കണ്ണൂർ: ഒറ്റപ്പെട്ടവർക്കും വിവിധ പ്രശ്‌നങ്ങളെ അഭിമുഖികരിക്കുന്ന സ്ത്രീകൾക്കും കുട്ടികൾക്കും മാനസികപിന്തുണയും സഹായങ്ങളും താത്ക്കാലിക അഭയവും ലക്ഷ്യമിട്ട് കുടുംബശ്രീ ആരംഭിച്ച സ്‌നേഹിത ജെന്റർ ഹെൽപ്പ് ഡെസ്‌കിന്റെ പ്രവർത്തനം മാതൃകാപരം. നൂറുകണക്കിന് പരാതികളിൽ പരിഹാരം കണ്ടെത്തിയ ഈ സംവിധാനത്തിലൂടെ കൗൺസിലിംഗിലൂടെയടക്കം നിരവധി പേരെ മുഖ്യധാരയിലേക്ക് തിരികെയെത്തിക്കാൻ സാധിച്ചിട്ടുണ്ട്.
2017 ഡിസംബർ 16നാണ് മുണ്ടയാട് പള്ളിപ്രത്ത് സ്‌നേഹിത പ്രവർത്തനം തുടങ്ങിയത്.ഇതുവരെ ജില്ലയിൽ 3265 പരാതികൾ സ്നേഹിത കൈകാര്യം ചെയ്തിട്ടുണ്ട്. 1982 പേർക്ക് കൗൺസിലിംഗ് നൽകി. 695 പേർക്ക് താൽക്കാലിക അഭയവും നൽകി. ടെലി കൗൺസിലിംഗ് തുടങ്ങിയ സേവനങ്ങളും സ്‌നേഹിത വഴി നൽകി വരുന്നുണ്ട് . 24 മണിക്കൂർ സേവനമാണ് സ്ഥാപനം നൽകുന്നത്.
ഗാർഹിക പീഡനം, കുടുംബ പ്രശ്‌നങ്ങൾ, കുട്ടികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ, മദ്യപാനം കൊണ്ടുള്ള പ്രശ്‌നങ്ങൾ തുടങ്ങിയ കേസുകൾക്ക് പരിഹാരം തേടിയാണ് കൂടുതൽ പേരും സമീപിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.ലിംഗാവബോധ പ്രവർത്തനം, ബോധവത്ക്കരണ ക്ലാസുകൾ തുടങ്ങിയവയും സ്‌നേഹിത കൈകാര്യം ചെയ്യുന്നു.ജില്ലയിലെ 57 കുടുംബശ്രി സി.ഡി.എസ് കേന്ദ്രീകരിച്ച് ജെന്റർ റിസോഴ്‌സ് സെന്ററുകളും ഇതിനോടനുബന്ധിച്ച് പ്രവർത്തിച്ചു വരുന്നുണ്ട് .ജില്ലയിലെ എല്ലാ ഡിവൈ.എസ്.പി, എ.സി.പി ഓഫീസുകളിലും സ്‌നേഹിത എക്സ്റ്റൻഷൻ സെന്റർ പ്രവർത്തിക്കുന്നു. ഇവിടെ നിന്നും ആഴ്ചയിൽ രണ്ടു ദിവസം സൗജന്യ കൗൺസിലിംഗ് സേവനം ലഭിക്കും.
സ്‌കൂളുകളിലും സേവനം
ജില്ലയിലെ എട്ട് സ്‌കൂളുകളിലും രണ്ട് കോളേജുകളിലും സ്‌നേഹിത പ്രവർത്തിച്ചുവരുന്നു . കൗമാരക്കാരുടെ വ്യക്തിപരവും കുടുംബപരവും, പഠന സംബന്ധവുമായ പ്രശ്‌നങ്ങൾ പരിഹരിക്കാനാണ് സ്‌നേഹിതയുടെ എക്സ്റ്റൻഷൻ സെന്ററുകൾ ഇവിടങ്ങളിൽ പ്രവർത്തിക്കുന്നത്. കുട്ടികൾക്കായുള്ള കൗൺസിലിംഗ് സെന്ററുകളിൽ സൗജന്യമാണ്. ആറളം ഫാം കേന്ദ്രീകരിച്ച് കഴിഞ്ഞ മാർച്ച് മുതൽ മിനി സ്‌നേഹിതയും പ്രവർത്തിക്കുന്നു
പ്രധാന ലക്ഷ്യങ്ങൾ
അതിക്രമത്തിനിരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും പിന്തുണ ,
കൗൺസിലിംഗ്, നിയമപരമായ സഹായം, അഭയം
സാമൂഹികവും മാനസികവുമായ പിന്തുണ
പുലർച്ചെ വന്ന ആ ഫോൺ കാൾ
പുലർച്ചെ ഒരുമണിയ്ക്ക് സ്‌നേഹിതയിലേക്ക് ഒരു ഫോൺ കാൾ വരുന്നു. മറുതലയ്ക്കൽ നന്ന് നിർത്താത്ത കരച്ചിൽ.ഏകദേശം മൂന്ന് മിനിറ്റുകൾക്ക് ശേഷമാണ് അവർ സംസാരിച്ചുതുടങ്ങിയത്. കണ്ണൂരിൽ നിന്ന് 60 കിലോമീറ്റർ അകലെയുള്ള ഒരു റിട്ടേർഡ് അദ്ധ്യാപിക തന്റെ മുൻ വിദ്യാർത്ഥിയിൽ നിന്നുണ്ടായ മോശം അനുഭവം സംബന്ധിച്ചായിരുന്നു കരഞ്ഞുപറഞ്ഞത്. ആ അനുഭവത്തോടെ മാനസികമായും ശാരീരികമായും തളർന്നുവെന്നും ഉറങ്ങാനോ ഭക്ഷണം കഴിക്കാനോ കഴിയാതെ മുറിക്കുള്ളിൽ ഇരിക്കുകയാണെന്നുമാണ് സ്‌നേഹിതയിലേക്ക് വിളിച്ചുപറഞ്ഞത്. തുടർച്ചയായ കൗൺസിലിംഗിനു ശേഷം ഇവരെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാൻ തങ്ങൾക്ക് സാധിച്ചുവെന്ന് സ്നേഹിത പ്രവർത്തകർ പറഞ്ഞു. നിയമപരമായി മുന്നോട്ട് പോകുവാനുള്ള എല്ലാവിധ പിന്തുണയും സ്നേഹിത നൽകുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |