മൂന്നാറിൽ തണുപ്പ് മൈനസ് ഡിഗ്രിയിൽ എത്തിയിരുന്നു. ഒരാഴ്ചയ്ക്കു ശേഷം കേരളത്തിൽ ഇപ്പോൾ അനുഭവപ്പെടുന്ന തണുപ്പിൽ മാറ്റമുണ്ടായേക്കുമെന്നാണ് കാലാവസ്ഥാ വിദഗ്ദ്ധരുടെ വിലയിരുത്തലെങ്കിലും വെസ്റ്റേൺ ഡിസ്റ്റർബൻസ് പ്രതിഭാസം എത്രത്തോളം കുറയുമെന്നത് അനുസരിച്ചിരിക്കുമിത്.
കൂളാണ് പുനലൂർ
വേൽക്കാലത്ത് ചുട്ടുപൊള്ളുന്ന പുനലൂർ ഇപ്പോൾ പുലക്കാലങ്ങളിൽ തണുത്തുവിറയ്ക്കുകയാണ്. ഇവിടെ സാധാരണ പ്രതീക്ഷിക്കുന്ന താപനില 20.7 ഡിഗ്രി സെൽഷ്യസാണ്. എന്നാൽ 4.7 ഡിഗ്രി കുറവാണ് ഓരോ ദിവസങ്ങളിലും. ആര്യങ്കാവ് ചുരത്തിന്റെ സാന്നിദ്ധ്യമാണ് തണുപ്പിന് കാരണം. മുൻ വർഷങ്ങളെ അപേക്ഷിച്ച് തീരപ്രദേശങ്ങളിൽ ശൈത്യത്തിന്റെ അളവിന് ഒന്നു മുതൽ രണ്ടു ഡിഗ്രി വരെ കുറവാണ്. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, തൃശൂർ എന്നീ ജില്ലകളിൽ മൂന്നു മുതൽ ആറു ഡിഗ്രി വരെയാണ് ശൈത്യത്തിന്റെ അളവിൽ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്.
ശൈത്യ തരംഗം
10 ഡിഗ്രിയിൽ താഴെ താപനില എത്തുന്നതാണ് ശൈത്യ തരംഗം. പകൽ താപനില തുടർച്ചയായി സാധാരണയിൽ നിന്ന് 4.5 ഡിഗ്രി സെൽഷ്യസ് കുറയുന്ന പ്രതിഭാസമാണിത്.
ശൈത്യ തരംഗത്തിന്റെ ഭാഗമായി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഉൾപ്പെടെ പുകമഞ്ഞും സജീവമാണ്. ഏതാനും ആഴ്ചകൾക്ക് മുമ്പ് കൊച്ചിയെയും പുകമഞ്ഞ് മൂടിയിരുന്നു.
ദക്ഷിണായന രേഖയിൽ 23 ഡിഗ്രിയിലാണ് സൂര്യനുള്ളത്. മാർച്ച് 21ഓടെ ഭൂമദ്ധ്യ രേഖയിൽ സൂര്യനെത്തും. ഇതിനകം വെസ്റ്റേൺ ഡിസ്റ്റർബൻസ് ഒഴിവാകുന്നതോടെ കേരളത്തിൽ പുലർക്കാലങ്ങളിൽ സാധാരണ താപനിലയാകും.
ഡോ. എം.ജി. മനോജ്
കാലാവസ്ഥ വിദഗ്ദ്ധൻ
കുസാറ്റ് റഡാർ കേന്ദ്രം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |