കണ്ണൂർ: ട്രോളിംഗിനു ശേഷം ചാകരക്കോൾ പ്രതീക്ഷിച്ച് കടലിലേക്കിറങ്ങിയ മത്സ്യതൊഴിലാളികൾക്ക് നിരാശ മാത്രം.ചരുക്കൾ എന്ന് വിളിക്കപ്പെടുന്ന ചെറിയതരം മീനുകൾ മാത്രമാണ് ഇവരുടെ വലയിൽ കുടുങ്ങുന്നത്. കേരളതീരത്ത് ഒരു കാലത്ത് സമൃദ്ധമായിരുന്ന മത്തിയും അയലയും പുതിയാപ്ള കറ്റ്ലയുമടക്കം ഇഷ്ടപ്പെട്ട മീനുകൾ ഒന്നും ലഭിക്കാതെയാണ് മത്സ്യതൊഴിലാളികളുടെ മടക്കം.
മുൻകാലങ്ങളിൽ ട്രോളിംഗ് നിരോധനം കഴിഞ്ഞ് മടങ്ങുന്നത് ധാരാളം മീനുമായിട്ടായിരുന്നു. എന്നാൽ ഇക്കുറി
എണ്ണച്ചിലവിനുള്ളത് പോലും ലഭിക്കാതെയാണ് ഭൂരിഭാഗം വള്ളങ്ങളും മടങ്ങുന്നത്. കാലവർഷവും കടൽക്ഷോഭവും കപ്പലപകടത്തെ തുടർന്നുള്ള നിയന്ത്രണങ്ങളുമെല്ലാം മത്സ്യലഭ്യത കുറയാൻ കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തൽ.വർദ്ധിച്ച ഇന്ധനച്ചെലവും തൊഴിലാളികളുടെ വേതനവും കൂട്ടിയാൽ കടലിലേക്കുള്ള ഓരോ യാത്രയിലും നഷ്ടം നേരിടേണ്ടി വരുന്നതായി ബോട്ട് ഉടമകളും പറഞ്ഞു.സാധാരണ രണ്ട് മാസത്തെ ട്രോളിംഗിന് ശേഷം മത്തി ധാരാളമായി ലഭിക്കാറുണ്ടായിരുന്നു.എന്നാൽ മത്തിയും വില കൂടിയ മത്സ്യങ്ങളും ഇപ്പോൾ കിട്ടാനില്ലെന്ന് മത്സ്യ തൊഴിലാളികൾ പറഞ്ഞു.ശക്തമായ മഴ വന്ന് കടൽ ഇളകി അടിഭാഗത്തെ ചെളിമണ്ണ് കടലിന്റെ ഉപരിതലത്തിൽ എത്തിയാൽ അയല, ചെമ്മീൻ തുടങ്ങിയ മത്സ്യങ്ങളും മറ്റു ചെറു മത്സ്യങ്ങളും കടലിന്റെ ഉപരിതലത്തിൽ എത്തും.ഇതും പ്രതീക്ഷിച്ച് കടലിൽ പോയ ചെറു വള്ളങ്ങൾക്കും നിരാശ മാത്രമാണ് ഫലം.
നിരാശയിൽ മുങ്ങി ഹാർബറുകൾ
കഴിഞ്ഞ വേനലിലെ അസഹ്യമായ ചൂടിൽ മീനിന് കടുത്ത ക്ഷാമം നേരിട്ടിരുന്നു.കഴിഞ്ഞ ഫെബ്രുവരി മുതലാണ് മീൻ ലഭ്യത കുറഞ്ഞ് തുടങ്ങിയത്.പ്രജനന കാലം കഴിഞ്ഞാലെങ്കിലും മത്സ്യലഭ്യത വർദ്ധിക്കുമെന്നായിരുന്നു തൊഴിലാളികളുടെ പ്രതീക്ഷ.ജില്ലയിലെ പ്രധാന മത്സ്യബന്ധന കേന്ദ്രങ്ങളായ തലായി,ആയിക്കര,അഴീക്കൽ,പാലക്കോട് എന്നിവിടങ്ങളിലെല്ലാം മത്സ്യ തൊഴിലാളികൾ കടുത്ത നിരാശയിലാണ്.ട്രോളിംഗ് നിരോധനത്തിനു മുൻപുള്ള സമയത്തും മൺസൂൺ സീസണിലുമാണ് മത്സ്യലഭ്യത കൂടുതലുള്ളത്. എന്നാൽ രണ്ടുവർഷം മുൻപുള്ള ട്രോളിംഗ് നിരോധന കാലയളവിനുശേഷം മത്സ്യലഭ്യതയിൽ ഗണ്യമായ കുറവാണ് ഉണ്ടായത്.മത്സ്യം കിട്ടാതായതോടെ വിലയും വർദ്ധിച്ചിട്ടുണ്ട്.
അന്യസംസ്ഥാന കടത്തുകാർക്ക് ചാകര
പതിവ് വിട്ട് മൺസൂൺ കാലത്തുതന്നെ കേരളത്തിൽ മീനിന് ക്ഷാമം അനുഭവപ്പെട്ടത് അന്യസംസ്ഥാനത്ത് നിന്നും മീനുകളെത്തിക്കുന്നവർക്ക് ചാകരയായി. തമിഴ്‌നാട്, ആന്ധ്ര പ്രദേശ്, കർണാടക,ഗോവ എന്നിവിടങ്ങളിൽ നിന്നുള്ള മീനുകളാണ് കേരളത്തിൽ നിലവിൽ കൂടുതലായി എത്തുന്നത്. കേടു വരാതിരിക്കാൻ രാസമിശ്രിതമടക്കം ചേർക്കുന്നതിനാൽ ആരോഗ്യപ്രശ്നങ്ങൾക്കുള്ള സാദ്ധ്യതയും അന്യസംസ്ഥാന മീൻകടത്ത് തുറന്നിടുന്നു.
.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |