മയ്യിൽ : മയ്യിൽ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ കെ. മുഹമ്മദ് ഫാസിലിന്റെ തക്ക സമയത്തെ ഇടപെടൽ രക്ഷിച്ചെടുത്തത് ഒൻപത് മാസം പ്രായമുള്ള കുഞ്ഞിന്റെ ജീവൻ. കമ്പിൽ പാട്ടയത്ത്
പാസ്‌പോർട്ട് വെരിഫിക്കേഷൻ ഡ്യൂട്ടിക്കായി എത്തിയപ്പോഴാണ് അവിചാരിതമായി ഈ പൊലീസുകാരൻ ഒരു ജീവന്റെ രക്ഷകനായത്.
ബൈക്ക് പാർക്ക് ചെയ്ത് പാസ്‌പോർട്ട് അപേക്ഷകന്റെ വിലാസം തിരയുന്നതിനിടെയാണ് സമീപത്തെ വീട്ടിൽ നിന്ന് കൂട്ട നിലവിളി ശ്രദ്ധയിൽപെട്ടത്. വീട്ടിലേക്ക് ഓടിയെത്തിയപ്പോൾ ഒൻപത് മാസം പ്രായമുള്ള ആൺകുഞ്ഞ് ശ്വാസം നിലച്ച നിലയിലായിരുന്നു. വീട്ടുകാരാകട്ടെ ഭയന്ന് നിലവിളിക്കുന്ന നിലയിലും. ഒരു നിമിഷം പാഴാക്കാതെ കൃത്രിമശ്വാസമടക്കമുള്ള പ്രാഥമിക ശുശ്രൂഷ നൽകിയ മുഹമ്മദ് ഫാസിൽ കുഞ്ഞ് പ്രതികരിച്ച് തുടങ്ങിയതോടെതോളിലെടുത്ത് ഇരുചക്രവാഹനത്തിൽ അയൽവാസിയുടെ സഹായത്തോടെ അടുത്തുളള സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
തുടർച്ചയായി കരഞ്ഞതിനെ തുടർന്നാണ് കുഞ്ഞിന്റെ ശ്വാസം നിലച്ചുപോയതെന്ന് വീട്ടുകാർ പറഞ്ഞു. ഉടനടി ചികിൽസ നൽകി ഡോക്ടർമാർ കുഞ്ഞിനെ സാധാരണ നിലയിലേക്കെത്തിച്ച് മാതാവിന് കൈമാറി. ഡ്യൂട്ടിക്കിടെ യാദൃശ്ചികമായി എത്തി കുഞ്ഞിന്റെ ജീവൻ വീണ്ടെടുത്ത യുവ പൊലീസ് ഓഫീസർക്ക് ആദരവുമായി വൈകിട്ടോടെ ഒരു നാട് തന്നെ സ്റ്റേഷനിലേയ്‌ക്കെത്തി. നാട്ടുകാരും പഞ്ചായത്ത് അംഗങ്ങളും ചേർന്ന് മുഹമ്മദ് ഫാസിലിന് മൊമെന്റോ സമ്മാനിച്ചു. പട്ടാനൂർ ചിത്രാരി സ്വദേശിയായായ മുഹമ്മദ് ഫാസിൽ 2015 സെപ്റ്റംബറിലാണ് സർവ്വീസിൽ പ്രവേശിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |