കണ്ണൂർ: മേയ് പത്തുമുതൽ ജില്ലയിൽ മയക്കുമരുന്ന് കേസുകളിൽ പിടിയിലായത് 19 പേർ. എം.ഡി.എം.എ, കഞ്ചാവ്, മൊത്താഫിറ്റമിൻ, ബ്രൗൺ ഷുഗർ, ഹെറോയിൻ, ഹൈബ്രിഡ് കഞ്ചാവ്, കെറ്റാമിൻ എന്നിവ കടത്തിയ കേസുകളിലാണ് ഇത്രയും പേരുടെ അറസ്റ്റ്. ലോഡ്ജുകളിൽ താമസിച്ച് വലിയ തോതിൽ വിൽപ്പന നടത്തി വരുന്നവരടക്കം ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ആഴ്ച്ച രാവിലെ ലോഡ്ജിൽ നിന്ന് മയക്കുമരുന്ന് വിൽപ്പന സംഘത്തിലെ മുഖ്യകണ്ണികളെ പിടികൂടിയിരുന്നു.താവക്കരയിലെ ലോഡ്ജിൽ നടത്തിയ പരിശോധനയിലാണ് 18.60 ഗ്രാം എം.ഡി.എം.എയുമായി ഇവർ പിടിയിലായത്. നാല് മയക്കുമരുന്ന് കേസുകളിൽ പിടിയിലായ ജയേഷ് എന്നയാളാണ് ലോഡ്ജിൽ മുറിയെടുത്തത്. നഗരത്തിലെ വിവിധ ഭാഗങ്ങളിൽ സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി വിതരണം ചെയ്യാനെത്തിച്ച മയക്കുമരുന്നാണിതെന്ന് പൊലീസ് പറഞ്ഞു.
ഈ മാസം ആറിന് പഴയങ്ങാടിയിൽ 20.91 ഗ്രാം എം.ഡി.എം.എയുമായി അഞ്ചു യുവാക്കളാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 0.570 ഹൈബ്രിഡ് കഞ്ചാവും 0.570 ഗ്രാം കെറ്റാമിനും 25 മാക്സാലിൽ ടാബ്‌ലെറ്റും പിടികൂടിയിരുന്നു. മേയ് 27ന് കാറിൽ കടത്തുകയായിരുന്ന 7.16 ഗ്രാം ബ്രൗൺ ഷുഗറുമായി അഞ്ച് യുവാക്കളാണ് കൂത്തുപറമ്പിൽ അറസ്റ്റിലായത്.
കഴിഞ്ഞ 19ന് കർണ്ണാടകയിൽ നിന്നുള്ള പച്ചക്കറി വണ്ടിയിൽ നിന്ന് അഞ്ച് ഗ്രാം എം.ഡി.എം.എ കണ്ടെടുത്തിരുന്നു. സംഭവത്തിൽ ലോറി ഡ്രൈവറെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. കഴിഞ്ഞ പത്തിന് പത്ത് കിലോഗ്രാം കഞ്ചാവുമായി രണ്ട് അന്യസംസ്ഥാന തൊഴിലാളികളും പിടിയിലായിരുന്നു .ഒഡിഷയിൽ നിന്നും വൻതോതിൽ കഞ്ചാവ് കേരളത്തിലെത്തിച്ച് വിൽപ്പന നടത്തുന്നവരാണ് അറസ്റ്റിലായത്.
അതിർത്തിയിൽ ജാഗ്രത
കേരള-കർണ്ണാടക അതിർത്തിയിലെ കൂട്ടുപുഴയിൽ പൊലീസ് ശക്തമായ പരിശോധന നടത്തുന്നുണ്ട്. മുൻകാലങ്ങളിൽ മദ്യവും കഞ്ചാവും പുകയില ഉത്പ്പന്നങ്ങളുമാണ് കടത്തിക്കൊണ്ട് വന്നിരുന്നതെങ്കിൽ ഇപ്പോൾ എം.ഡി.എം.എ പോലുള്ള മാരക മയക്കുമരുന്നാണ് കടത്തുന്നത്. അതിനാൽ എല്ലാ ചരക്ക് ലോറികളും പരിശോധിച്ച ശേഷം മാത്രമാണ് കടത്തിവിടുന്നത്.
യുവാക്കൾ തന്നെ
ഒരു മാസത്തിനിടെ അറസ്റ്റിലായ 19 പേരിൽ 17 പേരും 30 വയസിന് താഴെയുള്ളവരാണ്. 19 വയസുമുതലുള്ളവരും ഇതിലുണ്ട്. പഴയങ്ങാടിയിൽ മയക്കുമരുന്ന് പിടിക്കപ്പെട്ട കേസിൽ അഞ്ച് യുവാക്കളാണ് അറസ്റ്റിലായത്. ഇവർ എല്ലാവർക്കും 25 ആണ് പ്രായം. ചൊക്ലി പള്ളിക്കുനിയിൽ മയക്കുമരുന്നുമായി മൂന്ന് യുവാക്കളാണ് അറസ്റ്റിലായത്. കൂത്തുപറമ്പിൽ ബ്രൗൺ ഷുഗറുമായി അഞ്ച് യുവാക്കളും അറസ്റ്റിലായിട്ടുണ്ട്.വിൽപ്പന നടത്തുന്ന യുവാക്കളെല്ലാം മയക്കുമരുന്നിന് അടിമകളാണെന്നും പൊലീസ് പറഞ്ഞു.
ഒരു മാസത്തെ ലഹരിവേട്ട
എം.ഡി.എം.എ 40.12 ഗ്രാം
കഞ്ചാവ് 72.99 കിലോ ഗ്രാം
ഹൈബ്രിഡ് കഞ്ചാവ് 10 ഗ്രാം
കെറ്റാമിൻ 0.57 ഗ്രാം
മെത്താഫിറ്റമിൻ 2,92 ഗ്രാം
ബ്രൗൺ ഷുഗർ 7.16ഗ്രാം
വിവിധ ഹോസ്റ്റലുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തി വരുന്നുണ്ട്. പ്രിൻസിപ്പാൾ, സ്‌കൂൾ അദ്ധ്യാപകർ, വിദ്യാർത്ഥി പ്രതിനിധികൾ, പൊലീസ്, പൊതുജനങ്ങൾ വാർഡ് മെമ്പർ എന്നിവരെ ഉൾപ്പെടുത്തി അൺ ഒഫീഷ്യൽ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.എക്‌സൈസ് അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |