കണ്ണൂർ: കയറ്റിയിറക്കിനിടയിലും മറ്റ് പലതരത്തിലുമായി എഫ്.സി.ഐ ഗോഡൗണിൽ നിന്നും കടകളിലെത്തുമ്പോൾ ചാക്കുപൊട്ടിയും ചോർന്നും അരിയടക്കമുള്ള സാധനങ്ങൾ നഷ്ടമാകുന്നതിൽ പ്രതിസന്ധിയിലാകുന്നത് റേഷൻ വ്യാപാരികൾ. നൂറ് ക്വിന്റൽ അരി ഇറക്കുമ്പോൾ ഇടയിൽ പലതരത്തിലായി അൻപത് തൊട്ട് എൺപത് കിലോ വരെ നഷ്ടമാകുന്നതിന് മിക്കപ്പോഴും റേഷൻ കടയുടമകൾ പിഴ ഒടുക്കേണ്ട സ്ഥിതിയാണ് മിക്കപ്പോഴും.
സ്റ്റോക്ക് രജിസ്റ്ററിൽ ഉള്ള തൂക്കം കടയിൽ ഇല്ലാതെ വരുമ്പോൾ വ്യാപാരികളിൽ നിന്ന് ഉദ്യോഗസ്ഥർ പിഴ ഈടാക്കും.
എൻ.എഫ്.എസ്.സി ഗോഡൗണിൽ നിന്നും സാധനങ്ങൾ റേഷൻ കടകളിലേക്കെത്തിക്കുമ്പോൾ കടയുടെ ലൈസൻസിയുടെ മുമ്പിൽ വച്ച് സാധനങ്ങൾ തൂക്കി ബോദ്ധ്യം വരുത്തി ഇറക്കണമെന്ന നിയമം എവിടെയും കാര്യക്ഷമമല്ലെന്ന് ജില്ലയിലെ റേഷൻ വ്യാപാരികൾ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പലതവണ പരാതികൾ നൽകിയെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്ന് നടപടി ഉണ്ടാകുന്നില്ലെന്നും വ്യാപാരികൾ പറഞ്ഞു.ഇങ്ങനെയുണ്ടാകുന്ന കുറവ് അടുത്ത തവണ ലോഡിറക്കുമ്പോൾ കൂട്ടി നൽകണമെന്ന ചട്ടവും പാലിക്കപ്പെടുന്നില്ലെന്ന് വ്യാപാരികൾ പറയുന്നു.
പരിശോധന വന്നാൽ വമ്പൻപിഴ
റേഷൻ കടകളിൽ പരിശോധനക്കെത്തുന്ന ഉദ്യോഗസ്ഥർ ഈ തൂക്കകുറവ് കാണിച്ച് റേഷൻ വ്യാപാരികൾക്ക് വലിയതോതിലാണ് പിഴ ചുമത്തുന്നത്. 2000 മുതൽ 5000 രൂപ വരെ ഇത്തരത്തിൽ പിഴ ഒടുക്കിയ വ്യാപാരികളുണ്ട്. അരി കുറയാനുള്ള കാരണങ്ങൾ പറയുമ്പോൾ അത് എഫ്.സി.ഐ അധികൃതർക്ക് എഴുതി നൽകിയാൽ മതിയെന്നാണ് പരിശോധനക്കെത്തുന്ന ഉദ്യോഗസ്ഥരുടെ മറുപടി .ഡിപ്പോയിൽ നിന്ന് 50 കിലോ തൂക്കം കൃത്യമായി കണക്കാക്കി റേഷൻ കടകളിലെത്തിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.എന്നാൽ മാത്രമേ തൂക്കകുറവിന് പരിഹാരം കാണാൻ സാധിക്കുകയുള്ളുവെന്നും വ്യാപാരികൾ പറഞ്ഞു.
വേതനത്തിലും വാക്കുമാറ്റി
ഏഴു വർഷമായി റേഷൻ വ്യാപാരികളുടെ വേതനം മാറ്റമില്ലാതെ തുടരുകയാണ്.ഇപോസ് യന്ത്രത്തിലൂടെ റേഷൻ കടയിലെ പ്രവർത്തനം കമ്പ്യൂട്ടർവത്ക്കരിച്ച 2018ലാണ് റേഷൻ വ്യാപാരികൾക്ക് വേതന വ്യവസ്ഥ നിശ്ചയിച്ചത്. അതുവരെ കമ്മിഷനായിരുന്നു. വേതന വ്യവസ്ഥ ആയതോടെ ഇവരുടെ വരുമാനം 18000 വരെ ആക്കി ഉയർത്തി. എന്നാൽ വിൽപ്പനയുടെ ശതമാനമനുസരിച്ച് ഇതിൽ മാറ്റം വന്ന് എണ്ണായിരം മുതൽ 15000 രൂപ വരെയായി ഇത് ചുരുങ്ങി. ആറുമാസം പരീക്ഷിച്ച് വേണ്ട മാറ്റങ്ങൾ വരുത്താമെന്നായിരുന്നു അധികൃതർ പറഞ്ഞത്. എന്നാൽ വാക്കുപാലിക്കപ്പെടാതെ ഇപ്പോഴും ഇതെ സ്ഥിതി തുടരുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |