തൊടുപുഴ: ചിലവുകുറഞ്ഞ രീതിയിൽ ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് സൈക്കിൾ യാത്രയൊരുക്കി ജില്ലാസൈക്ലിങ്ങ് അസോസിയേഷൻ. സൈക്ലിങ്ങ് പരിശീലനം നടത്തുന്ന കുട്ടികൾക്ക് കുറഞ്ഞ ചിലവിൽ ഇടുക്കിയിലെ വിനോദകേന്ദ്രങ്ങൾ കാണാൻ അവസരമൊരുക്കുകയും, ടൂറിസം മേഖലക്ക് ഉണർവ് നൽകുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പഠനയാത്ര. അസോസിയേഷന്റെ കീഴിൽ പരിശീലനം നടത്തുന്ന കുട്ടികൾക്കായാണ് ഈ പദ്ധതി. നിലവിൽ യൂത്ത്, സീനിയർ, ജൂനിയർ, സബ്ജൂനിയർ വിഭാഗങ്ങളിലായി 12 മുതൽ 20 വയസുവരെ പ്രായമുള്ള 25 ഓളം കുട്ടികൾ ഓഫ് റോഡ്, റോഡ് മത്സരങ്ങളിലായി റെഗുലർ പരിശീലനം നടത്തുന്നു. ഇതിനുപുറമെ ലഹരിക്കെതിരെയും വിവിധ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.
മികച്ചപ്രകടനമെങ്കിലും പരിശീലകന് പണം നൽകണം
ജില്ലയിൽ നിന്നും മികച്ച പ്രകടനം നടത്തി വിവിധ സർക്കാർവകുപ്പുകളിൽ പ്രവേശിച്ചത് 12 പേരാണ്. ഇതിനുപുറമെ ഏഴോളം കുട്ടികൾ സംസ്ഥാന സർവീസിൽ കയറാൻ കാത്തിരിക്കുന്നു. നേട്ടങ്ങൾ ഏറെയുണ്ടെങ്കിലും സ്‌പോർട്സ് കൗൺസിലിൽ നിന്നും പരിശീലകനെ ലഭിക്കാത്തതിനാൽ ഓരോ വിദ്യാർത്ഥിയും 1500 ഓളം രൂപ നൽകിയാണ് പരിശീലനം നടത്തുന്നത്.
അവധിക്കാല പരിശീലനത്തിന് തുടക്കമായി
ജില്ലാ സ്‌പോർട്സ് കൗൺസിൽ, മലങ്കര എസ്റ്റേറ്റ് എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന അവധിക്കാല സൈക്ലിംഗ് പരിശീലനം ആരംഭിച്ചു. പെരുമറ്റം ടൗണിലുള്ള മലങ്കര എസ്റ്റേറ്റ് ഗ്രൗണ്ടിൽ മെയ് 30 വരെയാണ് പരിശീലനം. മുട്ടം പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി ദേവസ്യ ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ചു. ക്ലബ്ബ്പ്രസിഡന്റ് സുഭാഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. കേരളാ സൈക്ലിംഗ് അസോസിയേഷൻ വൈസ് പ്രസിഡന്റ് എൻ. രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് അഡ്വ. ജോർലി കുര്യൻ ലഹരി വിരുദ്ധ പ്രതിജ്ഞയ്ക്ക് നേതൃത്വം നൽകി. കായികാദ്ധ്യാപകൻ ജയിസൺ ജോസഫ് കാലഘട്ടത്തിൽ സ്‌പോർട്സിന്റെ പ്രസക്തി എന്ന വിഷയത്തിൽ ക്ലാസെടുത്തു. ജില്ലാ സെക്രട്ടറി എ.പി. മുഹമ്മദ് ബഷീർ സ്വാഗതവും അഭിനവ് എം.എസ്. നന്ദിയും പറഞ്ഞു. രാജേഷ്‌കുമാർ ക്യാമ്പിന് നേതൃത്വം നൽകും. ചേറ്റുകുഴി, എൻ.ആർ സിറ്റി എന്നിവിടങ്ങളിലും ഈ മാസം പരിശീലനം ആരംഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |