കണ്ണൂർ: ഗോവിന്ദച്ചാമിയുടെ ജയിൽച്ചാട്ടത്തിനുശേഷം കർശന നിരീക്ഷണവും പരിശോധനയും ഏർപ്പെടുത്തിയിട്ടും കണ്ണൂർ സെൻട്രൽ ജയിലിലേക്ക് ലഹരിവസ്തുക്കൾ നിർബാധം എത്തുന്നു. ഏറ്റവുമൊടുവിൽ ആശുപത്രി ബ്ലോക്കിൽ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ പ്ലാസ്റ്റിക് ബാഗുകളിലായി രണ്ട് കുപ്പി മദ്യവും മൂന്ന് കെട്ട് ബീഡിയും ജയിൽ അധികൃതർ കണ്ടെത്തി. സംഭവത്തിൽ സെൻട്രൽ ജയിൽ സൂപ്രണ്ടിന്റെ പരാതിയിൽ ടൗൺ പോലീസ് കേസെടുത്തു.രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സൂപ്രണ്ടിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് പരിശോധന നടത്തിയത്. ജയിൽ നിരോധിത വസ്തുക്കൾ പുറത്തുനിന്ന് മതിൽ വഴി ആശുപത്രി ബ്ലോക്ക് ലക്ഷ്യമാക്കി എറിഞ്ഞുകൊടുത്തതാണെന്നാണ് പ്രാഥമിക നിഗമനം.
പിന്നിൽ ചെറിയ മീനുകളല്ല
ഫോൺ, മദ്യം, പുകയില ഉത്പന്നങ്ങൾ എന്നിവ ജയിലിനുള്ളിലേക്ക് എത്തിക്കുന്നതിന് പിന്നിൽ വൻ റാക്കറ്റ് തന്നെ പ്രവർത്തിക്കുന്നുണ്ടെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ജയിലിനകത്തുള്ള തടവുകാരിൽനിന്ന് കൃത്യമായ സഹായം ലഭിക്കുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.ആഴ്ചകൾക്ക് മുമ്പ് ജയിലിലേക്ക് ലഹരിവസ്തുക്കൾ എറിഞ്ഞുകൊടുക്കുന്നതിനിടെ രക്ഷപ്പെട്ട സംഘത്തിലെ മൂന്ന് പ്രതികളെ ടൗൺ പോലീസ് പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോൾ ജയിലിനകത്തുള്ള തടവുകാരുമായി ഫോൺ വഴി ബന്ധപ്പെടാറുണ്ടെന്ന് മൊഴി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജയിലധികൃതർക്ക് ഫോണുകൾ അന്വേഷിക്കാൻ പൊലീസ് കത്ത് നൽകിയിട്ടുണ്ട്. ജയിൽ ജീവനക്കാർക്ക് ഇതുമായി ബന്ധമുണ്ടോയെന്നും അന്വേഷിച്ചുവരികയാണ്.
ജയിൽ വളപ്പിലേക്ക് ഡ്രോൺ
അടുത്ത കാലത്ത് ജയിൽ വളപ്പിലേക്ക് ഡ്രോൺ പറത്തിയത് വിവാദമായിരുന്നു. ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ പക്ഷെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. ലഹരി റാക്കറ്റിന്റെ പുതിയ നീക്കമാണോ ഇതെന്ന സംശയത്തിലാണ് അന്വേഷണസംഘം. ജയിലിനുള്ളിലേക്ക് വസ്തുക്കൾ എത്തിക്കുന്നതിന് ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്താനുള്ള ശ്രമമാണോ ഇതെന്ന സംശയവും ഉയർന്നിട്ടുണ്ട്.
ഇപ്പോഴും പഴുതുകൾ, ഇഷ്ടം പോലെ
ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടം കണ്ണൂർ ജയിലിലെ സുരക്ഷാസംവിധാനത്തിന്റെ തകരാറുകൾ വെളിപ്പെടുത്തിയിരുന്നു. ഇതുസംബന്ധിച്ച് അന്വേഷിച്ച കമ്മിഷൻ നൽകിയ ശിപാർശകളിലും ഇക്കാര്യം വ്യക്തമാക്കിയതാണ്. ഏക്കർ കണക്കിന് വിസ്തൃതിയുള്ള ജയിലിന് പിൻഭാഗത്ത് സുരക്ഷിതമായ ചുറ്റുമതിൽ ഇല്ലാത്തതാണ് ഇതിലൊന്ന്. മദ്യവും മയക്കുമരുന്നും ഫോണുകളും എത്തിച്ചുനൽകുന്ന റാക്കറ്റിന് ഇത് മുതലെടുക്കാൻ സാധിക്കുന്നുവെന്നാണ് പൊലീസിന്റെ കണക്കുകൂട്ടൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |