തലശ്ശേരി ശമ്പള സർട്ടിഫിക്കറ്റ് വ്യാജമായി നിർമ്മിച്ച് കെ. എസ്. എഫ് ഇയെ വഞ്ചിച്ച കേസിൽ പയ്യന്നൂർ തെക്കെ മമ്പലം കണ്ടമ്പത്ത് പറമ്പ ഹൗസിൽ കെ.പി.സുനിൽ കുമാറിന്(50) തലശ്ശേരി വിജിലൻസ് കോടതി ജഡ്ജ് കെ. രാമകൃഷ്ണൻ ആറു വർഷം കഠിന തടവും അറുപതിനായിരം രൂപ പിഴയും വിധിച്ചു. കണ്ണൂർ വിജിലൻസ് ആന്റി കറപ്ഷൻ ബ്യൂറോ രജിസ്റ്റർ ചെയ്ത കേസിലാണ് വിവിധ വകുപ്പുകൾ പ്രകാരം ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ 9 മാസം കഠിന തടവും അനുഭവിക്കണം.
കെ. എസ്. എഫ് ഇ പയ്യന്നൂർ ബ്രാഞ്ചിൽ നിന്നും ചിട്ടിയിൽ നിന്നും അമ്പതിനായിരം രൂപ വായ്പയെടുക്കുന്നതിനായി ചെറുകുന്ന് ഗ്രാമപഞ്ചായത്തിലെ ക്ലാർക്കായിരുന്ന കെ.വി കുഞ്ഞപ്പന്റെ പേരിൽ വ്യാജമായി ശമ്പള സർട്ടിഫിക്കറ്റുണ്ടാക്കി കെ. എസ്. എഫ്. ഇ പയ്യന്നൂർ ബ്രാഞ്ചിൽ ഹാജരാക്കി ലോൺ കൈപ്പറ്റിയെന്നാണ്. വിജിലൻസ് കണ്ണൂർ യൂണിറ്റ് ഡി. വൈ. എസ്. പിയായിരുന്ന കെ. പി നാരായണൻ രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്‌പെക്ടർമാരായിരുന്ന വി. എൻ വിശ്വനാഥൻ, കെ. സി ലോറൻസ് എന്നിവരാണ് അന്വേഷണം നടത്തിയത്. ഡി. വൈ. എസ്. പിയായിരുന്ന എം. ദാമോദരനാണ് കോടതിയിൽ കുററപത്രം സമർപ്പിച്ചത്. പ്രതിക്ക് ജാമ്യം അനുവദിച്ചു. പ്രോസിക്യൂഷനുവേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ കെ ഉഷാകുമാരി ഹാജരായി. കേസിലെ ഒന്നാം പ്രതിയും എരമം കുറ്റൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുമായിരുന്ന പി. പോളിന്റെ സഹായത്തോടെയാണ് വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ചുനൽകിയത്. കേസ് വിചാരണയിലിരിക്കെ പോൾ മരണപ്പെട്ടു. 2000 ജനുവരി 25 നാണ് കേസിനാസ്പദമായ സംഭവം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |