പീരുമേട്: നിരവധി തർക്കങ്ങളിലും കോടതി ഇടപെടലിലൂടെയും വിവാദമായിരുന്ന തേങ്ങാക്കൽ എം.കെ. ജോൺ സക്കറിയ ആന്റ സൺസിന്റെ ഉടമസ്ഥതയിലുള്ള തോട്ടത്തിലുണ്ടായിരുന്ന തൊഴിൽ തർക്കങ്ങൾക്ക് പരിഹാരമായി. ഇന്നലെ നടത്തിയ ചർച്ചയിൽ 10 മാസത്തെ ശമ്പള കുടിശികയിൽ അഞ്ച് മാസത്തെ ശമ്പളം ഓണത്തിന് മുമ്പായി തൊഴിലാളികൾക്ക് നൽകുന്നതാണെന്ന് ഉടമയും റിസീവറും സമ്മതിക്കുകയായിരുന്നു. തൊഴിലാളികളിൽ നിന്ന് പിരിച്ചെടുത്തിട്ടും അടയ്ക്കാതിരുന്ന പി.എഫ് തുകയും ഓണത്തിന് മുമ്പ് അടയ്ക്കും. ബാങ്ക് വായ്പ എടുത്ത തൊഴിലാളികളുടെ അടവ് തുക ശമ്പളത്തിൽ നിന്ന് പിടിച്ച ശേഷം ബാങ്കിൽ അടയ്ക്കാതിരുന്നതും ഓണത്തിന് മുമ്പ് അടയ്ക്കുമെന്ന് ഉറപ്പും ഉടമ നൽകി. കൂടാതെ ശമ്പള കുടിശികയിൽ ബാക്കിയുള്ള അഞ്ച് മാസത്തെ തുക സെപ്തംബർ 30നകം നൽകുമെന്ന ഉറപ്പിന്മേൽ പ്രശ്നത്തിന് പരിഹാരമാകുകയായിരുന്നു.
ഇന്നലെ പീരുമേട് ഡപ്യൂട്ടി ലേബർ ഓഫീസർ ജി. പത്മഗിരീഷിന്റെ സാന്നിദ്ധ്യത്തിൽ സംയുക്ത ട്രേഡ് യൂണിയൻ നേതാക്കൾ തോട്ടം ഉടമയുമായും റിസീവറുമായും നടത്തിയ ചർച്ചയിലാണ് തീരുമാനം ഉണ്ടായത്. 35,000 മുതൽ 40,000 രൂപ വരെയാണ് ശമ്പള ഇനത്തിൽ മാത്രം ഓരോ തൊഴിലാളികൾക്കും ലഭിക്കാനുള്ളത്. ഓണക്കാലമായതോടു കൂടി ദുരിതമനുഭവിക്കുന്ന തൊഴിലാളികൾക്കു വേണ്ടി സംയുക്ത ട്രേഡ് യൂണിയൻ നേതാക്കൾ ലേബർ കമ്മീഷനെ സമീപിക്കുകയായിരുന്നു. ചർച്ചയിൽ സംയുക്ത യൂണിയനുകളെ പ്രതിനിധീകരിച്ച് ആർ. തിലകൻ, എം. തങ്കദുരൈ, ടി. സുന്ദർ രാജ് (സി.ഐ.ടി.യു), ആർ. വിനോദ് (എ.ഐ.ടി.യു.സി), അഡ്വ. സിറിയക് തോമസ്, പി.കെ. രാജൻ (ഐ.എൻ.ടി.യു.സി) എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
തോട്ടം തുറന്നത് വാഴൂർ സോമന്റെ ഇടപെടലിൽ
തോട്ടത്തിൽ നൂറിൽപരം തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. ഉടമകളായ സഹോദരങ്ങൾ തമ്മിൽ തർക്കമുണ്ടാകുകയും കോടതി തോട്ടം നടത്തിപ്പ് റിസീവർ ഭരണത്തിലാക്കുകയുമായിരുന്നു. ഇതിൽ ഒരു വിഭാഗം തോട്ടം നടത്തി വരവേയാണ് തോട്ടത്തിൽ തൊഴിൽ തർക്കം പൊട്ടിപുറപെട്ടത്. തുടർന്ന് തോട്ടത്തിൽ ജോലികൾ പത്ത് മാസത്തേക്കു തടസപ്പെട്ടു. തുടർന്ന് അന്തരിച്ച വാഴൂർ സോമൻ എം.എൽ.എയുടെ നേതൃത്വത്തിൽ സംയുക്ത ട്രേഡ് യൂണിയൻ അന്ന് നടത്തിയ ഇടപെടലുകളെ തുടർന്ന് തോട്ടം തുറന്നു പ്രവർത്തിച്ചെങ്കിലും തൊഴിലാളികൾക്ക് നൽകാനുള്ള കുടിശിക ആനുകൂല്യങ്ങൾ മാത്രം തോട്ടം ഉടമ നൽകിയിരുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |