നീലേശ്വരം:കരിന്തളം വില്ലേജിൽ അനധികൃതമായി പ്രവർത്തിക്കുന്ന ചെങ്കൽ ക്വാറികളിൽ ഇന്ന് വിജിലൻസ് ഡിവൈ.എസ്.പി കെ.വി.വേണുഗോപാലിന്റെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തി. കരിന്തളം വില്ലേജിൽ ഉമിച്ചിയിൽ യാതൊരു മാനദണ്ഡവും പാലിക്കാതെ ഏക്കർ കണക്കിന് സ്ഥലത്ത് ചെങ്കൽ ക്വാറി നടത്തിവരുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സർക്കാറിന് യാതൊരു വരുമാനവും നൽകാതെ അനിയന്ത്രിതമായി നടത്തുന്ന ഖനനം മൂലം പ്രദേശത്ത് പല പാരിസ്ഥിതിക പ്രശ്നങ്ങളും ഉയർന്നുവരുന്നതായി നാട്ടുകാർ ആരോപിച്ചിരുന്നു. പരിശോധനയിൽ ഒരു ടിപ്പർ ലോറി പിടിച്ചെടുത്തു. ലൈസൻസില്ലാതെ ഖനനം നടത്തുന്ന സ്ഥലങ്ങളിൽ തുടർന്നും പരിശോധന ഉണ്ടാകും. ഇന്ന് പരിശോധിച്ച ഏക്കർ കണക്കിന് സ്ഥലങ്ങളിൽ സർക്കാർ ഭൂമിയടക്കമുണ്ടോയെന്നത് കൂടുതൽ പരിശോധനയിൽ മാത്രമെ വ്യക്തമാകുകയുള്ളുവെന്ന് വിജിലൻസ് അറിയിച്ചു. .അസി. സബ് ഇൻസ്പെക്ടർമാരായ വി.എം.മധുസൂദനൻ, പി.വി.സതീശൻ സീനിയർ സിവിൽ പോലീസ് ഓഫിസർമാരായ കെ.വി.ജയൻ, രതീഷ് ജില്ലാ പഞ്ചായത്ത് അസി.എൻജിനിയർ ബി. വൈശാഖ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |