കാസർകോട് : കണ്ണൂരിന് വടക്കോട്ടുള്ള കടുത്ത യാത്രാദുരിതത്തിന് പരിഹാരമെന്ന നിലയിൽ കണ്ണൂരിൽ യാത്ര അവസാനിപ്പിക്കുന്ന ഷോർണൂർ -കണ്ണൂർ പാസഞ്ചർ വടക്കോട്ട് നീട്ടാനുള്ള ആവശ്യത്തെ പരിഹസിച്ച് റെയിൽവേ. താരതമ്യേന കൂടുതൽ ട്രെയിനുകളുള്ള പാലക്കാട്ടേക്ക് ഇതെ ട്രെയിൻ നീട്ടിയാണ് കാസർകോട് ജില്ലയോടുള്ള അവഗണന റെയിൽവേ ഒരിക്കൽ കൂടി പ്രകടമാക്കിയത്.
നിലവിൽ കണ്ണൂരിൽ ഒൻപത് ട്രെയിനുകളാണ് യാത്ര അവസാനിപ്പിക്കുന്നത്. തിരക്ക് മൂലം യാത്രക്കാർ ബോധരഹിതരായതടക്കം നിരവധി സംഭവങ്ങൾ കണ്ണൂർ -കാസർകോട് ലൈനിൽ ഉണ്ടായിട്ടുണ്ട്. വൈകീട്ട് 5.10 കഴിഞ്ഞാൽ നിലവിൽ കോഴിക്കോട് നിന്ന് കാസർകോടേക്ക് പ്രതിദിന ട്രെയിൻ ഇല്ല. പിറ്റേ ദിവസം പുലർച്ചെ 1.10 നാണ് അടുത്ത ട്രെയിൻ. വൈകീട്ട് 7.10 കഴിഞ്ഞാൽ കാസർകോട് ഭാഗത്ത് നിന്ന് തെക്കോട്ടേക്ക് ട്രെയിനില്ല.ഈ ബുദ്ധിമുട്ടിന് പരിഹാരമെന്ന നിലയിൽ കോഴിക്കോട്ട് വൈകുന്നേരം 5.35 ന് എത്തിച്ചേരുന്ന ഷൊർണൂർ -കണ്ണൂർ എക്സ്പ്രസ്സ് മഞ്ചേശ്വരം വരെയെങ്കിലും നീട്ടി രാത്രി തന്നെ കണ്ണൂരിലേക്ക് തിരിക്കുന്ന വിധത്തിൽ ഓടിക്കണമെന്ന് ട്രെയിൻ യാത്രക്കാരും പാസഞ്ചേഴ്സ് അസോസിയേഷനും ജനപ്രതിനിധികളും നിരവധി തവണ ആവശ്യപ്പെടുകയും സമ്മർദ്ദം ചെലുത്തുകയും ചെയ്തിരുന്നതാണ്. പക്ഷെ ഇതിനിടയിലാണ് ഷൊർണ്ണൂർ നിന്ന് പാലക്കാടേക്ക് ഈ ട്രെയിൻ നീട്ടി ഉത്തരവ് ഇറക്കിയത്. കഴിഞ്ഞ ജൂലായ് രണ്ടു മുതൽ ആരംഭിച്ച ഈ ട്രെയിൻ ഓൺ ഡിമാൻഡ് സ്പെഷ്യൽ വണ്ടി ശനിയാഴ്ച ഒഴികെ ബാക്കി ദിവസങ്ങളിൽ ഇന്നു മുതൽ പാലക്കാട് വരെ ഓടും. ശനിയാഴ്ചകളിൽ ഷൊർണൂരിൽ യാത്ര അവസാനിപ്പിക്കും.
പുതുതായി താൽക്കാലിക ട്രെയിൻ എന്ന നിലയിലാണ് ഇതിനായി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഷോർണൂർ പാലക്കാട് ലൈനിൽ മറ്റൊരു നമ്പറിലാണ് ഈ ട്രെയിന്റെ സർവീസ്. അത്യുത്തര മലബാറിലെ യാത്രക്കാരെ പൂർണമായും അവഗണിച്ചുള്ള റെയിൽവേയുടെ ഉത്തരവിനെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നിട്ടുള്ളത്. നിലവിൽ ഒരു പാസ്സഞ്ചർ ട്രെയിൻ മാത്രമാണ് കണ്ണൂരിൽ നിന്ന് മംഗളൂരുവിലേക്ക് നിലവിൽ ഓടുന്നത്.
എം.പി ഇടപെടണമെന്ന് പാസഞ്ചേഴ്സ് അസോ.
കാസർകോട് ഭാഗത്തുള്ളവരുടെ യാത്രയുടെ അസൗകര്യം കണക്കിലെടുത്ത് കണ്ണൂരിൽ അവസാനിക്കുന്ന ട്രെയിനുകൾ വടക്കോട്ട് നീട്ടണമെന്ന ആവശ്യം തള്ളിയ റെയിൽവേയുടെ നടപടി കടുത്ത അവഹേളനമാണെന്ന് കാസർകോട് റെയിൽ പാസ്സഞ്ചേർസ് അസോസിയേഷൻ കുറ്റപ്പെടുത്തി. കേരളത്തിലെ മറ്റു ഭാഗങ്ങളിൽ അവിടത്തെ എം പി മാർ വേണ്ട വിധത്തിൽ ഇടപ്പെട്ട് യാത്രക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുമ്പോൾ കാസർകോട് എം പി വേണ്ട വിധത്തിൽ ഇടപെടുന്നില്ലെന്നു അസോസിയേഷൻ ചൂണ്ടിക്കാട്ടി. ബഹുജന സമരത്തിന് എം.പി നേതൃത്വം കൊടുക്കണമെന്നും ജനങ്ങൾ ശക്തമായ പിന്തുണയുമായി പിന്നിൽ ഉണ്ടാകുമെന്നും അസോസിയേഷൻ പ്രസിഡന്റ് പ്രശാന്ത് കുമാർ, സെക്രട്ടറി നാസർ ചെർക്കളം, കോർഡിനേറ്റർ നിസാർ പെറുവാഡ് എന്നിവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |