കണ്ണൂർ: അരനൂറ്റാണ്ടിനടുത്ത് കാലം ചിറക്കൽ ഗ്രാമപഞ്ചായത്തിന്റെ മാലിന്യനിക്ഷേപകേന്ദ്രമായി നിന്ന നീരൊഴുക്കുംചാലിനെ മോചിപ്പിച്ചു. ഗ്രാമപഞ്ചായത്ത് ഭരണസമിതി ചുമതലയേറ്റ് ആദ്യമെടുത്ത തീരുമാനമെന്ന നിലയിലാണ് ടൺ കണക്കിന് മാലിന്യം നീക്കി പ്രദേശത്തെ മോചിപ്പിച്ചത്. മാലിന്യമല നീങ്ങിയതോടെ 1.40 ഏക്കർ ഭൂമി പഞ്ചായത്തിന് ഒഴിഞ്ഞുകിട്ടിയത് ഇരട്ടി നേട്ടമായി.
നഗരത്തിലേയും ഗ്രാമങ്ങളിലേയും കടകളിലെയും സ്ഥാപനങ്ങളിലെയും മറ്റും മാലിന്യമാണ് ഇത്രയും കാലം നീരൊഴുക്കും ചാലിൽ നിക്ഷേപിച്ചിരുന്നത്. സംസ്ഥാനത്തൂടെ നീളം നടക്കുന്ന മാലിന്യനിർമ്മാർജ്ജ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ശ്രുതിയുടെ നേതൃത്വത്തിൽ നീരൊഴുക്കുംചാലിനെ മാലിന്യമുക്തമാക്കിയത്. ദുർഗന്ധവും തെരുവ് നായ്ക്കളുടെ വിളയാട്ടവുമടക്കം നാടിന് തന്നെ വലിയ തലവേദനയായ പ്രദേശം സാമൂഹിക ആരോഗ്യത്തിനും വലിയ ഭീഷണി സൃഷ്ടിച്ചിരുന്നു.
ഫലം കണ്ടത് നാളുകളുടെ പ്രയത്നം
നാളുകൾ നീണ്ട പ്രവർത്തനങ്ങൾക്കൊടുവിലാണ് പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടതെന്ന് പഞ്ചായത്ത് അധികൃതർ പറയുന്നു. മാലിന്യം നീക്കി തുടങ്ങുന്നതിനിടയിലും ഒരു വശത്ത് ആളുകൾ വീണ്ടും മാലിന്യം നിക്ഷേപിച്ചത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. എന്നാൽ വ്യാപാരികളെയും ജനപ്രിതിനിധികളെയും നാട്ടുകാരെയും ചേർത്ത് നടത്തിയ ക്യാമ്പയിന്റെ ഫലമായി ഭാഗമായി ഒടുവിൽ ഗ്രാമപഞ്ചായത്ത് ലക്ഷ്യം കൈവരിക്കുകയായിരുന്നു. പ്രദേശത്ത് സി.സി.ടി.വി സ്ഥാപിച്ചും കുറ്റക്കാർക്കെതിരെ നടപടികൾ സ്വീകരിച്ചുമാണ് ചിറക്കൽ നീരൊഴുക്കുംചാലിനെ തിരിച്ചുപിടിച്ചത്.
പ്രദേശത്ത് വിശാലമായ പാർക്കിംഗ് സൗകര്യത്തോടെ ആധുനിക രീതിയിലുള്ള ഒരു ഓഡിറ്റോറിയമാണ് ഭരണസമിതി വിഭാവനം ചെയ്യുന്നത്. കൂടാതെ ശാസ്ത്രീയ മാലിന്യ സംസ്‌കരണത്തിനായി ഒരു പ്ലാന്റും സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നു. മാലിന്യമുക്തവും ശുചിത്വ സുന്ദരവുമായ ആധുനിക നവ സമൂഹം സൃഷ്ടിക്കാനുള്ള പ്രയാണത്തിൽ നീരൊഴുക്കുംചാൽ അനിതര സാധാരണമായൊരു മാതൃക തീർക്കുകയാണ്- പി.ശ്രുതി ചിറക്കൽ പഞ്ചായത്ത് പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |