പഴയങ്ങാടി:റെയിൽവേ സ്റ്റേഷന് സമീപം സ്വകാര്യബസുകൾ കൂട്ടിയിടിച്ച് 35 യാത്രക്കാർക്ക് പരിക്ക്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല. ഇന്നലെ രാവിലെ പത്തര മണിയോടെയാണ് അപകടം. പരിക്കേറ്റവരിൽ ഒരാളെ ക കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടുപേർ കണ്ണൂർ കിംസ് ആശുപത്രിയിലും 32 പേർ പുതിയങ്ങാടി മൊട്ടാമ്പ്രത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. ഇതിൽ 25 പേരെ പ്രാഥമിക ശുശ്രൂഷ നൽകി പറഞ്ഞയച്ചു. പരിക്കേറ്റവരിൽ അധികവും സ്ത്രീകളാണ്.
പഴയങ്ങാടി ഭാഗത്തുനിന്ന് മാട്ടൂലിലേക്ക് പോകുന്ന ഫെമി ഗ്രൂപ്പിന്റെ ബസും മാട്ടൂലിൽ നിന്ന് പഴയങ്ങാടി ഭാഗത്തേക്ക് പോകുന്ന ബ്രീസ് ബസ്സും തമ്മിലാണ് കൂട്ടിയിടിച്ചത്. കഴിഞ്ഞദിവസം പഴയങ്ങാടി ബീവി റോഡ് അണ്ടർപാസിന് സമീപം ഗതാഗതം നിയന്ത്രിക്കുകയായിരുന്ന ഹോം ഗാർഡ് രാജേഷിനെ അപായപ്പെടുത്താൻ ശ്രമിച്ച ബ്രീസ് ബസ്സാണ് അപകടം ഉണ്ടാക്കിയത്. രണ്ട് ദിവസം പൊലീസ് കസ്റ്റഡിയിൽ ആയിരുന്ന ബസ് ഇന്നലെയാണ് വീണ്ടും സർവീസ് ആരംഭിച്ചത്. അമിത വേഗതയിൽ എത്തിയ ബസ് എതിരെ വന്ന ഫെമി ഗ്രൂപ്പിന്റെ ബസിനെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരു ബസുകളുടെയും മുൻഭാഗം പൂർണ്ണമായും തകർന്നു.
അപകടം വരുത്തും വിധം ബസ് ഓടിച്ചതിന് ബ്രീസ് ബസ് ഡ്രൈവർ മാട്ടൂലെ എം.ആഷിഖിനെതിരെ (35) പഴയങ്ങാടി പൊലീസ് കേസെടുത്തു. അപകടത്തെ തുടർന്ന് ഏറെ നേരം ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. പൊലീസ് എത്തിയാണ് ഗതാഗതം നിയന്ത്രിച്ച് വാഹനങ്ങളെ കടത്തിവിട്ടത്.
പരിക്കേറ്റവർ
കണ്ണൂർ മെഡിക്കൽ കോളേജ്
മാട്ടൂൽ സൗത്ത് സ്വദേശിനി ആബിദ 38
കണ്ണൂർ കിംസ് ആശുപത്രി
പ മാട്ടൂൽ സൗത്തിലെഫാത്തിമത്തുൾ മർവ്വ(34), ഹസ്ന ഹമിദ് (27)
മൊട്ടാമ്പ്രം ക്രസന്റ് ആശുപത്രിയിൽ
കെ.ശുഭ (37) മാട്ടൂൽ സൗത്ത്, എം.ഷൈമ (38) എട്ടിക്കുളം, കെ.വി.രചന (39) മാട്ടൂൽ നോർത്ത്, മാട്ടൂൽ സ്വദേശികളായ മുഹമ്മദലി (50), അബ്ദുൾ റഹ്മാൻ (50), ജിൻസി (30), ഫർസാന (23), നിത (20), സൂര്യ (24), റയാൻ റയാദ് (ആറ്), ടി.ശശി (54), അഭിലാഷ് (45), ഖദീജ (45), ഹസ്ന സുനാദ് (25), ദിൽ ഫത്ത് (12) റിയാസ്, മുഹ്സിൻ, ഹന്നത്ത് (15) ഫാദിൽ ഫൈസൽ (14), മുഹമ്മദ് റയാൻ (13), ബജീഷ് (38), വാടിക്കലിലെ ദീപ (52), പുതിയങ്ങാടിയിലെ സജിനി (40), മാടായിലെ ജോയ് സി (48)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |