കാസർകോട്: കഴിഞ്ഞ ദിവസം പോസ്റ്റുമോർട്ടം വൈകിയതിനെ ചൊല്ലി വിവാദമുണ്ടായ കാസർകോട് ജനറൽ ആശുപത്രിയിൽ സമാനസംഭവം ഇനിയും ആവർത്തിക്കാനുള്ള സാദ്ധ്യതയേറി.നിലവിലുണ്ടായിരുന്ന രണ്ട് ഡോക്ടർമാർ സ്ഥലം മാറ്രം ലഭിച്ച് പോയതോടെയാണ് രാത്രികാല പോസ്റ്റുമോർട്ടത്തിനടക്കം സൗകര്യമുള്ള ആശുപത്രി പ്രതിസന്ധിയിലേക്ക് നീങ്ങിയിരിക്കുന്നത്.
ചൊവ്വാഴ്ച മധൂരിലെ ചെനിയപ്പ പൂജാരിയുടെ മൃതദേഹം പോസ്റ്റുമോർട്ടം നടത്തിക്കിട്ടാൻ ജനറൽ ആശുപത്രിയിൽ കുത്തിയിരുപ്പ് സമരം നടത്തിയത് ഏറെ വിവാദമായിരുന്നു. സമരത്തെ തുടർന്ന് ഡ്യൂട്ടി കഴിഞ്ഞ് പോയ ഡോക്ടർ തിരിച്ചെത്തിയാണ് രാത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയത്. ഈ ഡോക്ടറാണ് ഇന്നലെ സ്ഥലംമാറ്റം കിട്ടി തിരുവനന്തപുരത്തേക്ക് തിരിച്ചത്.മറ്റൊരു വനിതാ ഡോക്ടർ ഒരു മാസം മുമ്പാണ് തിരുവനന്തപുരത്തേക്ക് പോയത്.
പോസ്റ്റുമോർട്ടത്തിന്റെ ചുമതല ഉണ്ടായിരുന്ന പൊലീസ് സർജൻ ഉൾപ്പെടെ രണ്ടു ഡോക്ടർമാരും കാസർകോട് വിടുന്നതോടെ പോസ്റ്റുമോർട്ടം നടപടികൾ അനിശ്ചിതത്തിലായി. ഇവർക്ക് പകരം ജനറൽ ആശുപത്രിയിലേക്ക് നിയോഗിച്ച ഡോക്ടറുടെ വരവിലും അനിശ്ചിതത്വമുണ്ട്. സംശയാസ്പദ മരണമാണെങ്കിൽ പൊലീസ് സർജൻ തന്നെ പോസ്റ്റുമോർട്ടം ചെയ്യണമെന്നാണ് ചട്ടം. ഇതിനായി നിലവിലുള്ള സ്ഥിതിയിൽ മൃതദേഹങ്ങൾ പരിയാരം കണ്ണൂർ മെഡിക്കൽ കോളേജിൽ എത്തിക്കേണ്ടിവരും.
24 മണിക്കൂറും പോസ്റ്റുമോർട്ടം സൗകര്യം
മൂന്ന് വർഷം മുമ്പാണ് 24 മണിക്കൂറും പോസ്റ്റുമോർട്ടം ചെയ്യുന്ന സംവിധാനം കാസർകോട് ജനറൽ ആശുപത്രിയിൽ ഏർപ്പെടുത്തിയത്. നിയമസഭയിലടക്കം വലിയ ഒച്ചപ്പാട് ഉണ്ടായതിന് ശേഷമാണ് മുഴുവൻസമയവും പോസ്റ്റുമോർട്ടം നടത്തുന്നതിന് അനുമതിയായത്. രാത്രികാല പോസ്റ്റുമോർട്ടം നടത്തുമ്പോൾ കൂടുതൽ ഡോക്ടർമാരെയും പൊലീസ് സർജനേയും നിയമിക്കണമെന്നാണ് ചട്ടം. എന്നാൽ ജനറൽ ആശുപത്രിയിൽ നിലവിൽ ഒരു പൊലീസ് സർജൻ തസ്തികയാണുള്ളത്. 24 മണിക്കൂറും പോസ്റ്റുമോർട്ടം നടത്തുന്നതിന് മൂന്ന് പൊലീസ് സർജൻമാരെ നിയമിക്കാൻ കോടതിയും നിർദ്ദേശിച്ചതാണ്.
പൊലീസ് സർജന്മാരെ നിയമിക്കാതെ സഹകരിക്കില്ലെന്ന് കെ.ജി.എം.ഒ
ജനറൽ ആശുപത്രിയിൽ കൂടുതൽ പൊലീസ് സർജന്മാരെ നിയമിക്കാൻ അടിയന്തിരമായി നടപടി സ്വീകരിച്ചില്ലെങ്കിൽ രാത്രികാല പോസ്റ്റുമോർട്ടവുമായി സഹകരിക്കില്ലെന്ന് കെ.ജി.എം.ഒ കാസർകോട് ഘടകം പ്രസിഡന്റ് ഡോ.ഷമീമ തൻവീറും സെക്രട്ടറി ഡോ.വി.കെ.ഷിൻസിയും പറഞ്ഞു. നിയമപ്രകാരം ഒരു ഫോറൻസിക് സർജൻ മാത്രമുള്ള സ്ഥലത്ത് രാത്രി പോസ്റ്റ്മോർട്ടം ചെയ്യേണ്ടതില്ല. അത് പ്രായോഗികവുമല്ല.പകൽ സമയത്ത് 9 മുതൽ 4 വരെയാണ് ഈ ഡോക്ടറുടെ ഡ്യൂട്ടി. ചൊവ്വാഴ്ച ഉണ്ടായ സംഭവത്തിൽ 12 മണിക്ക് മരിച്ചയാളുടെ മൃതശരീരം ആശുപത്രിയിൽ എത്തിക്കുന്നത് ഒന്നര മണിയോടെയാണ്. പൊലീസ് ഇൻക്വസ്റ്റിന് എത്തിയത് വൈകിട്ട് 3 .45 നും . നാലുമണിയോടു കൂടി ഇൻക്വസ്റ്റ് പൂർത്തിയാക്കിയാൽ മാത്രമെ അന്ന് പോസ്റ്റുമോർട്ടം ചെയ്യാൻ സാധിക്കുകയുള്ളൂ.
പകൽ ഡ്യൂട്ടി ചെയ്ത ഡോക്ടറെ തിരിച്ചു വിളിച്ച് വീണ്ടും ജോലി ചെയ്യിക്കുന്നത് മനുഷ്യാവകാശ ലംഘനമാണ്. ഈ വിഷയം ജില്ലാ കളക്ടറുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്- ഡോ.ഷമീമ തൻവീർ കെ.ജി.എം.ഒ കാസർകോട് ഘടകം പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |