ഇരിട്ടി:കീഴ്പ്പള്ളി അത്തിക്കലിൽ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന് നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തി 11.4 കോടിയുടെ കെട്ടിടം പൂർത്തിയാക്കി. ഇരുനില കെട്ടിടത്തിന്റെ ആദ്യ നിലയിൽ കാഷ്വാലിറ്റി, ഫാർമസി, ലാബ്, ഇ.സി ജി, ഒബ്സർവേഷൻ വാർഡ് തുടങ്ങിയ സൗകര്യങ്ങളൊരുക്കും. ഒന്നാം നിലയിൽ സ്ത്രീകൾക്കും പുരുഷൻമാർക്കുമുള്ള പ്രത്യേക വാർഡുകൾ, ഓഫീസ്, ഒ.പി, ഇമ്യൂണൈസേഷൻ റൂം തുടങ്ങിയവയും സജ്ജമാക്കും. അവസാന ഘട്ട പ്രവൃത്തി പൂർത്തിയാക്കി ഉദ്ഘാടനത്തിനുള്ള ഒരുക്കത്തിലാണ് ആശുപത്രി അധികൃതർ.കെട്ടിടം ഉദ്ഘാടനം ചെയ്യുന്നതോടെ ആറളം ഫാം പുന്നരധിവാസ മേഖലയിലെ ആദിവാസി വിഭാഗത്തിന് വലിയ പ്രയോജനമാണ് ലഭിക്കുന്നത്. പ്രാഥമികാരോഗ്യകേന്ദ്രമായി 1954ൽ പ്രവർത്തനം തുടങ്ങിയ ആശുപത്രി പിന്നീട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററായി ഉയർത്തുകയായിരുന്നു. ദിവസേന നൂറുകണക്കിന് ആളുകൾ ചികിത്സയ്ക്കായി ആശ്രയിക്കുന്ന ഈ ഹെൽത്ത് സെന്ററിൽ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ കെട്ടിടം നിർമിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |