ചെറുപുഴ: സീസണായതോടെ ചെറുപുഴ ഓടക്കൊല്ലിയിലെ പൂമ്പാറ്റവസന്തം കാണാൻ പല ഭാഗങ്ങളിൽ നിന്നുള്ള സഞ്ചാരികളുടെ ഒഴുക്ക് സജീവമായി. ഓടക്കൊല്ലിയെ തഴുകി ഒഴുകുന്ന തേജസ്വനിയുടെ തീരങ്ങൾ ഇന്ന് വർണ്ണശലഭങ്ങൾ കൊണ്ട് നിറഞ്ഞു കഴിഞ്ഞു.
നൂറുകണക്കിന് പൂമ്പാറ്റകൾ പാറി നടക്കുന്ന ആ കാഴ്ച കണ്ണിന് ഏറെ കുളിർമ നൽകുന്നു.
വെയിൽ ശക്തമാകുമ്പോൾ അതിഥികളെ സ്വീകരിക്കാൻ വർണ്ണചിറകുകൾ വിടർത്തി എത്തുന്ന ശലഭങ്ങൾ സൂര്യൻ അസ്തമിക്കുന്നത് വരെ കാഴ്ചക്കാരെ തഴുകിയും വട്ടമിട്ട് പറന്നും സന്തോഷിപ്പിക്കും.
വരുന്നത് തണുത്ത പ്രദേശം തേടി
ഫ്ളോറിഡ വൈറ്റ് അല്ലെങ്കിൽ ട്രോപ്പിക്കൽ വൈറ്റ് ആയ അപ്പിയാസ് ഡ്രൂസില്ല, പിയറിഡേ കുടുംബത്തിലെ ഒരു ചിത്രശലഭമാണ്. തണുത്ത പ്രദേശം തേടി കാലത്തിനൊപ്പം വഴിതെറ്റിയെത്തുന്ന ഈ വർണ്ണ ശലഭങ്ങൾ നിത്യ ഹരിത വനങ്ങളേയും ഇലപൊഴിയും വനങ്ങളേയും തേടി ഇറങ്ങുന്നതിനിടെയാണ് ഓടക്കൊല്ലിയിലേക്കും എത്തിച്ചേരുന്നത്. ചിറകിന്റെ അരികിൽ കറുപ്പു കളറോടു കൂടിയവ ആൺ ശലഭങ്ങളും, കറുപ്പും മഞ്ഞയും ഓറഞ്ചും കലർന്ന ചിറകുകളുള്ളവ പെൺ ശലഭങ്ങളുമാണ്.
പിയറിഡേ കുടുംബത്തിലെ ചിത്രശലഭങ്ങൾക്കൊപ്പം പൂച്ചക്കണ്ണി, ആവണച്ചോപ്പൻ, വരയൻ വാൾവാലൻ, ചെങ്കോമാളി, ചുട്ടിക്കറുപ്പൻ, നാരകക്കാളി, നരിവരയൻ, പുലിത്തെയ്യൻ, തെളിനീലക്കടുവ, അപൂർവ്വമായി മാത്രം കണ്ടുവരുന്ന ചോലവിലാസിനി എന്നിവയും ഇപ്പോൾ ഈ ഭാഗത്ത് പറന്നെത്തുന്നുണ്ട്. ഡിസംബർ മുതൽ മാർച്ച് വരെയാണ് ഇവയെ അധികവും കാണാറുള്ളത്.
ശ്രീലങ്കയിലും മറ്റും കാണപ്പെടുന്ന പ്രധാന ഇനം ശലഭങ്ങളാണ് ചോലവിലാസിനി. കേരളത്തിൽ അപൂർവ്വമായേ ഇവ വരാറുള്ളൂ. ഒറ്റയ്ക്കും കൂട്ടമായുമാണ് ഇവ ദേശാടനത്തിനെത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |