കണ്ണൂർ: ജില്ലയിൽ പൊലീസ് സേനയിൽ അസാധാരണമായ സ്ഥലംമാറ്റ നീക്കം. കണ്ണൂർ റൂറൽ പൊലീസ് ജില്ലാ ആസ്ഥാനത്താണ് വരാനിരിക്കുന്ന സംഘടനാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നീക്കം.
വർഷങ്ങളായി പാലിച്ചുപോന്ന സീനിയോറിറ്റി മാനദണ്ഡങ്ങളെ അട്ടിമറിക്കുന്ന നീക്കമാണിതെന്ന് ഒരു വിഭാഗം പൊലീസുകാർ പറയുന്നു. പൊലീസ് അസോസിയേഷൻ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ഈ നീക്കമെന്നാണ് ആരോപണം. ഇതിനെതിരെ യു.ഡി.എഫ്. അനുകൂല പൊലീസ് സേനാംഗങ്ങൾ രംഗത്തുവന്നിട്ടുണ്ട്. സ്ഥലം മാറ്റം സംബന്ധിച്ച് ആദ്യം ഇറക്കിയ ഉത്തരവ് തിരുത്തി രണ്ടാമത് ഉത്തരവിറക്കിയെന്നാണ് ആരോപണം. ഉത്തരവിലെ 'സീനിയർ' എന്ന നിർണ്ണായക പദം നീക്കം ചെയ്തത് പരമ്പരാഗത സീനിയോറിറ്റി വ്യവസ്ഥയെ അട്ടിമറിക്കാനുള്ള ബോധപൂർവകമായ നീക്കമെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു.
നിലവിലുള്ള അസോസിയേഷൻ അനുകൂലികളായ പൊലീസുകാരെ സ്റ്റേഷനുകളിലേക്ക് മാറ്റി തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാനുള്ള രാഷ്ട്രീയ തന്ത്രമാണിതെന്ന് യു.ഡി.എഫ് അനുകൂലികൾ അഭിപ്രായപ്പെടുന്നു. സുതാര്യതയുടെ പ്രശ്നം കൂടി ഉൾപ്പെടുന്ന ഈ നീക്കം നീതി നിഷ്പക്ഷതയിൽ സംശയത്തിനിടയാക്കുമെന്നും ഇവർ പറയുന്നു.
മനോവീര്യ പ്രശ്നങ്ങൾ, സീനിയോറിറ്റി അടിസ്ഥാനത്തിലുള്ള വിശ്വാസക്കുറവ് എന്നീ പ്രശ്നങ്ങളും ഇത് സേനയിലുണ്ടാക്കുമെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.
ഉത്തരവ് തിരുത്തൽ വിവാദം ഇങ്ങനെ
ആദ്യ ഉത്തരവിൽ ആവശ്യപ്പെട്ടത്: ഡി.എച്ച്.ക്യൂ ക്യാമ്പിലുള്ള സീനിയറായിട്ടുള്ള (സീനിയോറിറ്റി പ്രകാരം) സി.പി.ഒമാരുടെ വിവരങ്ങൾ
രണ്ടാം ഉത്തരവിൽ (തിരുത്തിയത്) ആവശ്യപ്പെട്ടത്: ഡി.എച്ച്.ക്യൂ ക്യാമ്പിലുള്ള (സജീവമായി) ഡ്യൂട്ടി ചെയ്യുന്ന സി.പി.ഒമാരുടെ വിവരങ്ങൾ
പരമ്പരാഗത രീതിയിൽ മാറ്റം
ഒരു സ്റ്റേഷനിൽ മൂന്നു വർഷം പൂർത്തിയായ പൊലീസുകാർ നിർബന്ധമായും ജനറൽ ട്രാൻസ്ഫറിൽ പങ്കെടുത്ത് മറ്റ് സ്റ്റേഷനുകളിലേക്ക് മാറാൻ അതത് യൂണിറ്റിലെ മേലധികാരികൾ ശ്രദ്ധിക്കുന്നതായിരുന്നു ഇതുവരെയുള്ള രീതി. റൂറൽ ജില്ല രൂപവത്കരിച്ച് അഞ്ചാം വർഷത്തിലേക്ക് കടക്കുമ്പോഴും ഡി.എച്ച്.ക്യൂവിൽ നാലര വർഷത്തിലേറെ ജോലി ചെയ്തുവരുന്ന നിരവധി പേരുണ്ട്. നാലും അഞ്ചും വർഷം ഇവിടെ ജോലി ചെയ്തുവരുന്ന പൊലീസുകാരെ സീനിയോറിറ്റി മാനദണ്ഡമാക്കി പൊലീസ് സ്റ്റേഷനുകളിലേക്ക് മാറ്റാതെ ഡി.എച്ച്.ക്യൂവിലെ ജൂനിയർമാരെ മാറ്റാനാണ് നീക്കം നടക്കുന്നതെന്നാണ് ആരോപണം. ലൈറ്റ് ഡ്യൂട്ടിയും ഓഫീസ് ഡ്യൂട്ടിയും ഉൾപ്പെടെ മൂന്ന് മുതൽ അഞ്ചുവർഷം ഡി.എച്ച്.ക്യൂവിൽ ഡ്യൂട്ടി ചെയ്തവരെ തൽസ്ഥാനത്ത് നിലനിർത്താനും നീക്കം നടക്കുന്നുണ്ട്. നിലവിൽ സ്‌പെഷൽ യൂണിറ്റിൽ യൂനിഫോമിടാതെ അഞ്ചു വർഷത്തോളം ജോലി ചെയ്യുന്നവരും ഇക്കൂട്ടത്തിലുണ്ടെന്നാണ് ആരോപണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |