തൃശൂർ: അഞ്ച് പതിറ്റാണ്ട് കാലം ആയിരത്തിലേറെ വേദികളിൽ അവതരിപ്പിച്ചിട്ടും, ചൂരക്കാട്ടുകര ഗ്രാമക്കാരുടെ മെഗാ ഇവന്റ് ബാലെയാണ്.
പന്ത്രണ്ട് മുതൽ എഴുപത് വയസുകാരും സ്തീകളും ഉൾപ്പെടെയുണ്ടാകും രംഗവേദിയിൽ. മിക്ക ജില്ലകളിലെയും വേദികളിൽ നിറഞ്ഞാടി ശ്രീദുർഗാ തിയേറ്റേഴ്‌സ് ബാലെയിൽ ഒരു വൈബായി മാറി. ബാലെ സംഘം പുരാണകഥാപാത്രങ്ങളെ വീരനായകരാക്കി. സർപ്പസത്രം, ഹിരണ്യൻ, ഗരുഡൻ എന്നിവയെല്ലാം അക്കൂട്ടത്തിൽ ഹിറ്റായി. യാത്രാച്ചെലവും ഭക്ഷണവും മാത്രമാണ് ഇവർ കൈപ്പറ്റുന്നത്. ചൂരക്കാട്ടുകരക്കാരായ അമ്പതോളം പേരാണ് തിയേറ്റേഴ്‌സിലെ അംഗങ്ങൾ. 30 പേർ തുടക്കം മുതൽക്കുണ്ട്. ബാലെയുടെ അരങ്ങിലും അണിയറയിലുമായി ഇരുപതോളം പേരുണ്ട്. കഥ എഴുത്തും രംഗപടവും പ്രോപ്പർട്ടിയും അഭിനയവും ആലാപനവും പിന്നണിയുമെല്ലാം ഈ അംഗങ്ങളാണ്.
ശ്രീദുർഗാ തിയേറ്റേഴ്‌സ് @50, ഒരു ഫ്‌ളാഷ് ബാക്ക്
അമ്പതാണ്ടിന്റെ ആഘോഷത്തിലാണ് തിയേറ്റേഴ്‌സ്. 1975 ആഗസ്റ്റ് പതിനഞ്ചിനായിരുന്നു തുടക്കം. അന്നത്തെ സ്‌കൂൾ വിദ്യാർത്ഥികൾ അടക്കമുള്ള കുറച്ചുപേർ ചൂരക്കോട്ടുകാവ് ദുർഗാ ക്ഷേത്രത്തിലെ ഉത്സവത്തിന് വിൽപ്പാട്ട് അവതരിപ്പിച്ചത് കണ്ടപ്പോൾ തുടങ്ങിയതാണ്, ഒരു വിൽപ്പാട്ട് സംഘം തുടങ്ങാനുള്ള മോഹം. അങ്ങനെ ഒരു മണിക്കൂർ വിൽപ്പാട്ട് അവതരിപ്പിച്ചു. അടുത്ത പ്രദേശത്തുള്ളവർ ക്ഷേത്രത്തിലേക്ക് ക്ഷണിച്ചു. പുതിയ കഥകളായി. വിൽപ്പാട്ടിനൊപ്പം കഥാരംഗങ്ങൾ അവതരിപ്പിച്ചു. പിന്നീട്
കഥാരംഗങ്ങൾ മാത്രമാക്കി പൂർണ്ണമായും ബാലെയായി. നാട്ടുകാരായ ഇ.എസ്.മീനാക്ഷിയമ്മയും രാമകൃഷ്ണൻ എഴുത്തച്ഛനും തിയേറ്റേഴ്‌സിന് സ്ഥലം നൽകി, ഓഫീസായി. എല്ലാ വിഭാഗക്കാരും തിയേറ്റേഴ്‌സിൽ അംഗങ്ങളായി. ഒരു ദിവസം കൊണ്ട് അവതരിപ്പിച്ച് മടങ്ങാനാകുന്ന സ്ഥലങ്ങളിലേക്കാണ് ഗ്രൂപ്പ് പോകാറ്. അംഗങ്ങളുടെ സൗകര്യം നോക്കിയാണ് ബാലെ ബുക്കിംഗ്. കേട്ടറിഞ്ഞും കണ്ടറിഞ്ഞുമാണ് പലരും ബുക്ക് ചെയ്യുന്നത്.
പുതിയ തലമുറയ്ക്ക് ബാലെയോട് താൽപര്യം കുറയുന്നുണ്ട്. അതുകൊണ്ട് ബാലെയെ വീണ്ടെടുക്കാൻ കൂടുതൽ ജനകീയമാക്കാനാണ് ശ്രമം.
ഇ.ആർ.രാധാകൃഷ്ണൻ
പ്രസിഡന്റ്
ശ്രീദുർഗ തിയേറ്റേഴ്‌സ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |