ഇരിട്ടി: കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് 8ന് നടക്കുന്ന നെയ്യാട്ടത്തിനായി വ്രതം നോൽക്കുന്ന വിവിധ മഠങ്ങളിലെ ഭക്തസംഘങ്ങൾ കലശംകുളിച്ച് മഠങ്ങളിൽ പ്രവേശിച്ച് കഠിനവ്രതം ആരംഭിച്ചു. കഴിഞ്ഞ പ്രക്കൂഴം നാൾതൊട്ടാണ് നെയ്യമൃത് സംഘങ്ങൾ വ്രതം ആരംഭിച്ചത്. ഞായറാഴ്ച കലശം കുളിച്ച് മഠങ്ങളിൽ കയറിയതോടെ വരുന്ന ഏഴുനാളുകൾ കഠിനവ്രതമാണ് ഇവർ നയിക്കുക.
ഇരിട്ടി മേഖലയിൽ കീഴൂർ ഇടവയിലെ കീഴൂർ, പുന്നാട് കുഴുമ്പിൽ, മുഴക്കുന്നിലെ പാല, വട്ടക്കയം, ചാവശ്ശേരി, തില്ലങ്കേരി, മുരിങ്ങോടി, തിരുവോണപ്പുറം, ആറളം മഠങ്ങളിലെ നെയ്യമൃത് വ്രതക്കാർ ഞായറാഴ്ച രാവിലെ അതാതിടങ്ങളിൽ നടന്ന ചടങ്ങുകളിൽ കലശം കുളിച്ചാണ് കഠിനവ്രതം ആരംഭിച്ചത്.
കീഴൂർ മഹാദേവക്ഷേത്രത്തോടനുബന്ധിച്ച കീഴൂർ മഠത്തിൽ മഠം കാരണവർ പി.ആർ. ഉണ്ണികൃഷ്ണൻ നമ്പ്യാരുടെ നേതൃത്വത്തിൽ 28 പേരാണ് വ്രതം നോൽക്കുന്നത്. ഇവിടെ നടന്ന കലശം കുളി ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട് കാർമ്മികത്വം വഹിച്ചു. പുന്നാട് കുഴുമ്പിൽ മഠത്തിൽ നിട്ടൂർ ഗോവിന്ദൻ നമ്പ്യാരുടെ നേതൃത്വത്തിൽ 19 പേരാണ് മഠത്തിൽ പ്രവേശിച്ചത്. തില്ലങ്കേരി മഠത്തിൽ കാരണവർ വിലങ്ങേരി പദ്മനാഭൻ നമ്പ്യാരുടെ നേതൃത്വത്തിൽ 54 പേരാണ് ഇക്കുറി നെയ്യമൃത് സംഘത്തിൽ ഉള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |