കണ്ണൂർ: വിദ്യാർത്ഥികളുടെയും യുവാക്കളുടേയും മുങ്ങിമരണങ്ങൾ പതിവാകുമ്പോഴും നീന്തൽ പഠനത്തോട് മുഖംതിരിച്ച് സ്കൂളുകൾ.കണ്ണൂർ ജില്ലയിൽ മാത്രം കഴിഞ്ഞ രണ്ട് മാസത്തിനിടയിൽ 11 പേരാണ് മുങ്ങിമരിച്ചത്. ഇവരിൽ ഭൂരിഭാഗവും വിദ്യാർത്ഥികളും ചെറുപ്പക്കാരുമാണ്.മരിച്ചവരിലാർക്കും നീന്തൽ വശമില്ലായിരുന്നുവെന്നതാണ് സങ്കടകരം.നീന്തൽപരിശീലനം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് നിർദ്ദേശിച്ച ബാലാവകാശകമ്മിഷന്റെ ഉത്തരവ് കണ്ടില്ലെന്ന് നടിക്കുന്ന സ്കൂൾ അധികൃതർ ദുരന്തങ്ങൾ കണ്ടിട്ടും പഠിക്കുന്നില്ലെന്ന് വേണം പറയാൻ.
നീന്തൽ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും നീന്തൽ പഠനത്തോട് സ്കൂളുകൾ വലിയ താത്പ്പര്യം കാണിക്കുന്നില്ല.അഞ്ച് മുതൽ പത്ത് വരെ ക്ലാസുകൾക്കാണ് പരിശീലനം നൽകേണ്ടത്. ചില ജലാശയങ്ങളിൽ നിന്ന് മസ്തിഷ്കജ്വരം പകർന്നതിലുള്ള ആശങ്കയും ചില അദ്ധ്യാപകർ പങ്കുവെക്കുന്നുണ്ട്. നിലവിൽ .നീന്തൽ പഠിപ്പിക്കാൻ ആവശ്യമായ സംവിധാനം പല സ്കൂളുകൾക്കും ക്രമീകരിക്കാൻ കഴിയുന്നില്ല.നീന്തൽ പരിശീലനം കാര്യക്ഷമമായാൽ ജലസുരക്ഷയെക്കുറിച്ച് കുട്ടികളിൽ അവബോധമുണ്ടാക്കാനും അതു വഴി ജലാശയ അപകടങ്ങൾ കുറക്കാനും സാധിക്കും.
നീന്തൽ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനും ജലസുരക്ഷാ അവബോധം വർദ്ധിപ്പിക്കുന്നതിനുമായി സർക്കാർ വിവിധ പരിപാടികൾ നടപ്പിലാക്കുന്നുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി തന്നെ പ്രസ്താവിച്ചിരുന്നു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അവരുടെ വാർഷിക പദ്ധതികളിൽ നൂതന നീന്തൽ പരിശീലന പരിപാടികൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് മറ്റൊരു അവകാശവാദം.എന്നാൽ ഇതിലെ കാര്യക്ഷമത പരിശോധിക്കുന്നുമില്ല. ആരോഗ്യം, ശാരീരിക ക്ഷമത, ശാരീരിക പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ച് ആഴത്തിലുള്ള ധാരണ വികസിപ്പിക്കാനാണ് നീന്തലും ജലസുരക്ഷയും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയത്.
ആ പതിനൊന്ന് ജീവനുകൾ
കണ്ണൂരിൽ 11 മുങ്ങിമരണങ്ങളാണ് രണ്ടുമാസത്തിനിടെ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ദിവസമാണ് പയ്യന്നൂർ കണ്ടോത്ത് യുവാവ് കുളത്തിൽ മുങ്ങി മരിച്ചത്.കക്കാട് പുഴയിൽ ഒൻപത് വയസ്സുകാരൻ മുങ്ങി മരിച്ചത് കഴിഞ്ഞമാസമാണ്.പയ്യാവൂരിൽ ഒമ്പതാംക്ലാസ് വിദ്യാർത്ഥി അലീന പുഴയിൽ മുങ്ങി മരിച്ചിരുന്നു. പുതിയങ്ങാടി ചൂട്ടാട് ബീച്ചിൽ 14കാരന്റെ മുങ്ങിമരണമാണ് മറ്റൊന്ന്. കഴിഞ്ഞ 13 ന് കുളത്തിൽ കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ 24 കാരനായ ഇർഫാൻ മരിച്ചതും ഈയിടെയാണ്.കഴിഞ്ഞ മാസം എട്ടിന് കൂവേരി പുഴയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചിരുന്നുസുഹൃത്തുക്കൾക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയതിനിടെയായിരുന്നു മരണം.പരിയാരം മെഡിക്കൽ കോളേജ് വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചതും കഴിഞ്ഞ മാസമാണ്.
ബാലാവകാശകമ്മിഷൻ പറഞ്ഞു
നീന്തൽ പരിശീലനം സ്‌കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് നിർദ്ദേശിച്ച് ബാലാവകാശ കമ്മീഷൻ ഉത്തരവിട്ടത് 2022 ഫെബ്രുവരിയിലാണ്. കുട്ടികൾ പുഴകളിലോ തടാകത്തിലോ കിണറുകളിലോ വീണ് ജീവൻ നഷ്ടപ്പെടുന്ന സംഭവങ്ങൾ സംസ്ഥാനത്ത് വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ മുഴുവൻ സ്‌കൂൾ കുട്ടികൾക്കും നീന്തൽ പരിശീലനം നൽകുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയും ഡയറക്ടറും നടപടി സ്വീകരിക്കണമെന്നായിരുന്നു നിർദ്ദേശം. ഇതിനായി മാർഗരേഖ പുറപ്പെടുവിക്കുന്നതിലൂടെ നിരവധി ജീവനുകൾ രക്ഷിക്കാൻ കഴിയുമെന്ന് കമ്മിഷൻ വിലയിരുത്തിയിരുന്നു. ദേശീയ ബോധവൽക്കരണ ക്യാമ്പയിനായ രക്ഷക് പദ്ധതിയുടെ കേരള സ്റ്റേറ്റ് അംബാസഡർ അമൽ സജി സമർപ്പിച്ച ഹർജി പരിഗണിച്ചായിരുന്നു കമ്മിഷൻ ഉത്തരവ് .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |