പെരിങ്ങോം: പെരിങ്ങോംവയക്കര പഞ്ചായത്തിലെ പെരിന്തട്ടയിൽ കാവിൻമുഖത്ത് പടക്കനിർമ്മാണ ശാല വരുന്നതിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ. നാട്ടുകാരുടെ ആശങ്ക കണക്കിലെടുക്കാതെ പെരിന്തട്ട സൗത്ത് സ്കൂളിനടുത്ത് പടക്കനിർമ്മാണ ശാല സ്ഥാപിക്കുന്നതിന് റവന്യൂവകുപ്പ് അനുമതി നൽകുകയായിരുന്നു. ഇരുപത്തഞ്ചോളം കുടുംബങ്ങൾ താമസിക്കുന്ന ഈ സ്ഥലത്ത് നോക്കെത്താദൂരത്തോളം ജനവാസമില്ലെന്ന തട്ടിക്കൂട്ട് റിപ്പോർട്ടിന്റെ മറവിലാണ് അനുമതി നൽകിയതെന്ന് നാട്ടുകാർ ആരോപിക്കുന്നു.
പ്രാഥമികാരോഗ്യ കേന്ദ്രവും കെ. എസ്. ഇ.ബി.യുടെ 220 കെ.വി. എച്ച്.ടി ലൈനും പാടശേഖരത്തിലൂടെ കടന്നുപോകുന്ന നീർച്ചാലും ഇവിടെയുണ്ട്.ഇതിന്റെ ഭാഗമായി നടത്തിയ ഹിയറിംഗ് റിപ്പോർട്ടിൽ റവന്യൂ അധികൃതർ 153 മീറ്റർ ചുറ്റളവിൽ മനുഷ്യവാസമില്ലെന്ന് റിപ്പോർട്ട് നൽകിയെന്ന വിവരവും പുറത്തുവരുന്നുണ്ട്.എക്സ് പ്ളോസീവ് ലൈസൻസ് നേടാനാണ് ഈ തട്ടിക്കൂട്ട് റിപ്പോർട്ടുണ്ടാക്കിയതെന്നാണ് പരിസരവാസികളുടെ ആക്ഷേപം.
പുതിയ വ്യവസായ സംരംഭങ്ങൾക്ക് മൂന്നുവർഷത്തേക്ക് ലൈസൻസ് വേണ്ടെന്ന വ്യവസായ സൗഹൃദ പദ്ധതിയുടെ മറപിടിച്ചാണ് പടക്കനിർമ്മാണശാലയ്ക്ക് അനുമതി ലഭിച്ചതെന്നാണ് വിവരം.
തീപിടിക്കും ആധി
പെരിന്തട്ടയിലെ ജനവാസ മേഖലയിൽ പടക്ക നിർമ്മാണശാലക്ക് അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് പരിസരവാസികൾ കഴിഞ്ഞ വർഷം ജില്ലാ കളക്ടർക്ക് പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് പരിശോധിച്ച ശേഷം മാത്രമെ തുടർനടപടികൾ സ്വീകരിക്കുകയുള്ളൂവെന്ന് കളക്ടർ ഇവർക്ക് ഉറപ്പും നൽകിയിരുന്നു.
എന്നാൽ കഴിഞ്ഞ ജനുവരിയിൽ പടക്ക നിർമാണശാല അനുവദിക്കുന്നതിന് തടസമുണ്ടെങ്കിൽ അറിയിക്കണമെന്ന കളക്ടറേറ്റിലെ നോട്ടീസ് കണ്ടപ്പോഴാണ് പടക്ക നിർമാണത്തിനായി ചരടുവലിക്കുന്നവർ പിടിമുറുക്കിയതായി മനസിലാക്കി പരിസര വാസികൾ വീണ്ടും പരാതിയുമായി രംഗത്തെത്തിയത്.റവന്യൂ അധികൃതരുടെ വാക്കുകൾക്ക് ചെവികൊടുക്കാതെ ശക്തമായ പോർമുഖം തുറക്കാനുള്ള ഒരുക്കത്തിലാണ് പരിസര വാസികൾ.ഇതിനായി ലഘുലേഖവിതരണം, പോസ്റ്റർ പ്രചരണം എന്നിവ നടത്തിയ പരിസരവാസികൾ നിലനിൽപ്പിനായുള്ള പോരാട്ടത്തിന്റെ ഭാഗമായി പഞ്ചായത്തിലേക്ക് മാർച്ച് നടത്താനൊരുങ്ങുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |