കണ്ണൂർ: തെരുവുനായ ആക്രമണത്തിൽ തമിഴ്നാട് സ്വദേശികളായ ദമ്പതികളുടെ മകൻ മരിച്ച സംഭവത്തിൽ ജില്ലാ ആശുപത്രിക്കെതിരെ കോൺഗ്രസ് പ്രതിഷേധം.കുത്തിവെച്ചത് വ്യാജ മരുന്നാണെന്നും കുട്ടി മരിച്ചത് ജില്ലാ ആശുപത്രിയുടെ അനാസ്ഥയാണെന്നും ആരോപിച്ചാണ് പ്രവർത്തകർ ജില്ലാ ആശുപത്രിയിലേക്ക് പ്രതിഷേധ പ്രകടനം നടത്തിയത്.
വ്യാജ മരുന്ന് കുത്തിവെച്ച് കുട്ടിയെ പരിയാരം മെഡിക്കൽ കോളേജിലേക്ക് തിരിച്ചയച്ചെന്നും പരിയാരത്ത് പോയതോടെ അവിടുന്ന് വീണ്ടും ജില്ലാ ആശുപത്രിയിലേക്ക് തിരിച്ചയക്കുകയായിരുന്നെന്നും പ്രവർത്തകർ ആരോപിച്ചു.അധികൃതരുടെ ഭാഗത്തും നിന്നും വീഴ്ചയുണ്ടായി.ഗുരുതരപരിക്കുകളോടെ എത്തിയ കുട്ടിയെ ആദ്യം വേണ്ട വിധത്തിൽ പരിശോധിച്ചില്ലെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി.ജില്ലാ ആശുപത്രിക്ക് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
മേയ് 31 നാണ് പയ്യാമ്പലത്ത് താമസിക്കുന്ന തമിഴ്നാട് സ്വദേശികളുടെ മകനായ ഹരിത്തിന് തെരുവുനായയുടെ കടിയേറ്റത്. കണ്ണൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ശനിയാഴ്ചയാണ് കുട്ടി മരിച്ചത്.
ആരോപണം നിഷേധിച്ച് ജില്ലാ ആശുപത്രി
അതേസമയം തെരുവുനായയുടെ കടിയേറ്റ കുട്ടിക്ക് കൃത്യമായി കുത്തിവെയ്പ്പ് എടുത്തിരുന്നുവെന്നും മരണകാരണം മുഖത്ത് കടിയേറ്റതിനാലാണെന്നും വീഴ്ച്ച സംഭവിച്ചിട്ടില്ലെന്നുമാണ് ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.എം.കെ.ഷാജ് വിശദീകരിച്ചത്.മുഖത്തും കണ്ണിനുമാണ് കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റത്.അതിന്റെ അടിസ്ഥാനത്തിൽ ക്ലാസ് ത്രീ ബൈറ്റ് ആയാണ് കുട്ടിയെ ചികിത്സിച്ചിരിക്കുന്നത്.ഐ.ഡി.ആർ.വി ഇഞ്ചക്ഷനും എ.ആർ.എസും നൽകി കുട്ടിയുടെ ഗുരുതരവസ്ഥ മനസ്സിലാക്കിയിട്ടാണ് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അയച്ചത്.പിന്നീട് തുടർചികിത്സകൾ പരിയാരം മെഡിക്കൽ കോളേജിലാണ് ചെയ്തത്.ഐ.ഡി.ആർ.വി എടുക്കാൻ കുട്ടി പരിയാരത്ത് നിന്നും ഡിസ്ചാർജ് ചെയ്ത് വന്നിട്ടുണ്ടായിരുന്നു.രോഗലക്ഷണങ്ങളുമായാണ് പിന്നീട് പീഡിയാട്രിക് ഡിപ്പാർട്ട്മെന്റിൽ വരുന്നത്.വെള്ളം കുടിക്കാൻ പ്രയാസമുള്ളതുൾപ്പെടെയുള്ള ലക്ഷണങ്ങൾ കണ്ട അടിസ്ഥാനത്തിൽ തിരിച്ച് പരിയാരത്തേക്ക് റഫർ ചെയ്യുകയായിരുന്നുവെന്നും ഡോ.ഷാജ് പറഞ്ഞു.
തെരുവുനായ നിയന്ത്രണം നടപ്പായില്ല
തെരുവുനായ്ക്കളെ പിടികൂടി പാർപ്പിക്കാൻ കണ്ണൂർ കന്റോൺമെന്റിലും കണ്ണൂർ കോർപറേഷനിലുമായി മൂന്നുദിവസം കൊണ്ട് മൂന്ന് ഷെൽറ്റർ നിർമ്മിക്കുമെന്ന പ്രഖ്യാപനം നടപ്പായില്ല. ഇന്നലെയും നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം തെരുവുനായ്ക്കൾ തമ്പടിച്ചിരുന്നു. ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷൻ, കളക്ടറേറ്റ് പരിസരം, സിവിൽ സ്റ്റേഷൻ, കെ.എസ്.ആർ.ടി.സി കോംപ്ലക്സ്, സർവകലാശാലാ ആസ്ഥാനം, പയ്യാമ്പലം ബീച്ച് എന്നിവിടങ്ങളിലെല്ലാം തെരുവുനായ്ക്കളുടെ വിഹാരം തുടരുകയാണ്.കഴിഞ്ഞ ദിവസം പഴ ബസ് സ്റ്റാൻഡിൽ മാത്രം 12 തെരുവുനായകളാണ് സദാസമയത്തും നിലകൊണ്ടത്.നഗരത്തിൽ ഭക്ഷണാവശിഷ്ടങ്ങൾ തള്ളുന്നതും ഇത് ഭക്ഷിക്കാൻ തെരുവുനായകൾ എത്തുന്നതും ഇന്നലെയും തുടർന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |