ഒരു മണിക്കൂർ കൂട്ടുപുഴ പാലത്തിൽ നിലയുറപ്പിച്ചു,
അന്തർ സംസ്ഥാന പാതയിൽ ഗതാഗതം സ്തംഭിച്ചു
ഇരിട്ടി: കേരള - കർണ്ണാടക അതിർത്തിയായ കൂട്ടുപുഴയിൽ പട്ടാപ്പകൽ എത്തിയ കാട്ടുകൊമ്പൻ ഒരുമണിക്കൂറുകളോളം പ്രദേശത്തെ ഭീതിയിലാക്കി. തലശ്ശേരി - മൈസൂർ അന്തർ സംസ്ഥാന പാതയിലെ സംസ്ഥാന അതിർത്തിയായ കൂട്ടുപുഴ പുതിയ പാലത്തിൽ നിലയുറപ്പിച്ച കാട്ടാന ഒരുമണിക്കൂർ നേരം ഇതുവഴിയുള്ള ഗതാഗതം സ്തംഭിപ്പിച്ചു.
ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് കർണാടകത്തിന്റെ അധീനതയിലുള്ള മാക്കൂട്ടം ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിൽ നിന്നും കാട്ടുകൊമ്പൻ കൂട്ടുപുഴ പാലത്തിലേക്ക് എത്തിയത്. പാലത്തിന്റെ പകുതി വരെ എത്തിയ കൊമ്പൻ അവിടെ നിലയുറപ്പിച്ചു.
ഇരിട്ടി ഭാഗത്തുനിന്നും കർണ്ണാടക ഭാഗത്തുനിന്നും എത്തിയ വാഹനങ്ങൾ പാലത്തിന്റെ ഇരുഭാഗത്തുമായി നിർത്തിയിട്ടു. ഇതിനിടെ മൂന്നുതവണ കൊമ്പൻ വാഹനങ്ങളുടെ അടുത്തേക്ക് എത്താൻ ശ്രമിച്ചത് ആശങ്കയ്ക്കിടയാക്കി. പാലത്തിന് മുന്നിലായി നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയിൽ നിന്നും ഉച്ചത്തിൽ സൈറൺ മുഴക്കി ആനയെ പാലത്തിൽ നിന്നും ഓടിക്കാനുള്ള ശ്രമം നടത്തിയെങ്കിലും ലോറിക്ക് നേരെ ആന തിരിയുന്ന അവസ്ഥയും ഉണ്ടായി. കൂട്ടുപുഴ ഭാഗത്തെ ചെക്ക് പോസ്റ്റുകളിലുണ്ടായിരുന്ന പൊലീസിന്റെയും എക്‌സൈസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും ജീവനക്കാരും വാഹന യാത്രക്കാരും നാട്ടുകാരും ശബ്ദമുണ്ടാക്കിയും മറ്റും ആനയെ വനത്തിലേക്ക് കയറ്റാനുള്ള ശ്രമം നടത്തുന്നതിനിടെ പാലത്തിന്റെ മറുകരയിൽ നിർത്തിയ വാഹനങ്ങൾക്ക് നേരെയും ആന തിരിഞ്ഞു.
വനവകുപ്പ് ഇരട്ടി സെക്ഷന്റെ നേതൃത്വത്തിലുള്ള വനപാലകർ സ്ഥലത്തെത്തി പടക്കം പൊട്ടിച്ചും സൈറൺമുഴക്കിയുമാണ് കാട്ടാനയെ വനമേഖലയിലേക്ക് കയറ്റിവിട്ടതോടെയാണ് ഗതാഗതം പുനഃസ്ഥാപിക്കാനായത്.
മാക്കൂട്ടം വനമേഖലയിൽ കാട്ടാനയുടെ സാന്നിധ്യം ശക്തമാണ്. ഇവിടെ നിന്നും എത്തുന്ന കാട്ടാനകൾ പേരട്ട തൊട്ടിപ്പാലം മേഖലകളിൽ നിരന്തരം കാർഷിക വിളകളും മറ്റും നശിപ്പിക്കാറുണ്ടെങ്കിലും ഇത് ആദ്യമായിട്ടാണ് കൂട്ടുപുഴ പാലത്തിനു മുകളിൽ കാട്ടാന എത്തുന്നത്.
കാട്ടാനയെ തുരത്തിയത് പടക്കം
പൊട്ടിച്ചും സൈറൺ മുഴക്കിയും
മാക്കൂട്ടം ഫോറസ്റ്റ് ചെക്ക് പോസ്റ്റിൽ നിന്നും കർണാടക വനപാലകസംഘം സ്ഥലത്തെത്തിയെങ്കിലും അവരുടെ വാഹനങ്ങൾക്ക് നേരെ കൊമ്പൻ പാഞ്ഞടുത്തതോടെ ആന കേരളത്തിന്റെതാണെന്ന് പറഞ്ഞ് അവർ സ്ഥലംവിട്ടു. തുടർന്ന് കൂട്ടുപുഴയിലെത്തിയ വനം വകുപ്പ് ഇരട്ടി സെക്ഷന്റെ നേതൃത്വത്തിലുള്ള വനപാലകർ പാലത്തിൽ നിന്നും ആനയെ പടക്കം പൊട്ടിച്ചും മറ്റും തുരത്താൻ ശ്രമം തുടങ്ങി. പാലത്തിലൂടെ തിരികേ നീങ്ങിയ ആന കൂട്ടുപുഴ സ്‌നേഹഭവൻ റോഡിലേക്ക് പ്രവേശിച്ചു. സ്‌നേഹഭവന്റെ സമീപത്തെ റോഡിലൂടെ വനത്തിലേക്ക് കയറ്റാൻ ശ്രമിക്കുന്നതിനിടയിൽ വീണ്ടും വനപാലക സംഘത്തിനു നേരെ കാട്ടാന പാഞ്ഞടുത്തു. വീണ്ടും സൈറൺ മുഴക്കിയും പടക്കം പൊട്ടിച്ചുമാണ് കാട്ടാനയെ ബ്രഹ്മഗിരി വനമേഖലയിലേക്ക് കയറ്റിവിട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |