പയ്യന്നൂർ: മിതത്വം, പൊള്ളുന്ന വിഷയങ്ങളിൽ പോലും വിനയം കലർന്ന ആഖ്യാനരീതി, ഭാഷാശുദ്ധി - പ്രഭാഷകൻ എന്ന നിലയിൽ മികച്ച മാതൃകയായാണ് പി.അപ്പുക്കുട്ടൻ മാസ്റ്ററെ വടക്കെമലബാർ മുന്നോട്ടുവെക്കാറുള്ളത്.
പ്രശ്നങ്ങളെ ഇഴകീറിയുള്ള വിശകലനം, പ്രദേശത്തിന്റെ രാഷ്ട്രീയ സാംസ്‌കാരിക പാരമ്പര്യവുമായി ബന്ധപ്പെടുത്തൽ, വർത്തമാനകാലത്തോടുള്ള പ്രതികരണം, സാഹിത്യകൃതികളിൽ നിന്നുള്ള ഉദാഹരണങ്ങൾ എന്നിവ നിറഞ്ഞതായിരിക്കും ആ പ്രഭാഷണം.
ചെറിയ കാലമല്ല, ആറ് പതിറ്റാണ്ടോളമാണ് അപ്പുക്കുട്ടൻ മാസ്റ്റർ ഇങ്ങനെ സംസാരിച്ച് സദസിനെ പിടിച്ചുനിർത്തുകയും ചിന്തിപ്പിക്കുകയും ചെയ്തിട്ടുള്ളത്. സാഹിത്യനിരൂപകനായും സംഗീത നാടക അക്കാഡമി സെക്രട്ടറിയായും സാംസ്കാരിക,സാഹിത്യരംഗങ്ങളിൽ നിറഞ്ഞുനിൽക്കുകയായിരുന്നു ഇത്രയും കാലം. സാർവ്വദേശീയത ഉൾക്കൊള്ളുന്ന മാർകിസിസ്റ്റ് വീക്ഷണമാണ് അദ്ദേഹത്തെ കൂടുതലായും ആകർഷിച്ചത്. വിദ്യാർത്ഥിയായിരിക്കെ അന്നൂർ സഞ്ജയൻ സ്മാരക വായനശാലയിൽ സ്ഥിരമായി എത്തിയിരുന്ന അദ്ദേഹം അക്കാലത്ത് നവോത്ഥാന സാഹിത്യ കൃതികളാണ് അധികവും വായിച്ചിരുന്നത്. ദേശവും ദേശക്കാരും സഞ്ജയൻ വായനശാലയും അപ്പുക്കുട്ടൻ മാസ്റ്റർക്ക് എന്നും നിറമുള്ള ഓർമ്മകളായിരുന്നു. സായാഹ്നങ്ങളിൽ വീട്ടിൽ നിന്ന് വായനശാലയിലേക്കും വായന കഴിഞ്ഞ് തിരികെയുമുള്ള മാഷിന്റെ യാത്രകൾ അന്നൂരിന് ഒരിക്കലും മറക്കാനാത്ത സാംസ്കാരിക കാഴ്ചയായി ബാക്കി നിൽക്കുമെന്നുറപ്പാണ്. അദ്ധ്യാപകൻ, സാഹിത്യനിരൂപകൻ, സാംസ്‌കാരിക പ്രഭാഷകൻ, നാടകപ്രവർത്തകൻ, കലാസ്വാദകൻ, സംഘാടകൻ എന്നിങ്ങനെ ബഹുമുഖങ്ങളോടെ വടക്കൻ കേരളത്തിൽ അപ്പുക്കുട്ടൻ മാസ്റ്റർ കടന്നുചെന്നിട്ടില്ലാത്ത പ്രദേശങ്ങൾ ഇല്ലെന്ന് തന്നെ പറയാം. .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |