കാസർകോട്: 16 കാരനെ പീഡിപ്പിച്ച സംഭവത്തിൽ പൊലീസ് രജിസ്റ്റ്ർ ചെയ്തത് 15 പോക്സോ കേസുകൾ. കേസിൽ വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനടക്കം റിമാൻഡിൽ. ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട് പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് ബേക്കൽ ഉപജില്ലയിലെ അസിസ്റ്റന്റ് എഡ്യുക്കേഷൻ ഓഫീസർ പടന്നക്കാട് സ്വദേശി സൈനുദ്ധീനടക്കം കുടുങ്ങിയത്.
വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശപ്രകാരം പോക്സോ കേസുകളെ കുറിച്ചും വിദ്യാർത്ഥികൾ ലൈംഗിക അരാജകത്വത്തിന്റെ പിടിയിൽ അകപ്പെടുന്നതിനെ കുറിച്ചും ജാഗരൂകരാകണം എന്നും ചതിക്കുഴിയിൽ പെട്ടുപോകരുതെന്നും നിരന്തരം ക്ലാസുകൾ എടുത്തിരുന്ന ഉദ്യോഗസ്ഥനാണ് സ്വവർഗരതി കേസിൽ അകപ്പെട്ട് ജയിലിൽ പോയത് എന്നത് വകുപ്പിന് നാണക്കേടുമായി.
മൊബൈൽ ആപ്പുകളുടെ ചതിയും കുട്ടികൾ മൊബൈൽ കൈകാര്യം ചെയ്യുമ്പോൾ രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്നും നിരന്തരം അദ്ധ്യാപകർ ക്ലാസ് എടുത്തുവരികയാണ്. അതിനിടയിലാണ് ഉന്നതരായ ഉദ്യോഗസ്ഥൻ തന്നെ കേസിൽ അകപ്പെടുന്നത്. ബേക്കൽ ഉപജില്ലയിൽ ഹെഡ്മാസ്റ്റർമാരുടെ കോൺഫറൻസ് ശനിയാഴ്ച ഈ എ.ഇ.ഒ വിളിച്ചു ചേർത്തിരുന്നു. കേസിൽ അകപ്പെട്ടതോടെ പെട്ടെന്ന് യോഗം മാറ്റിവയ്ക്കുകയായിരുന്നു. പീഡന വിവരങ്ങൾ പുറത്തുവന്നതോടെ രാഷ്ട്രീയ കേന്ദ്രങ്ങളും അങ്കലാപ്പിലാണ്. വിവിധ പാർട്ടികളുടെ പ്രധാന നേതാക്കൾ കേസിൽ അകപ്പെട്ടതാണ് നടുക്കം വർദ്ധിപ്പിച്ചത്.
കൂടുതൽ പ്രതികൾ ഉണ്ടാകും
ഇതിനകം ഒൻപത് പ്രതികൾ പിടിയിലായെങ്കിലും കൂടുതൽ പ്രതികളുണ്ടെന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന സൂചന. 14ന് പ്രായപൂർത്തിയാകാത്ത കുട്ടി ലൈംഗീക അതിക്രമത്തിന് വിധേയമായിട്ടുണ്ടെന്ന് ചൈൽഡ് ലൈനിൽ നിന്നും ചന്തേര പൊലീസ് സ്റ്റേഷനിൽ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇരയുടെ മൊഴി പ്രകാരം ചന്തേര ഇൻസ്പെക്ടർ കെ. പ്രശാന്ത് 16 പ്രതികൾക്കെതിരായി 15 പോക്സോ കേസുകൾ രജിസ്റ്റർ ചെയ്യുകയായിരുന്നു. ചന്തേര പൊലീസ് സ്റ്റേഷനിൽ അന്വേഷണം നടത്തിവരുന്ന 9 കേസുകളിലെ 10 പ്രതികളിൽ 9 പ്രതികളെ നിലവിൽ അറസ്റ്റു ചെയ്തു. സംഭവ സ്ഥലം ചന്തേര പൊലീസ് സ്റ്റേഷന് പരിധിയിൽ അല്ലാത്ത 6 കേസുകൾ കണ്ണൂർ റൂറലിലെ പയ്യന്നൂർ, കോഴിക്കോട് സിറ്റിയിലെ കസബ, കൊച്ചി സിറ്റിയിലെ എളമക്കര എന്നീ പൊലീസ് സ്റ്റേഷനുകളിലേക്ക് അയച്ചു.
അന്വേഷണ സംഘം
ജില്ലാ പൊലീസ് മേധാവി ബി.വി വിജയ ഭരത് റെഡ്ഡിയുടെ മേൽനോട്ടത്തിൽ കാഞ്ഞങ്ങാട് ഡിവൈ.എസ്.പി സി.കെ സുനിൽകുമാറിന്റെ നേതൃത്വത്തിൽ ചന്തേര, ചീമേനി, വെള്ളരിക്കുണ്ട്, നീലേശ്വരം, ചിറ്റാരിക്കൽ ഇൻസ്‌പെക്ടർമാർ.
കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഒളിവിൽ കഴിയുന്ന പ്രതികളെ പിടികൂടി നിയമത്തിനു മുന്നിൽ എത്തിക്കും. വൈ.ബി വിജയ് ഭരത് റെഡ്‌ഡി, ജില്ലാ പൊലീസ് മേധാവി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |