കണിച്ചാർ:കണിച്ചാർ ആറ്റാംചേരിയിൽ പുലിയെ കണ്ടെന്ന പ്രദേശവാസിയുടെ വെളിപ്പെടുത്തൽ നാട്ടുകാരെ വീണ്ടും ഭീതിയിലാഴ്ത്തി. ചൊവ്വാഴ്ച സന്ധ്യയോടെ പ്രദേശവാസിയായ മാർട്ടിയോ വടക്കേമുളഞ്ഞിനാനാണ് പുലിയെ കണ്ടതായി അവകാശപ്പെട്ടത്.എന്നാൽ
വിവരമറിഞ്ഞെത്തിയ വനപാലകർ രാത്രി തന്നെ പ്രദേശത്ത് ഏറെ നേരം പരിശോധിച്ചെങ്കിലും പുലിയെ കണ്ടെത്താനായില്ല. പുലി എത്തിയതിന്റെ അടയാളങ്ങൾ കണ്ടെത്താനായില്ലെന്നും വനപാലകർ പറഞ്ഞു.
കൊട്ടിയൂർ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സജീവ് കുമാറിന്റെ നേതൃത്വത്തിൽ പത്ത് വനംവകുപ്പുദ്യോഗസ്ഥർ ഇന്നലെ രാവിലെ മുതൽ ആറ്റാംചേരിയിലും കോട്ടക്കുന്ന് ഉൾപ്പെടെയുള്ള പരിസര പ്രദേശങ്ങളിലും വീണ്ടും തിരച്ചിൽ നടത്തി. ഈ സംഘവും പുലി സാന്നിദ്ധ്യം സ്ഥിരീകരിക്കാൻ തയ്യാറായില്ല.
പ്രദേശത്ത് തുടർച്ചയായി മൂന്നാം തവണയും പുലിയെ കണ്ടുവെന്ന അഭ്യൂഹം പരന്നത് നാട്ടുകാർ വലിയ ആശങ്ക പരത്തിയിരിക്കുകയാണ്.ഇരുട്ട് മാറുന്നതിന് മുമ്പ് ചെയ്യുന്ന ടാപ്പിംഗ് അടക്കമുള്ള ജോലികൾ തീർത്തും മുടങ്ങിയ സാഹചര്യത്തിൽ വലിയ പ്രതിസന്ധിയാണ് ഇവർ അനുഭവിക്കുന്നത്.
കൊട്ടിയൂരിൽ വന്യജീവി വാഹനമിടിച്ച നിലയിൽ
കൊട്ടിയൂർ: കൊട്ടിയൂർ അമ്പായത്തോടിന് സമീപം തീപ്പൊരിക്കുന്നിൽ വാഹനമിടിച്ച് വന്യജീവി ചത്തു. ഇന്നലെ രാവിലെ ആറുമണിയോടെയാണ് ജഡം മലയോര ഹൈവേയിൽ കണ്ടത്.വിവരം അറിഞ്ഞെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ ജഡം കണ്ടപ്പുനം ഫോറസ്റ്റ് ഓഫീസിലേക്ക് മാറ്റി. ചത്തത് കാട്ടുപൂച്ചയാണെന്നും നടപടിക്രമമനുസരിച്ച് പോസ്റ്റ്മോർട്ടം നടത്തുമെന്നും കൊട്ടിയൂർ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സജീവ് കുമാർ പറഞ്ഞു.
പുലി ഇറങ്ങിയതായി കൃത്യമായ ഒരു സ്ഥിരീകരണം വനംവകുപ്പ് നൽകിയിട്ടില്ല. എന്നാൽ പുലിയെ കണ്ടതായുള്ള നാട്ടുകാരിൽ ചിലരുടെ വെളിപ്പെടുത്തലുള്ള സാഹചര്യത്തിൽ പുലർച്ചെ ജോലിക്കിറങ്ങുന്ന ടാപ്പിംഗ് തൊഴിലാളികളും നാട്ടുകാരും ജാഗ്രത പാലിക്കണം- വാർഡ് മെമ്പർ സുനി ജസ്റ്റിൻ
ആറ്റാംചേരിയിൽ പുലി വന്ന് കിടന്നതിന്റെ യാതൊരു അടയാളവും, തെളിവും കണ്ടെത്താൻ കഴിഞ്ഞില്ല. പുലിയെ കണ്ടതായി പ്രദേശവാസികൾ പറഞ്ഞിട്ട് ഒരാഴ്ചയായായി. പുലി വന്നിട്ടുണ്ടെങ്കിൽ സമീപത്തു നിന്നും ഇരപിടിക്കാതെ അതിന് തങ്ങാൻ കഴിയില്ല. അങ്ങനെയുള്ള യാതൊരു ലക്ഷണവും ഇവിടെ കാണാൻ കഴിഞ്ഞിട്ടില്ല. പ്രദേശവാസികൾ കണ്ടെന്ന് പറയുന്ന ജീവി പുലിയാകാനുള്ള സാദ്ധ്യതയില്ല-കൊട്ടിയൂർ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സജീവ് കുമാർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |