കയ്യൂർ( കാസർകോട്): ചലച്ചിത്രകാരൻ ഷാജി എൻ കരുണിന്റെ ഓർമ്മയിൽ ഇന്ന് കയ്യൂർ ഗ്രാമം ഒത്തുചേരും. കയ്യൂരുമായി ഏറെ വൈകാരിക ബന്ധമുണ്ടായിരുന്ന അദ്ദേഹം പ്രശസ്ത സംവിധായകൻ കെ.അരവിന്ദന്റെ കുമ്മാട്ടി സിനിമയുടെ ക്യാമറയുമായാണ് 1977 ൽ ആദ്യമായി എത്തിയത്. വിപ്ളവഗ്രാമത്തിന്റെ വിശുദ്ധിയും സൗന്ദര്യവും ആവോളം ഉൾക്കൊള്ളാനായ ഷാജി മരണം വരെ ആ ആത്മബന്ധം മുറിയാതെ സൂക്ഷിച്ചിരുന്നു.
സംവിധായകൻ എന്ന നിലയിൽ ലോകസിനിമയിൽ അടയാളപ്പെടുത്തിയ അദ്ദേഹത്തിന്റെ 'പിറവി'യും കാസർകോടൻ പശ്ചാത്തലത്തിലാണ് പിറന്നത്. പിന്നീട് കയ്യൂർ കർഷക സമരത്തെ ആധാരമാക്കി ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത 'മീനമാസത്തിലെ സൂര്യന്റെ' ഛായാ ഗ്രഹണം നിർവ്വഹിച്ചതും ഷാജി എൻ.കരുണായിരുന്നു. ഇവിടത്തെ ജനങ്ങളുടെ സ്നേഹവും സാഹോദര്യവും ആവോളം അനുഭവിച്ച ഷാജിക്ക് കയ്യൂരുമായി വൈകാരിക ബന്ധം രൂപപ്പെടുകയായിരുന്നു. പുരോഗമന കലാസാഹിത്യ സംഘം കാസർകോട് ജില്ലാ കമ്മിറ്റി എ.കെ.ജിയെ കുറിച്ച് ഒരു സിനിമ എടുക്കാൻ തീരുമാനിച്ചപ്പോൾ സംവിധായകനായി വന്നതും അദ്ദേഹമായിരുന്നു. ഈ ബന്ധം വളർന്ന് പിന്നീട് അദ്ദേഹം പുരോഗമന കലാസാഹിത്യസംഘം അദ്ധ്യക്ഷനായും മാറി. ഏറ്റവും ഒടുവിലായി ഷാജി എൻ.കരുൺ സംവിധാനം ചെയ്ത 'ഓള്' പ്രധാന ഭാഗങ്ങളും ചിത്രീ കരിക്കപ്പെട്ടത് കായൽ പരപ്പിലെ മനോഹരമായ വലിയ പറമ്പ് മാടക്കാൽ , ഇടയിലക്കാട്, നീലേശ്വരത്തെ കോട്ടപ്പുറം എന്നിവിടങ്ങളിലായിരുന്നു.
2018ൽ ഗോവയിൽ നടന്ന ഇന്റർ നാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യൻ പനോരമ ചിത്രങ്ങളിൽ ഉദ്ഘാടന ചിത്രമായി ഓള് പ്രദർശിപ്പിക്കപ്പെട്ടപ്പോൾ വലിയ പ്രശംസയാണ് ലഭിച്ചത്.ഈ മനോഹര തീരത്തെ ക്യാമറയിലാക്കിയ എം.ജി.രാധാകൃഷ്ണന് മരണാനന്തര ബഹുമതിയായി ദേശീയ ഛായാഗ്രഹണ അവാർഡും ഇതിലൂടെ ലഭിച്ചു.കാസർകോട് ജില്ലയിൽ നിന്നുമുള്ള കലാകാരന്മാരെയാകെ ഈ സിനിമയുടെ ഭാഗവാക്കാക്കാനും അദ്ദേഹം ശ്രദ്ധിച്ചു.
കാസർകോട്ടു വരുമ്പോഴൊക്കെ തന്റെ സിനമകളുമായി സഹകരിച്ച പ്രവർത്തകരെ കാണാനും സംസാരിക്കാനും അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. അംഗീകാരങ്ങളുടെ കൊടുമുടിയിൽ നിൽക്കുമ്പോഴും സാധാരണക്കാരുമായി ആത്മബന്ധം പുലർത്തിയ ഷാജിക്ക് കയ്യൂർ ഗ്രാമം നൽകുന്ന ആദരവാകുംഇന്ന് നടക്കുന്ന അനുസ്മരണ സമ്മേളനം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |