വർണവസന്തം സൃഷ്ടിച്ച് 15000 ഓളം ചെടികളും ഔഷധ, ഫല സസ്യങ്ങളും അക്വേറിയം കാഴ്ചകളും
കണ്ണൂർ : കണ്ണും മനസും നിറയുന്ന വർണവിസ്മയക്കാഴ്ചകളുമായി അഗ്രി ഹോർട്ടി കൾച്ചർ സൊസൈറ്റിയുടെ പുഷ്‌പ്പോത്സവം. വിവിധ ദേശങ്ങളിൽ നിന്നുമുള്ള വൈവിദ്ധ്യമേറിയ പൂക്കളുടെ ഭംഗി ആസ്വദിക്കാൻ നൂറുകണക്കിനാളുകളാണ് ആളുകൾ ഒഴുകി എത്തുകയാണ്. പൂച്ചെടികളും ഫല വൃക്ഷ തൈകളും വാങ്ങാൻ എത്തുന്നവരും നയന മനോഹര കാഴ്ചകൾ കാണാനെത്തുന്നവരും ഇതിൽ പെടുന്നു. 12000 ചതുരശ്ര അടിയിൽ വൈവിധ്യങ്ങളാർന്ന 15000 ഓളം ചെടികളും ഔഷധ, ഫല സസ്യങ്ങളുമാണ് പൊലീസ് മൈതാനിയിൽ ഒരുക്കിയിരിക്കുന്നത്. സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങളുടെ പവലീയനുകൾ, അമ്പതിലേറെ നഴ്സറി സ്റ്റാളുകൾ, കുട്ടികൾക്കായുള്ള അമ്യൂസ്മെന്റ് പാർക്കുകൾ, വ്യത്യസ്തങ്ങളായ അലങ്കാര മത്സ്യങ്ങൾ എന്നിവയും പ്രദർശന മേളയുടെ മാറ്റ് കൂട്ടുന്നു. വ്യത്യസ്ത കാഴ്ചകൾ കാണാൻ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ആൾക്കാർ എത്തുന്നുണ്ട്.
താരമായി ഇരപിടിക്കും ചൈനക്കാരൻ
ഉറുമ്പുകളെയും ചെറുപ്രാണികളെയും സ്വയം പിടിച്ചു ഭക്ഷിക്കുന്ന ചൈനക്കാരനായ ഇരപിടിയൻ ചെടിയാണ് മേളയിലെ താരം. മനോഹരമായ ബോൺസായികളും ഒറ്റ ചെടിയിൽ നിന്നും വ്യത്യസ്ത നിറത്തിലുള്ള പൂക്കൾ വിടരുന്ന ബോഗൻ വില്ലറും ആളുകളെ ആകർഷിക്കുന്നുണ്ട്. സ്വദേശികളെക്കാൾ ഏറെ വിദേശി ഇനങ്ങൾക്കാണ് ആവശ്യക്കാരുള്ളത്. ട്രോപ്പിക്കൽ അവോകാഡോ, ഇസ്രായേൽ ഫിഗ്, അഭിയു, മിൽക്ക് ഫ്രൂട്ട്, കമ്പോഡിയൻ പ്ലാവ്, വാഡ സിങ്കപ്പൂർ, ജബോട്ടിക്ക, സ്ട്രോബറി തുടങ്ങിയ വിദേശ ഫല വൃക്ഷ തൈകൾക്കും ആവശ്യക്കാരേറെയുണ്ട്.
ജനകീയോത്സവമാക്കി കണ്ണൂരുകാർ
കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ആകർഷിക്കുന്നതാണ് ഇക്കുറിയും പുഷ്‌പ്പോത്സവം .സാലഡ് മേക്കിംഗ്, പാചക മത്സരങ്ങൾ തുടങ്ങി കുട്ടികൾക്കും മുതിർന്നവർക്കുമായുള്ള വിവിധ മത്സരങ്ങളും ബോധവത്ക്കരണ ക്ലാസ്സുകളും അനുബന്ധമായി സംഘടിപ്പിക്കുന്നുണ്ട്. ഇതിനകം തന്നെ പുഷ്‌പ്പോത്സവം ജനകീയോത്സവമാക്കി മാറ്റിയിരിക്കുകയാണ് കണ്ണൂരുകാർ. ഈ മാസം 27 വരെയാണ് പുഷ്പോത്സവം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |