കണ്ണൂർ: ഭിന്നശേഷി സംവരണം ഉറപ്പാക്കാനുള്ള കോടതി ഉത്തരവിന് പിന്നാലെ എയ്ഡഡ് സ്കൂൾ അദ്ധ്യാപകരുടെ നിയമനം അനിശ്ചിതത്വത്തിൽ.ഇവർക്ക് നിലവിൽ ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കാത്ത സ്ഥിതിയാണ്. ഭിന്നശേഷിക്കാർക്ക് മുൻകാല പ്രാബല്യത്തോടെ നിശ്ചിത ശതമാനം സംവരണം ഉറപ്പാക്കണമെന്നാണ് കോടതി വിധി. എന്നാൽ പലവിഷയങ്ങളിലും ഈ വിഭാഗത്തിൽ നിന്ന് യോഗ്യരായ അദ്ധ്യാപകരെ കിട്ടാത്ത സ്ഥിതിയുണ്ട്. ഭിന്നശേഷി നിയമനം നടക്കാത്തതിനാൽ മറ്റ് നിയമനങ്ങൾക്ക് അംഗീകാരം നൽകുന്നുമില്ല.
നിയമനം ലഭിച്ച അദ്ധ്യാപകർ ദിവസവേതനത്തിൽ തുടരുകയാണിപ്പോൾ.പ്രൈമറി, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി ജൂനിയർ, സീനിയർ, അനദ്ധ്യാപകർ എന്നിവരുടെ നിയമനത്തിനാണ് കോടതി വിധിപ്രകാരം ഭിന്നശേഷിക്കാർക്ക് സംവരണം നൽകേണ്ടത്. 1996 ഫെബ്രുവരി ഏഴു മുതൽ 2017 ഏപ്രിൽ 18 വരെ നടത്തിയ നിയമനങ്ങളിൽ മൂന്നുശതമാനവും 2017 ഏപ്രിൽ 19 മുതലുള്ള നിയമനങ്ങളിൽ നാലുശതമാനവും സംവണം ഉറപ്പാക്കണം 2021 നവംബർ എട്ടു മുതലുള്ള ഒഴിവുകളിൽ നിയമനം നടത്താമെന്നാണ് സർക്കാർ ഉത്തരവ്.നിയമന അംഗീകാരം കിട്ടാത്ത അദ്ധ്യാപകർക്ക് പരിശീലനത്തിലോ മറ്റ് പ്രവർത്തനങ്ങളിലോ പങ്കെടുക്കാൻ കഴിയില്ല. അതിനാൽ പാഠ്യപദ്ധതിയിലെ മാറ്റം,പാഠപുസ്തക പരിഷ്‌ക്കരണം എന്നിവയെകുറിച്ചുള്ള വിവരങ്ങൾക്ക് മറ്റ് അദ്ധ്യാപകരെ സമീപിക്കേണ്ട അവസ്ഥയാണ് ഇവർക്ക്.
സർക്കാർ ഇടപെട്ടില്ല
1995 -ൽ പാർലമെന്റ് പാസാക്കിയ അംഗപരിമിതർക്കുള്ള (തുല്യ അവസരവും പൂർണ്ണ പങ്കാളിത്തവും ) നിയമ പ്രകാരമാണ് ഭിന്നശേഷി ഉദ്യോഗാർത്ഥികൾക്ക് മൂന്നു ശതമാനം സംവരണം അനുവദിച്ചത്.2016 ലെ ഭിന്നശേഷിക്കാരുടെ അവകാശ നിയമനത്തിൽ നാലു ശതമാനമായി ഉയർത്തിയിരുന്നു.സർക്കാർ ഇത് കൃത്യസമയത്ത് നടപ്പിലാക്കിയില്ല.കേരള ഫെഡറേഷൻ ഒാഫ് ദി ബ്ലൈൻഡ് സംവരണത്തിനായി ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നാണ് ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികൾക്കായുള്ള സംവരണ വ്യവസ്ഥ എല്ലാ സ്കൂളുകളും നടപ്പാക്കണമെന്ന് 2021 നവംബർ എട്ടിന് സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്.ഹൈക്കോടതി ഉത്തരവുകളുടേയും സർക്കാർ ഉത്തരവുകളുടേയും അടിസ്ഥാനത്തിൽ 2021ന് ശേഷം ഭിന്നശേഷി സംവരണം നടപ്പാക്കാതെ സ്ഥിരം നിയമനങ്ങൾ നടത്താനാവാത്ത സ്ഥിതിയാണ്.
അദ്ധ്യാപകർ പറയുന്നു
അർഹരായ ഭിന്നശേഷിക്കാരായ അദ്ധ്യാപകരുടെ ലിസ്റ്റ് ലഭ്യമാക്കി നിയമനം ത്വരിതപ്പെടുത്തണം
ബാക്കിയുള്ള നിയമനങ്ങൾ സമയബന്ധിതമായി അംഗീകരിക്കണം
അദ്ധ്യാപക സംഘടനകൾ നിയമനത്തിനായി സമ്മർദ്ദം ചെലുത്തണം
അദ്ധ്യാപക ഒഴിവ്
എൽ.പി 186
യു.പി 283
ഹൈസ്‌കൂൾ 209
ഹയർ സെക്കൻഡറി 4
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |