പയ്യന്നൂർ: പെരിയ ഡോ. ബി.ആർ അംബേദ്കർ ആർട്സ് ആന്റ് സയൻസ് കോളേജിൽ സ്ഥാപിക്കുന്നതിനായി, ഇന്ത്യൻ ഭരണഘടന ശില്പി ഡോ. ബി.ആർ. അംബേദ്കറുടെ പൂർണ്ണകായ ശിൽപം ഒരുങ്ങി. ഭരണഘടന ഗ്രന്ഥം കൈയിലേന്തി അനീതിക്കും സാമൂഹിക അസമത്വത്തിനുമെതിരെ വിരൽ ചൂണ്ടുന്ന മാതൃകയിൽ സ്വതസിദ്ധമായ രീതിയിൽ പാന്റ്, കോട്ട്, ഷൂസ്, കണ്ണട എന്നിവ ധരിച്ച് പോക്കറ്റിൽ പേനയുമായി ഒമ്പതടി ഉയരത്തിൽ നിൽക്കുന്ന രൂപത്തിൽ വെങ്കല നിറത്തിൽ ഫൈബർ ഗ്ലാസിലാണ് ശിൽപം നിർമ്മിച്ചിട്ടുള്ളത്.
അദ്ദേഹത്തിന്റെ ഫോട്ടോകളും വീഡിയോകളും മറ്റും സൂക്ഷ്മമായി നിരീക്ഷിച്ച് മൂന്ന് മാസം സമയമെടുത്ത് ശിൽപി ചിത്രൻ കുഞ്ഞിമംഗലമാണ് ശിൽപം ഒരുക്കിയത്. കോളേജ് എൻ.എസ്.എസ്. യൂനിറ്റ് 67ന്റെ നേതൃത്വത്തിലാണ് ശിൽപം സ്ഥാപിക്കുന്നത്. കോളേജ് അധികൃതർ നിർമ്മാണത്തിനാവശ്യമയ നിർദ്ദേശങ്ങൾ നൽകിയിരുന്നു. കോളേജിന് മുന്നിൽ നിർമ്മിച്ച അഞ്ചടി വിസ്താരമുള്ള ഗ്രാനൈറ്റ് പീഠത്തിലാണ് ശിൽപം സ്ഥാപിക്കുക. 28ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി. ശിൽപം അനാച്ഛാദനം ചെയ്യും. കാസർകോട് ജില്ലാ സബ് ജഡ്ജ് രുക്മ എസ്. രാജ് മുഖ്യാതിഥിയായി പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |