ഇന്ന് ലോക ക്ഷയരോഗ ദിനം
കണ്ണൂർ:ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം ജില്ലയിൽ ഒരു വർഷം 3200ന് മുകളിൽ പേർക്ക് ക്ഷയരോഗികൾ പുതുതായി ഉണ്ടാകുന്നുവെന്ന് സ്ഥിരീകരണം. കഴിഞ്ഞ രണ്ടുവർഷവും 1500ന് മുകളിലാണ് ആരോഗ്യവകുപ്പിന് ലഭിച്ച കണക്കെങ്കിലും ആളുകൾ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് ആശുപത്രികളിലെത്താത്തതും എത്തുന്നവരെ ക്ഷയരോഗ പരിശോധനയ്ക്ക് വിധേയരാക്കാത്തതും കണക്കിലെടുക്കുമ്പോൾ എണ്ണം ഇതിന്റെ ഇരട്ടിയോളം എത്തുന്നുണ്ടെന്നാണ് അധികൃതർ തന്നെ സമ്മതിക്കുന്നത്.
ക്ഷയരോഗ നിർമ്മാർജ്ജനത്തെ തടസ്സപ്പെടുത്തുന്നതാണ് ഈ സാഹചര്യം. സ്വകാര്യ ആരോഗ്യ മേഖലയിൽ ചികിത്സ തേടുന്നവരും കണക്ക് നൽകുന്നതിൽ പിറകിൽ നിൽക്കുന്നുണ്ട്.കേരളത്തിൽ ക്ഷയരോഗികളുടെ എണ്ണവും മരണ നിരക്കും കുറഞ്ഞു വരികയാണെങ്കിലും വർദ്ധിച്ചു വരുന്ന പ്രമേഹ രോഗികളുടെ എണ്ണവും പുകയില ഉപയോഗവും അന്യ സംസ്ഥാന തൊഴിലാളികൾ ധാരാളമായെത്തുന്നതും വെല്ലുവിളിയാകുന്നുണ്ട്.
സർക്കാർ കണക്കിൽ കുറവുണ്ട്
ജില്ലയിൽ 18 വയസ്സിൽ താഴെയുള്ളവരിൽ ടി.ബി മൂന്ന് ശതമാനത്തോളമായിരുന്നു 2015ൽ . എന്നാൽ ഇത് നിലവിൽ ഒരു ശതമാനമായി കുറഞ്ഞിട്ടുണ്ട്.ക്ഷയരോഗ നിർമ്മാർജ്ജനത്തിനായി ഓരോ ക്ഷയ രോഗിയെയും കണ്ടെത്തി ചികിത്സിക്കുന്നതിന് കേന്ദ്ര സർക്കാർ ക്ഷയ രോഗത്തെ നോട്ടിഫൈഡ് രോഗമായി 2012 ൽ പ്രഖ്യാപിച്ചിട്ടുണ്ട്.സർക്കാർ ആശുപത്രികൾ,ലാബുകൾ,സ്വകാര്യ ആശുപത്രികൾ,ലാബുകൾ,അർദ്ധ സർക്കാർ ,സ്വയം ഭരണ സ്ഥാപനങ്ങൾ എന്നിങ്ങനെ ഒരു ക്ഷയരോഗിയെ കണ്ടെത്തിയാൽ അത് നിക്ഷയ് എന്ന വെബ്സൈറ്റിൽ രോഗിയുടെ വിവരം രേഖപ്പെടുത്തുകയോ ആരോഗ്യ വകുപ്പിനെ അറിയിക്കുകയോ ചെയ്യേണ്ടതാണെന്നും ഈ ഉത്തരവിൽ പറയുന്നു.ശരീരത്തിൽ പ്രകടമല്ലാത്ത ക്ഷയരോഗാണു ബാധിതരെ കണ്ടെത്തി പ്രതിരോധ മരുന്നുകൾ നൽകുന്ന പരിപാടികൾക്കും തുടക്കമായിട്ടുണ്ട്.
2021 ൽ 23,117 പേരെ പരിശോധിച്ചതിൽ നിന്നും 1838 പേർക്ക് ടി.ബി കണ്ടെത്തിയിട്ടുണ്ട്.2022 ൽ 3500 പേരെ പരിശോധിച്ചതിൽ നിന്ന് 1600 പേർക്കാണ് കണ്ടെത്തിയത്.പ്രതിരോധ പ്രവർത്തനങ്ങൾ വഴി രോഗികളുടെ എണ്ണം ജില്ലയിൽ കുറച്ചു കൊണ്ടുവരാൻ സാധിച്ചിട്ടുണ്ട്.
ഡോ.ജി.അശ്വിൻ,ജില്ലാ ടി.ബി.ഒാഫീസർ
കണക്കിൽ കണ്ണൂർ
2023ൽ പരിശോധിച്ചത് 35794
ടി.ബി സ്ഥിരീകരിച്ചത് 1600
സംസ്ഥാന ശരാശരി 1ലക്ഷത്തിൽ 75 രോഗികൾ
ചികിത്സ തേടാത്ത രോഗി ഒരു വർഷം പതിനഞ്ച് രോഗികളെ സൃഷ്ടിക്കുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |