കാറിൽ പിന്തുടർന്നെത്തി മർദ്ദിച്ചത് വിദ്യാർത്ഥിനിയുടെ ഭർത്താവും സുഹൃത്തുക്കളും
തലശ്ശേരി: പെരിങ്ങത്തൂരിൽ ഓടിക്കൊണ്ടിരുന്ന ബസിൽ കണ്ടക്ടർ ഇരിങ്ങണ്ണൂർ സ്വദേശി വിഷ്ണുവിന് (28) മർദനമേറ്റ സംഭവത്തിൽ പ്രതികൾക്കെതിരെ വധശ്രമമുൾപ്പടെ 9 വകുപ്പുകൾ ചുമത്തി ചൊക്ലി പൊലീസ് കേസെടുത്തു. തലശേരി -തൊട്ടിൽപ്പാലം റൂട്ടിൽ സർവീസ് നടത്തുന്ന ജഗന്നാഥ് ബസിലെ കണ്ടക്ടർ വിഷ്ണുവിനാണ് തിങ്കളാഴ്ച വൈകിട്ട് മർദനമേറ്റത്. ഭാരതീയ ന്യായ സംഹിത 182 (2), 191 (2), 191 (3), 126 (2), 115 (2), 118 (1), 296 (ബി), 110, 190 വകുപ്പുകൾ ചുമത്തിയാണ് കേസ്. സവാദ് ,വിശ്വജിത്ത് എന്നിവരാണ് ഒന്നും രണ്ടും പ്രതികൾ. കണ്ടാലറിയാവുന്ന മറ്റ് അഞ്ചുപേർക്കെതിരെയും ഇതെ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.
പ്രതികളെ ഉടൻ പിടികൂടിയില്ലെങ്കിൽ ഇന്നു മുതൽ അനിശ്ചിതകാല ബസ് സമരം നടത്തുമെന്ന് ബസ് തൊഴിലാളി യൂണിയൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ പ്രതികൾക്കെതിരെ ഗുരുതര വകുപ്പുകൾ ചുമത്തിയിട്ടുണ്ടെന്നും ഉടൻ പിടികൂടുമെന്ന ചൊക്ലി സി.ഐയുടെ ഉറപ്പിനെ തുടർന്ന് യൂണിയൻ സമരത്തിൽ നിന്ന് പിന്മാറി. എന്നാൽ തൊഴിലാളികളിൽ ഒരു വിഭാഗം സമരത്തിൽ ഉറച്ച് നിൽക്കുകയാണെന്ന വിവരവുമുണ്ട്. തൊഴിലാളികളുടെ വാട്സപ്പ് ഗ്രൂപ്പുകളിൽ ഇത്തരം സന്ദേശങ്ങൾ പ്രചരിക്കുന്നുമുണ്ട്.
മൂക്കിനും തലയ്ക്കും അടിവയറ്റിലും പരിക്കേറ്റ വിഷ്ണു ചികിത്സയിലാണ്.കൃത്യമായ പദ്ധതിയിട്ടാണ് അക്രമികളെത്തിയതെന്ന് ബസിലെ സി.സി ടിവി ദൃശ്യങ്ങൾ തെളിയിക്കുന്നുവെന്നാണ് ബസുടമ പറയുന്നത്. പെരിങ്ങത്തൂരെത്തും മുമ്പേ അക്രമികളുടെ കാർ ബസിനെ പിന്തുടർന്നിരുന്നുവെന്നും പുറകിലെ വാതിലിലൂടെ ആദ്യം ചിലർ ബസിൽ കയറുകയായിരുന്നുവെന്നും ഇദ്ദേഹം ആരോപിച്ചു.
അതിക്രൂര മർദ്ദനമെന്ന് ദൃക് സാക്ഷികൾ
വിദ്യാർത്ഥിനിയെ തള്ളിയിടാൻ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് ഭർത്താവ് അടക്കമുള്ളവർ കണ്ടക്ടറെ മർദ്ദിച്ചത്. എന്നാൽ പാസില്ലാത്തതിനാൽ വിദ്യാർത്ഥിനയിൽ നിന്ന് ഫുൾ ചാർജ് ഈടാക്കിയതിനാണ് മർദ്ദിച്ചതെന്നാണ് ബസ് ജീവനക്കാർ പറയുന്നത്. ഭർത്താവടക്കമുള്ള ബന്ധുക്കൾ മർദിക്കുന്നത് ബസിലെ സി സി ടി.വി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. പരാതി ഉയർന്നപ്പോൾ തന്നെ ബസിലെ ദൃശ്യങ്ങളടക്കം കാണിച്ച് സത്യാവസ്ഥ ബന്ധുക്കളെ അറിയിച്ചിരുന്നതായും അടുത്ത തവണ ഫുൾ ചാർജ് ഈടാക്കുമെന്ന് പറയുക മാത്രമാണ് ചെയ്തതെന്നും വിഷ്ണു വ്യക്തമാക്കി. അതേ സമയം കണ്ടക്ടർ അസഭ്യവർഷം നടത്തിയെന്നും, തള്ളിയിട്ടെന്നും കാണിച്ച് വിദ്യാർത്ഥിനി നാദാപുരം പൊലീസിൽ പരാതി നൽകിയിട്ടുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |