ഇന്ത്യയിലെ ഏറ്റവും വലിയ വെങ്കല ശിവശില്പം സ്ഥാപിക്കുന്നത് വ്യവസായി മൊട്ടമ്മൽ രാജൻ
തളിപ്പറമ്പ്: രാജരാജേശ്വര ക്ഷേത്രത്തിലേക്കു പ്രമുഖ വ്യവസായി ചലചിത്ര നിർമാതാവുമായ മൊട്ടമ്മൽ രാജൻ സമർപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും ഉയരംകൂടിയ വെങ്കല ശിവ ശില്പം 5ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ അനാഛാദനം ചെയ്യും.വൈകുന്നേരം 5ന് ക്ഷേത്ര പരിസരത്ത് നടക്കുന്ന ചടങ്ങിൽ മൊട്ടമ്മൽ രാജൻ, ശില്പി ഉണ്ണി കാനായി, കമൽ കുന്നിരാമത്ത് എന്നിവരെ ആദരിക്കും. പ്രശസ്ത ശിൽപ്പി ഉണ്ണി കാനായി മൂന്നര വർഷമെടുത്താണ് ശിൽപം പൂർത്തിയാക്കിയത്.
ആദ്യം കളിമണ്ണിൽ തീർത്ത ശിൽപ്പം പ്ലാസ്റ്റർ ഓഫ് പാരീസിൽ മോൾഡ് എടുത്ത് മെഴുകിലേക്ക് മാറ്റി വെങ്കലത്തിലേക്ക് കാസ്റ്റ് ചെയ്യുകയായിരുന്നു. പയ്യന്നൂരിൽ ഉണ്ണി കാനായിയുടെ പണിപ്പുരയിൽ നിർമ്മിച്ച ശിൽപ്പം ക്രെയിന്റെ സഹായത്തോടെയാണ് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലെത്തിച്ചത്. ഒരു കൈ അരയിൽ ഊന്നി വലതുകൈ കൊണ്ട് അനുഗ്രഹിക്കുന്ന വിധത്തിലാണ് ശിൽപ്പം. കിഴക്കേ നടയിൽ ആലിൻ ചുവട്ടിൽ സ്ഥാപിച്ച ശിൽപ്പത്തോടൊപ്പം മനോഹരമായ പൂന്തോട്ടവും അലങ്കാരദീപങ്ങളും ഒരുക്കിയിട്ടുണ്ട്.
അനാച്ഛാദനചടങ്ങിൽ ടി.ടി.കെ ദേവസ്വം പ്രസിഡന്റ് ടി.പി.വിനോദ് കുമാർ അദ്ധ്യക്ഷത വഹിക്കും. ഗവർണർ കുമ്മനം രാജശേഖരൻ, കൈതപ്രം ദാമോദരൻ നമ്പൂതിരി, മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ ബിജു ടി.ചന്ദ്രശേഖരൻ, ദേവസ്വം എക്സിക്യുട്ടീവ് ഓഫീസർ ടി.എസ്. സുരേഷ് കുമാർ , ഓംകാരം ട്രസ്റ്റ് സ്ഥാപകൻ കമൽ കുന്നിരാമത്ത്, എന്നിവർ പ്രസംഗിക്കും. വാർത്താ സമ്മേളനത്തിൽ മെട്ടമ്മൽ രാജൻ,ടി.പി. വിനോദ് കുമാർ, വിജയ് നീലകണ്ഠൻ, ഉണ്ണി കാനായി, കമൽ കുന്നി രാമത്ത് , എന്നിവരും പങ്കെടുത്തു.
14 അടി ഉയരം
4200 കിലോ ഭാരം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |