കണ്ണൂർ : വടക്കെ മലബാറിലെ വിശ്വാസമായ തെയ്യം അനുഷ്ഠാനത്തെ വികലമായും വികൃതമായും അവതരിപ്പിക്കുന്ന പ്രവണത തെക്കൻ ജില്ലകളിൽ കൂടി വരികയാണെന്നും ലോക പ്രശസ്തമായ ആറ്റുകാൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് കഴിഞ്ഞ ദിവസം തെയ്യമെന്ന പേരിൽ കെട്ടിയാടിയത് പേക്കൂത്തുകളാണെന്നും ഉത്തരകേരള തെയ്യം അനുഷ്ഠാന സംരക്ഷണ സമിതി.
തെയ്യത്തെ കലാരൂപമെന്ന നിലയിലും ജീവിതത്തിന്റെ അവിഭാജ്യ ഘടകമെന്ന നിലയിലും അനുഷ്ഠാനമെന്ന രീതിയിലും നെഞ്ചോട് ചേർക്കുന്നവരോടുള്ള അവഹേളനമാണിത്. ആറ്റുകാൽ ക്ഷേത്രത്തിൽ തെയ്യമെന്ന പേരിൽ എന്തൊക്കെയോ വേഷം കെട്ട് നടത്തിയത് കോഴിക്കോട് വടകര ഭാഗങ്ങളിലുള്ള കലാസമിതിയിലെ അംഗങ്ങളാണ്. തെയ്യമെന്ന പേരിൽ യഥാർത്ഥ വിശ്വാസികളെ കബളിപ്പിക്കുകയാണവർ ചെയ്യുന്നത്.
കാന്താര തെയ്യമോ, അതെന്ത്?
ആറ്റുകാലിൽ കെട്ടിയത് കാന്താര എന്ന പേരിലാണ് തെയ്യത്തെ കെട്ടിയത്. യഥാർത്ഥത്തിൽ അങ്ങനെയൊരു തെയ്യമില്ല. കാന്താര എന്ന സിനിമക്ക് കിട്ടിയ സ്വീകാര്യത വിൽപന ചരക്കാകുകയായിരുന്നു സമിതി ചെയ്തത്. ആറ്റുകാൽ ക്ഷേത്ര ഭാരവാഹികളോട് വസ്തുത പറഞ്ഞ് മനസിലാക്കാൻ വരും ദിവസങ്ങളിൽ ക്ഷേത്രത്തിലേക്ക് പോകും. യഥാർത്ഥ വിശ്വാസികളേയും തെയ്യക്കാരെയും അപമാനിക്കുന്ന തരത്തിൽ ഇനിയും ഇത്തരം പ്രവൃത്തികൾ തുടർന്നാൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ടി.ലക്ഷ്മണൻ, സജീവ് കുറുവാട്ട്, ഉത്തമൻ ആലക്കാട്, ബാബു കടന്നപ്പള്ളി, യു.പി സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.
അനുഷ്ഠാനം പാലിക്കണം
തികഞ്ഞ അനുഷ്ഠാനങ്ങളോട് കൂടി അംഗീകരിക്കപ്പെട്ടിടത്തു മാത്രം കെട്ടിയാടുന്ന രീതിയാണ് തെയ്യങ്ങളുടെ കാര്യത്തിൽ വർഷങ്ങളായി ചെയ്തുപോരുന്നത്. നേർച്ച തെയ്യമെന്ന പേരിൽ നിശ്ചയിക്കപ്പെട്ട സ്ഥാനങ്ങളില്ലാതെ മറ്റിടങ്ങളിൽ ചില തെയ്യങ്ങൾ കെട്ടാറുണ്ടെങ്കിലും അതും പൂർണമായ അനുഷ്ഠാനത്തോടെയാണ് ചെയ്യുന്നത്. എന്നാൽ തെയ്യത്തെക്കുറിച്ചോ അതിന്റെ മന്ത്ര വിധികളോ തോറ്റങ്ങളോ അറിയാത്ത ചില ആളുകൾ സാമ്പത്തിക ലാഭം ലക്ഷ്യമിട്ട് തെയ്യത്തെ വികലമാക്കുകയാണ് എന്ന ആക്ഷേപം ശക്തമാണ്.
പ്രതിഷേധം ആദ്യത്തേതല്ല
തെയ്യങ്ങളും ആചാരങ്ങളും അനുയോജ്യമല്ലാത്തെടുത്ത് കെട്ടിയാടുന്നതും അതിന്റെ പേരിലുണ്ടാകുന്ന പ്രതിഷേധവും ഇതാദ്യമല്ല. രാഷ്ട്രീയ പാർട്ടി ജാഥകളിലും ബീഡി പ്രചാരത്തിന്നും തെയ്യ വേഷത്തെ നടുറോഡിൽ കെട്ടി നടത്തിച്ചതിനെതിരേ വാർദ്ധക്യാവശത മറന്ന് പോരാട്ടം നടത്തിയ ഒരാളുണ്ട് കണ്ണൂരിൽ,സാഹിത്യകാരനും ഗവേഷകനുമായ പരേതനായ സി.എം.എസ്. ചന്തേര . കേരള യുവജനക്ഷേമ ബോർഡ് കേരള ഫോക്ലോർ അക്കാഡമി സഹകരണത്തോടെ കണ്ണൂർ പൊലീസ് മൈതാനിയിൽ ടൂറിസ്റ്റുകൾക്കു മുന്നിൽ വിഷ്ണു മൂർത്തിയുടെ അഗ്നിക്കോലം കെട്ടിയാടി പ്രദർശിപ്പിക്കാൻ ശ്രമിച്ചപ്പോൾ ചന്തേര മാഷ് രംഗത്തെത്തി. 'കോലക്കാരനെ തീയിലിട്ടുവാട്ടി രസിക്കുന്ന മേലാളൻ്റെ മനസ്സാണ് ഭരണകൂടത്തിന്റേത്' എന്നാണ് അതിനെ ചന്തേര വിശേഷിപ്പിച്ചത്. കുന്നും മലയും പ്രകൃതി സൗന്ദര്യവും ആസ്വദിക്കാൻ അത് സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് കാണികൾ പോകുന്നതു പോലെ തെയ്യത്തെ അറിയേണ്ടവർ ഉത്തരകേരള കാവുകളിൽ വരണമെന്നാണ് ചന്തേര അന്ന് വിവിധ യോഗങ്ങളിൽ പ്രസംഗിച്ചത്. 1960കളിൽ ചന്തേര മാഷ് നയിച്ച ഒറ്റയാൾ പോരാട്ടത്തിന്റെ മാതൃകയിലുള്ള പ്രതിഷേധമാണ് ഇന്ന് സമൂഹം ആവശ്യപ്പെടുന്നത്.
കലാരൂപത്തിന് മുന്നിൽ തുലാഭാരം തൂക്കുമോ
കണ്ണൂർ :കണ്ണൂർ,കാസർകോട് ജില്ലകളിലെ കഴകങ്ങളിലും കാവുകളിലും ദേവസ്ഥാനങ്ങളിലും മുണ്ട്യകളിലുമൊക്കെ കളിയാട്ട സമയത്ത് പ്രധാന ദേവതയ്ക്ക് മുന്നിൽ പ്രാർത്ഥനയായി തുലാഭാരം തൂക്കുന്നത് പതിവുകാഴ്ചയാണ്. കേരളത്തിലെ ഏറ്റവും കേൾവി കേട്ട ക്ഷേത്രങ്ങളിൽ നടത്തുന്ന തുലാഭാരം പോലെ വിശുദ്ധമായാണ് തെയ്യങ്ങൾ മഞ്ഞൾപൊടിയിട്ട തുലാഭാരതട്ടിൽ തൂങ്ങുകയും തെയ്യത്തിന്റെ കൈയിൽ നിന്ന് പ്രസാദം വാങ്ങി ഭക്തർ തിരിച്ചുപോകുകയും ചെയ്യുന്നത്. ഉത്തരകേരളത്തിലെ തെയ്യങ്ങൾക്ക് മുന്നിൽ ഇത്തരത്തിലുള്ള പ്രാർത്ഥനകൾ നിരവധിയാണ്.ആഗ്രഹപൂർത്തീകരണത്തിനായി നേരുന്ന നേർച്ചകൾ സമർപ്പിക്കുന്ന കാഴ്ചയും തെയ്യാട്ടക്കാവുകളിൽ പതിവാണ്. ക്ഷേത്രങ്ങളിൽ ചെയ്യുന്നതിന് തുല്യമോ, അതിലധികമോ വിശ്വാസത്തോടെയാണ് ഭക്തർ കളിയാട്ടദിവസം തെയ്യങ്ങൾക്ക് മുന്നിൽ പ്രാർത്ഥനാപൂർവം നിൽക്കുന്നതെന്നതും ശ്രദ്ധേയമാണ്.
.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |