നീലേശ്വരം: ഒളവറ പുഴയും ചിത്താരിപ്പുഴയും അതിരിടുന്ന പഴയ അള്ളടസ്വരൂപത്തിലെ തെയ്യക്കാലത്തിന് സമാപനം കുറിച്ച് നീലേശ്വരം മന്നൻ പുറത്ത് കാവിലമ്മയും പരിവാരദേവതകളായ ക്ഷേത്രപാലകനും നടയിൽ ഭഗവതിയും കൈക്കോളൻ തെയ്യവും ക്ഷേത്രപ്രദക്ഷിണം പൂർത്തിയാക്കി അനുഗ്രഹം ചൊരിഞ്ഞ് മുടിയെടുത്തു. കാവുകളിലും കഴകങ്ങളിലും ദേവസ്ഥാനങ്ങളിലും തെയ്യങ്ങളുടെ ചിലമ്പൊച്ച മുഴങ്ങാൻ ഇനി അടുത്ത തുലാപ്പത്തുവരെ കാത്തിരിപ്പാണ്.
ഇന്നലെ രാവിലെ വടക്കെ കളരിയിൽ നിന്നും നിത്യ കലശവും പോത് കലശവും ക്ഷേത്രത്തിൽ എത്തി. പത്ത് മണിയോടു കൂടി കോലധാരികൾ ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു.തിരുവർക്കാട്ട് ഭഗവതിയുടെ കോലധാരിയായ സുരേഷ് ബാബു അഞ്ഞൂറ്റാൻ വടക്കെ കളരിയിലെത്തി കലശത്തെ വന്ദിച്ചാണ് വിധി പ്രകാരം കാവിലെത്തിയത്. ക്ഷേത്രപാലകന്റെ കോലധാരിയായ കിണാവൂർ രാജീവൻ നേണിക്കം, നടയിൽ ഭഗവതിയുടെ കോലധാരിയായ പ്രസാദ് കർണ്ണമൂർത്തി എന്നിവർ തെക്കെ കളരിയിലെത്തി കലശത്തെ വന്ദിച്ചും ക്ഷേത്രത്തിലെത്തി. തുടർന്ന് ഉച്ചത്തോറ്റം നടന്നു.
ഉച്ചത്തോറ്റത്തിന് ശേഷം വടക്ക്,തെക്ക് കളരികളിൽ നിന്ന് മാറ്റിൽ പൊതിഞ്ഞ അലങ്കരിച്ച കലശങ്ങൾ ക്ഷേത്രത്തിലെത്തി. വടക്കെ കളരിയിൽ നിന്നുള്ള കലശം ക്ഷേത്രത്തിൽ പ്രവേശിച്ചതിന് പിന്നാലെ ആര്യക്കര ഭഗവതി ക്ഷേത്രത്തിൽ നിന്നും മീൻ കോവയുമേന്തി സ്ഥാനികരും വാല്യക്കാരും ആർപ്പ് വിളിയോടെ കാവിൽ പ്രവേശിച്ചു.പിന്നാലെ ജന്മ കണിശൻ കുട സമർപ്പണം നടത്തി. പ്രസന്ന പൂജയ്ക്ക് ശേഷം എറുവാട്ടച്ഛൻ നാളികേരമുടച്ചതിന് പിന്നാലെ തിരുവർക്കാട്ട് ഭഗവതി, ക്ഷേത്രപാലകൻ എന്നീ തെയ്യങ്ങളുടെ തിരുമുടി ഉയർന്നതിനൊപ്പം വടക്ക്, തെക്ക് കളരികളിലെ കലശങ്ങൾ ചുമലിലേറ്റിയ വാല്യക്കാർ ആർപ്പുവിളിയോടെ ക്ഷേത്രത്തെ വലം വെച്ചു. നടയിൽ ഭഗവതി,കൈക്കളോൻ തെയ്യം എന്നീ തെയ്യങ്ങളും ഒപ്പം ക്ഷേത്ര പ്രദക്ഷിണം നടത്തി.മഴ മാറിനിന്ന വൈകുന്നേരം ആയിരങ്ങളാണ് ഇന്നലെ കലശം കാണാൻ ക്ഷേത്രത്തിലെത്തിയത്.. ഇന്ന് ക്ഷേത്രം തന്ത്രി മയ്യിൽ വാഴുന്നവരുടെ കാർമ്മികത്വത്തിൽ ശുദ്ധികലശം നടത്തും. പ്രശസ്തമായ കലശചന്തയിലേക്കും ആയിരങ്ങൾ എത്തിച്ചേരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |