കാസർകോടൻ കടൽത്തീരങ്ങളിലെ കടലാക്രമണത്തിന്റെ ശക്തി കുറക്കുന്നതിനുള്ള പ്രധാന നിർദ്ദേശങ്ങളിൽ ഒന്നായിരുന്നു കോട്ടിക്കുളം - ബേക്കൽ ഹാർബർ സ്ഥാപിക്കണമെന്ന നിർദ്ദേശം. കോട്ടിക്കുളം വില്ലേജിലെ തൃക്കണ്ണാട് ക്ഷേത്രത്തിന് തെക്കുഭാഗം മുതൽ ബേക്കൽ ശ്രീ കുറുംബ ഭഗവതി ക്ഷേത്രം അതിരുവരെയുള്ള തീരങ്ങൾക്ക് സമീപത്തായി തുറമുഖം സ്ഥാപിക്കാമെന്ന് വകുപ്പ് ധാരണയിലും എത്തിയിരുന്നു.
ഉദുമ, പള്ളിക്കര ഗ്രാമപഞ്ചായത്തുകളിലെ ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികളുടെയും ആയിരക്കണക്കിന് അനുബന്ധ തൊഴിലാളികളുടെയും ഏറെ നാളത്തെ ആവശ്യമായിരുന്നു ഹാർബർ. ഹാർബർ സ്ഥാപിക്കുന്നതിനായി നൽകിയ ബേക്കലം ശ്രീ കുറുംബ ഭഗവതി ക്ഷേത്രം ഭരണസമിതി നിവേദനത്തിന് 2015 സെപ്റ്റംബർ 28 ന് പരിഗണിച്ച കേരള നിയമസഭയുടെ മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും ക്ഷേമം അന്വേഷിക്കുന്ന സമിതി തുറമുഖ വകുപ്പ് പച്ചക്കൊടി കാണിച്ച കാര്യം രേഖാമൂലം അറിയിച്ചിരുന്നു. തുടർന്ന് അഡ്വ.സി.എച്ച് കുഞ്ഞമ്പു എം.എൽ.എ രക്ഷാധികാരിയും ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി ചെയർപേഴ്സണും വി.ആർ സുരേന്ദ്രനാഥ് വർക്കിംഗ് ചെയർമാനും വി പുരുഷോത്തമൻ ജനറൽ കൺവീനറുമായി കോട്ടിക്കുളം- ബേക്കൽ മിനി ഹാർബർ ആക്ഷൻ കമ്മിറ്റിയും നിലവിൽ വന്നു. ഈ വർഷം മാർച്ചിൽ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് ആക്ഷൻ കമ്മിറ്റി വീണ്ടും ഹാർബറിന്റെ കാര്യം ശ്രദ്ധയിൽപ്പെടുത്തി.എന്നാൽ ഇതുവരെ ഇതിന്മേൽ നടപടികളൊന്നും എടുത്തിട്ടില്ല.
67 ലക്ഷം വെള്ളത്തിലാക്കി സാദ്ധ്യതാപഠനം
കോട്ടിക്കുളം ബേക്കൽ മിനി ഹാർബറായി അന്വേഷണവും ഗവേഷണവും നടത്താൻ 67 ലക്ഷം രൂപയുടെ എസ്റ്റിമേറ്റിന് ഭരണാനുമതി ലഭിച്ചിരുന്നു. മത്സ്യതൊഴിലാളി ക്ഷേമത്തിനുള്ള നിയമസഭ സമിതിയാണ് അണ്ടർ സെക്രട്ടറി പി.ആർ മുരളീധരൻ ഇക്കാര്യം അറിയിച്ചതായി ബേക്കലം ശ്രീ കുറുംബ ഭഗവതി ക്ഷേത്രം ഭരണസമിതിക്ക് മറുപടി നൽകിയത്. ഈ തുക ഉപയോഗിച്ച് ചെന്നൈയിൽ നിന്നുള്ള സംഘം പോസ്റ്റ് മൺസൂൺ സമയ സർവേയും ബീച്ചുകളുടെ സാദ്ധ്യതയും സംബന്ധിച്ച് പഠനം നടത്തി.
എന്നാൽ 2024 ഏപ്രിലിൽ തുറമുഖ വകുപ്പ് പ്രിൻസിപ്പൾ സെക്രട്ടറി വിളിച്ചുചേർത്ത യോഗം ഇവിടെ മിനി ഹാർബർ തൽക്കാലം പരിഗണിക്കേണ്ടെന്ന തീരുമാനത്തിലെത്തി. അജാനൂർ ഹാർബറുമായി 10 കിലോമീറ്റർ അധികം ദൂരം ഇല്ലെന്നാണ് ഇതിന് കാരണമായി പറഞ്ഞത്. ഇതോടെയാണ് പഠനസംഘം ഇൻവെസ്റ്റിഗേഷൻ നിർത്തി
ഏഴു വർഷത്തിനുള്ളിൽ 51 മരണം
കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ മേഖലയിൽ നിന്നുള്ള 51 മത്സ്യത്തൊഴിലാളികൾക്കാണ് കടലിൽ വച്ച് ജീവൻ നഷ്ടമായത്. ഇതിന്മേൽ യാതൊരുവിധ നഷ്ടപരിഹാരവും മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ എത്തിയില്ല. ഹാർബർ വന്നാൽ തിരമാലകളുടെ ശക്തി കുറയും . മുന്നറിയിപ്പുകൾ കിട്ടുന്ന മുറക്ക് കടലിന്റെ ഗതി നോക്കി മീൻ പിടിക്കാൻ പോകുന്നതിന് കഴിയുമെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു.
സർക്കാരിനെ വലിയ സാമ്പത്തിക ബാധ്യത ഇല്ലാതെ കോട്ടിക്കുളം ബേക്കൽ മിനി ഹാർബർ സ്ഥാപിക്കാൻ കഴിയും. അടിസ്ഥാനപരമായ എല്ലാ സാഹചര്യങ്ങളും ഇവിടെ അനുകൂലവും ആണ്. 10 കിലോമീറ്റർ ദൂരത്തിനുള്ളിൽ കേരളത്തിൽ നിരവധി മിനി ഹാർബറുകൾ പ്രവർത്തിക്കുന്നുണ്ട്. ഹാർബർ നിർമ്മിക്കുന്നതിന് മുഖ്യമന്ത്രി മുൻകൈയെടുക്കുമെന്ന പ്രതീക്ഷയിൽ തന്നെയാണ് ഞങ്ങൾ.
-വി. ആർ സുരേന്ദ്ര നാഥ് ( ആക്ഷൻ കമ്മിറ്റി വർക്കിംഗ് ചെയർമാൻ )
-വി. പുരുഷോത്തമൻ ( ആക്ഷൻ കമ്മിറ്റി ജനറൽ കൺവീനർ )
അവസാനിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |