ഇരിട്ടി: മനുഷ്യവന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനായി വനം വകുപ്പ് ആവിഷ്‌കരിച്ച 'ഓപ്പറേഷൻ ഗജമുക്തി'യുടെ ഒന്നാം ദിവസം വൻ വിജയകരം. ഇന്നലെ രാവിലെ ആറളം ഫാം ഏരിയയിൽ നിന്ന് മൂന്ന് കുട്ടിയാനകൾ ഉൾപ്പെടെ ഒമ്പത് കാട്ടാനകളെ ആറളം വന്യജീവി സങ്കേതത്തിലേക്ക് വിജയകരമായി തുരത്തി.
ഓപ്പറേഷന്റെ സുഗമമായ നടത്തിപ്പിനായി വിവിധ വകുപ്പുകളുടെ ഏകോപനം ശ്രദ്ധേയമായിരുന്നു. രാവിലെ 7 മണിക്ക് പഞ്ചായത്ത് അധികൃതർ പൊതുജനങ്ങൾക്ക് അറിയിപ്പ് നൽകിയിരുന്നു. ആറളം പഞ്ചായത്ത് പ്രസിഡന്റ് രജേഷ്, വാർഡ് മെമ്പർ മിനി , ആറളം സെക്യൂരിറ്റി ഓഫീസർ ബെന്നി ,ആറളം സബ് ഇൻസ്‌പെക്ടർ രാജീവൻ,ഡെപ്യൂട്ടി തഹസിൽദാർ ബിജി ജോൺ , സീനിയർ ക്ലാർക്ക് മനോജ് എന്നിവരും ഓപ്പറേഷൻ സൈറ്റിൽ സജീവമായി പങ്കെടുത്തു.
വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി രാവിലെ 10 മണിക്ക് ശേഷമാമാണ് ഡ്രൈവ് തുടങ്ങിയത്. കണ്ണവം റേഞ്ച് ഓഫീസർ സുധീർ, ഫ്‌ളൈയിംഗ് സ്‌ക്വാഡ് റേഞ്ച് ഓഫീസർ ജയപ്രകാശ് എന്നിവരും ഓപ്പറേഷന് നേതൃത്വം നൽകി. കടത്തി വിട്ട ആനകൾ തിരിച്ചു കയറാതിരിക്കാനായി നൈറ്റ് പട്രോളിഗ് ശക്തമാക്കും . ഗജമുക്തി ഓപ്പറേഷൻ അടുത്ത ദിവസങ്ങളിലും തുടരും.
വിജയം കണ്ടത് സംയുക്ത ഓപ്പറേഷൻ
രാവിലെ 7ന് ഡ്രോണുകൾ ഉപയോഗിച്ച് ആനകളെ കണ്ടെത്താനുള്ള പ്രവർത്തനം ആരംഭിച്ചു. അൻപത് പേരടങ്ങുന്ന വനം വകുപ്പ് ജീവനക്കാരും ആറളം ഫാം കോർപ്പറേഷൻ ജീവനക്കാരും ചേർന്നാണ് ഈ നിർണായക ദൗത്യത്തിന് തുടക്കമിട്ടത്. രാവിലെ എട്ടരയോടെ ഓപ്പറേഷനിൽ പങ്കെടുക്കുന്ന മറ്റ് ജീവനക്കാരും പൊലീസ് ടീമും റവന്യൂ ടീമും ഫാമിന്റെ ഒന്നാം ബ്ലോക്കിൽ എത്തിച്ചേർന്നു.കണ്ണൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ മേൽനോട്ടത്തിൽ ആറളം വൈൽഡ്‌ലൈഫ് വാര്ഡൻ വി.രതീശൻ കോട്ടിയൂർ റേഞ്ച് ഓഫീസർ നിതിൻരാജ്, ആറളം അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ രമ്യ എന്നിവരുടെ നേതൃത്വത്തിൽ, ഡെപ്യൂട്ടി ആർ.എഫ്.ഒ ഷൈനികുമാർ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ മഹേഷ്,ബീറ്റ് ഫോറസ്റ്റ് ഓഫീസർ പ്രജീഷ് എന്നിവർ നയിച്ച ഡ്രൈവിംഗ് ടീമാണ് ആനകളെ തുരത്തുന്നതിൽ നിർണായക പങ്ക് വഹിച്ചത്. ആറളം സ്‌കൂൾ ഹെലിപാഡ് വഴി, തളിപ്പാറ, കോട്ടപ്പാറ ഫെൻസിംഗ് കടത്തിയാണ് ആനകളെ വന്യജീവി സങ്കേതത്തിലേക്ക് എത്തിച്ചത്. ആസൂത്രണം ചെയ്തതുപോലെ കൃത്യമായാണ് തുരത്തൽ നടപ്പാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |