കണ്ണൂർ: വടക്കെ മലബാറിലെ ഏറ്റവും പ്രാധാന തീർത്ഥാടനകേന്ദ്രമായ കൊട്ടിയൂരിലെ വൈശാഖമഹോത്സവത്തിൽ പങ്കെടുക്കാൻ ഇക്കുറിയും ജനം പാടുപെടുന്നു. ട്രാഫിക് കുരുക്കിൽ പെട്ട് മണിക്കൂറുകളാണ്
റോഡിൽ കാത്തുകെട്ടിക്കിടക്കേണ്ടിവന്നത്. റോഡിന്റെ അശാസ്ത്രീയതയും വീതിക്കുറവും അറ്റകുറ്റപ്പണി നടത്താത്തതും കുടിവെള്ള വിതരണ പൈപ്പുകൾക്കായി എടുത്ത കുഴികളുമാണ് ഇക്കുറി കൊട്ടിയൂർ തീർത്ഥാടനത്തിന് വില്ലനായത്.
നിലവിൽ കൊട്ടിയൂരേക്കുള്ള റോഡിന്റെ വീതി 12 മീറ്ററാണ്. ടാറിംഗ് വീതി 5.6 മീറ്ററും.വർഷം കഴിയുന്തോറും കൊട്ടിയൂർ വൈശാഖ മഹോത്സവത്തിനെത്തുന്നവരുടെ തിരക്ക് കൂടി വരുമ്പോൾ ഈ റോഡിന് താങ്ങാവുന്നതിലുമേറെ വാഹനങ്ങളാണ് എത്തുന്നത്. നടപ്പാതകളും ഡിവൈഡറുകളും ഇല്ലാത്തതും പലയിടത്തും വശങ്ങളിൽ കാട് വെട്ടിത്തെളിക്കാത്തതും അലക്ഷ്യമായി വാഹനം നിർത്തിയിടുന്നതുമെല്ലാം ഗതാഗതകുരുക്കിന് പിന്നിലുണ്ട്. 12 വർഷം മുമ്പാണ് മലയോര ഹൈവേ റീച്ചിന്റെ ആദ്യഘട്ടം ഇവിടെ പൂർത്തിയാക്കിയത്. രണ്ടുവർഷം മുമ്പ് നടന്ന റീ ടാറിംഗിൽ നേരത്തെ ഉള്ള വീതിയും കുറഞ്ഞു. വശങ്ങളിൽ താഴ്ച കൂടി വാഹനങ്ങൾക്ക് സൈഡ് കൊടുക്കാനാകാത്ത അവസ്ഥയും അശാസ്ത്രീയമായ റീടാറിംഗ് വഴി ഉണ്ടായി.
കുരുക്കിൽ പൊലിഞ്ഞു ഒരു ജീവൻ
കഴിഞ്ഞ ഞായറാഴ്ച പതിനഞ്ച് കിലോമീറ്റർ ദൂരത്തിൽ എട്ടു മണിക്കൂറിലേറെയാണ് ഗതാഗതകുരുക്ക് നേരിട്ടത്. ഇതിനിടയിൽ ഒരു ആംബുലൻസും കുടുങ്ങി. അമ്പായത്തോട് താഴെ പാൽച്ചുരം കോളനിയിലെ പ്രജോഷ് -ബിന്ദു ദമ്പതികളുടെ മൂന്നുവയസുകാരനായ മകൻ പ്രജുൽ കൃത്യസമയത്ത് മാനന്തവാടിയിലെ ആശുപത്രിയിലെത്തിക്കാൻ സാധിക്കാതെ മരണമടഞ്ഞു. കുറച്ചുകൂടി നേരത്തെ എത്തിച്ചിരുന്നെങ്കിൽ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനാകുമായിരുന്നുവെന്നാണ് ഡോക്ടർ പറഞ്ഞത്.
ചുങ്കക്കുന്ന്, കേളകം, അമ്പായത്തോട് തുടങ്ങിയ സ്ഥലങ്ങളിലെ പ്രദേശവാസികളും ഈ ദിവസങ്ങളിൽ പുറത്തിറങ്ങാൻ സാധിക്കാത്ത വിധം ബുദ്ധിമുട്ടിലാകും. രോഗികളെ പോലും സമയത്ത് ആശുപത്രിയിലെത്തിക്കാൻ സാധിക്കാത്ത സാഹചര്യവുമുണ്ട്.
കഴിഞ്ഞ വർഷം എത്തിയത് ഇരുപത് ലക്ഷം ഭക്തർ
മു കഴിഞ്ഞ വർഷം ഇരുപത് ലക്ഷം തീർത്ഥാടകർ കൊട്ടിയൂരിൽ എത്തി എന്നാണ് കണക്കുകൾ. ഈ വർഷം കുറഞ്ഞത് ഇരുപത്തിയഞ്ച് ലക്ഷം പേർ എത്തുമെന്നാണ് ദേവസ്വം അധികൃതരുടെ കണക്കുകൂട്ടൽ. വർഷം തോറും തീർർത്ഥാടകർ കൂടി വരുന്നുണ്ടെങ്കിലും റോഡിന് കാര്യമായ മാറ്റങ്ങൾ ഉണ്ടാകുന്നില്ല. മഹോത്സവത്തിന് മുന്നോടിയായി റോഡ് മെച്ചപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും പരിഹാരമുണ്ടാക്കാൻ അധികൃതർക്ക് കഴിഞ്ഞില്ല
ഗതാഗത കുരുക്ക് മുൻ നിർത്തി പരിഷ്കരണങ്ങൾ പ്രയോഗത്തിൽ വരുത്തിയിട്ടുണ്ട്. വലിയ ടൂറിസ്റ്റ് ബസുകൾക്ക് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. അവധി ദിവസം ആയതിനാൽ വാഹനങ്ങൾ പലയിടത്തു നിന്നും സമാന്തര റോഡുകളിലേക്ക് വഴി തിരിച്ചു വിടുന്നുമുണ്ട്. - കൊട്ടിയൂർ പഞ്ചായത്ത് അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |