കണ്ണൂർ : ചെറുപ്പം മുതൽ സൂര്യനെയും ചന്ദ്രനെയുമെല്ലാം കാണുമ്പോഴുണ്ടായ കൗതുകമാണ് സൗരയൂഥത്തിലെ കാണാപ്പുറങ്ങൾ തേടാനുള്ള അമ്പിളിയുടെ ആവേശത്തിന് പിന്നിൽ.ഏറ്റവുമൊടുവിൽ ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ യുവ ശാസ്ത്രജ്ഞ പുരസ്കാരം വരെ എത്തിനിൽക്കുന്ന ഈ പയ്യന്നൂർ മാത്തിൽ സ്വദേശിനിയുടെ നേട്ടങ്ങൾ വമ്പൻ പ്രതീക്ഷയുടെ വാതിലുകളാണ് തുറന്നിടുന്നത്.
ചന്ദ്രന്റെയും ഗ്രഹങ്ങളുടെയും അയണോസ്ഫിയറിനെ കുറിച്ചുള്ള പഠനത്തിനും സൈദ്ധാന്തിക മാതൃക തയ്യാറാക്കിയതിനുമാണ് പുരസ്കാരം.തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്ററിലെ സ്പേസ് ഫിസിക്സ് ശാസ്ത്രജ്ഞയായ
ഡോ.കെ.എം.അമ്പിളിയുടെ കണ്ടെത്തൽ പ്രസിദ്ധപ്പെടുത്തിയത് മന്ത്ലി നോട്ടീസസ് ഒഫ് റോയൽ അസ്ട്രോണമിക്കൽ സൊസൈറ്റിയിലെ ലേഖനത്തിലാണ് .ഭൂമിയുടെയും ശുക്രന്റെയും അയണോസ്ഫിയറിനെ കുറിച്ചുള്ള കൂടുതൽ പഠനങ്ങൾക്കും മുതൽ കൂട്ടാണ് ഈ മാതൃകകൾ.
കുറുവേലി വിഷ്ണു ശർമ എൽ.പി സ്കൂൾ .ഗവ.യു.പി സ്കൂൾ അരവഞ്ചാൽ ,മാത്തിൽ ഗവ.ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം.പയ്യന്നൂർ കോളേജിൽ നിന്ന് ഭൗതീക ശാസ്ത്രത്തിൽ ബിരുദവും മംഗളൂരു സർവ്വകലാശാലാ സെന്ററിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി.മാതാപിതാക്കളുടെയും അദ്ധ്യാപകരുടെയും പിന്തുണയോടെ ഇഷ്ട വിഷയത്തിൽ ഒരുപാട് മുന്നോട്ടുപോകാൻ അമ്പിളിക്ക് സാധിച്ചു.ചെറുപ്പം മുതൽ തന്നെ ശാസ്ത്രജ്ഞയാകണമെന്ന ആഗ്രഹമായിരുന്നു ഉള്ളിൽ.പ്ലസ്ടു എത്തിയതോടെ ഏതെങ്കിലും വിഷയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിക്കുകയായിരുന്നു.
ബിരുദാനന്തര ബിരുദത്തിന് ശേഷം തിരുവനന്തപുരം വി.എസ്.എസ്.സി.യിൽ സ്പേസ് ഫിസ്കിസ് ലബോറട്ടറിയിൽ ഗവേഷണത്തിന് പ്രവേശനം ലഭിച്ചു.ഗ്രഹങ്ങളുടെ അന്തരീക്ഷത്തിലെ ഉയർന്ന പാളിയെ കുറിച്ചാണ് ഗവേഷണം.ഇപ്പോഴും ഇതേ വിഷയത്തിൽ പഠനത്തിലാണ് അമ്പിളി.കാനഡയിലെ സാസ്ച്യുവൻ സർവ്വകലാശാലയിൽ ഫെലോഷിപ്പും ലഭിച്ചിട്ടുണ്ട്. ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞനായ തിരുവനന്തപുരം സ്വദേശി കെ.ജെ.ജയേഷാണ് ഭർത്താവ്.മൂന്ന് വയസ്സുകാരി അദ്രജയാണ് മകൾ.അരവഞ്ചാൽ യു.പി.സ്കൂൾ മുൻ പ്രധാനാദ്ധ്യാപകൻ കെ.എം.സദാശിവന്റെയും ഞെക്ലി എ.എൽ.പി സ്കൂൾ മുൻ അദ്ധ്യാപിക രമാദേവിയുടെയും മകളാണ്.
കലയിലും മികവ് തെളിയിച്ച്
2005 ൽ കണ്ണൂർ സർവ്വകാലശാല കലാ പ്രതിഭയായിരുന്നു അമ്പിളി. ചെറുപ്പം മുതൽ തന്നെ കലയും പഠനവും ഒരു പോലെ കൊണ്ടു പോയ അമ്പിളിക്ക് സമയം കൃത്യമായി വിനിയോഗിക്കാൻ ഇതിലൂടെ സാധിച്ചു.
അച്ഛന്റെ സോപാനം കഥകളി വിദ്യാലയത്തിലൂടെ കഥകളിയും അഭ്യസിച്ചു.കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ യുവ പ്രതിഭാ പുരസ്കാരവും ഈ ശാസ്ത്രജ്ഞയെ തേടിയെത്തിയിരുന്നു. പ്രസിദ്ധ നർത്തകി നീനാ പ്രസാദിന്റെ കീഴിൽ മോഹിനിയാട്ടം അഭ്യസിച്ചുവരികയാണ് അമ്പിളി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |