
രണ്ടാഴ്ചക്കുള്ളിൽ അഞ്ച് ഉദ്യോഗസ്ഥർക്കെതിരെ കേസ്
കണ്ണൂർ: ജില്ലയിലെഅഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ ലിസ്റ്ര് തയ്യാറാക്കി വിജിലൻസ്. അഞ്ച് ഉദ്യോഗസ്ഥരെയാണ് നിലവിൽ വിജിലൻസ് നിരീക്ഷിച്ചുകൊണ്ടിരിക്കുന്നത് കൂടുതൽ തെളിവുകൾ കിട്ടുന്ന മുറയ്ക്ക് ഇവരെ അറസ്റ്റു ചെയ്യാനാണ് നീക്കം. പണത്തിന് പുറമെ പാരിതോഷികങ്ങൾ സ്വീകരിച്ചതും കൈക്കൂലിയായി പരിഗണിച്ചാണ് വിജിലൻസ് നടപടി.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ വിജിലൻസ് അഞ്ച് കേസുകളാണ് എടുത്തിട്ടുള്ളത്.കഴിഞ്ഞയാഴ്ച കണ്ണൂർ ആർ.ടി.ഓഫീസിൽ നടത്തിയ പരിശോധനയിൽ കണക്കിൽപ്പെടാത്ത 67,500 രൂപ പിടികൂടിയിരുന്നു. ഒരു മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് ഏജന്റ് ഗൂഗിൾ പേ വഴി 2400 രൂപ നൽകിയതും വിജിലൻസ് കണ്ടെത്തി. ഉളിക്കൽ ഗ്രാമ പഞ്ചായത്തിൽ പഞ്ചായത്ത് ഓവർസീയർ, ക്ളർക്ക് എന്നിവർ കരാറുകാരിൽ നിന്നും കൈക്കൂലി വാങ്ങിയതാണ് മറ്റൊന്ന്. ആറുമാസത്തെ കണക്കുകളിൽ നിന്ന് ഈ ഉദ്യോഗസ്ഥർ ലക്ഷങ്ങൾ കൈക്കൂലി വാങ്ങിയതായും വിജിലൻസ് സ്ഥിരീകരിച്ചു. പണം പ്രസ്തുത ഓഫീസിലെ മറ്റ് ജീവനക്കാർക്കും വീതിച്ച് നൽകിയതായും വിജിലൻസ് റിപ്പോർട്ടിലുണ്ട്. തോട്ടടയിലെ എടക്കാട് സോണൽ ഓഫീസിൽ എൻനീയറിംഗ് വിഭാഗം ഉദ്യോഗസ്ഥ ഗൂഗിൾ പേ വഴി പണം വാങ്ങിയതും വിജിലൻസിന് വിവരം ലഭിച്ചു. കരാറുകാരിൽ നിന്നാണ് ഇവരും പണം വാങ്ങിയത്. മണൽ കടത്തുകാരിൽ നിന്നും വളപട്ടണം പൊലീസ് സ്റ്റേഷനിൽ നിന്നും വിരമിച്ച റിട്ട.എ.എസ്.ഐ അനിഴനെതിരെയും വിജിലൻസ് കേസെടുത്തിട്ടുണ്ട്.
നാട്ടുകാരുടെ മുന്നിലിറങ്ങി “മദ്ധ്യസ്ഥൻ മത്തായി”
അഴിമതി മുക്ത കേരളത്തിനായി വിജിലൻസിന്റെ നേതൃത്വത്തിൽ അവബോധ വാരാചരണത്തിന് ജില്ലയിൽ തുടക്കം കുറിച്ചിട്ടുണ്ട്. വിവിധ കേന്ദ്രങ്ങളിൽ ബോധവത്കരണ ക്ളാസുകളും നാടകാവതരണവും സംഘടിപ്പിച്ചു. സർക്കാർ ഓഫീസുകളിലെ അഴിമതിയെ രസകരമായി ആവിഷ്കരിക്കുന്ന “മദ്ധ്യസ്ഥൻ മത്തായി” എന്ന നാടകത്തിൽ വേഷമിടുന്നത് വിജിലൻസ് ഉദ്യോഗസ്ഥർ തന്നെയാണ്.
സംസ്ഥാനതലത്തിലും കേസുകൾ വർദ്ധിച്ചു
കഴിഞ്ഞ പത്ത് മാസത്തിനുള്ളിൽ 15 വകുപ്പുകളിലായി 53 ഉദ്യോഗസ്ഥരാണ് കൈക്കൂലിക്കേസുകളിൽ സംസ്ഥാനതലത്തിൽ വിജിലൻസിന്റെ പിടിയിലായത്. കഴിഞ്ഞ വർഷം ഇത് 44 ആയിരുന്നു. കൈക്കൂലി ചെറുക്കാനും കൈക്കൂലിക്കാരെ കുടുക്കാനുമായി വിവിധ പദ്ധതികളും വിജിലൻസ് സാമ്പത്തിക വിഭാഗത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കാൻ ഒരുങ്ങുന്നതായാണ് വിവരം. അറസ്റ്റിലാകുന്നവരിൽ കൂടുതലും റവന്യു വിഭാഗം ജീവനക്കാരാണ്.തൊട്ടുപിന്നിൽ തദ്ദേശ വകുപ്പിലേയും പൊലീസ് വകുപ്പിലേയും ഉദ്യോഗസ്ഥരാണ് .
വിജിലൻസ് എയ്യുന്ന അമ്പുകളേറ്റ് മുറിവ് പറ്റാതിരിക്കാൻ ജീവനക്കാർ ശ്രദ്ധിക്കണം. പിടിക്കുമ്പോൾ തന്നെ ശാസ്ത്രീയ പരീക്ഷണം നടത്തുന്നുവെന്നതാണ് വിജിലൻസിന്റെ പ്രത്യേകത. ഇതോടെ പിടിക്കപ്പെടുന്നവർക്ക് സിവിൽ ഡെത്ത് സംഭവിക്കുന്നു. -ബാബു പെരിങ്ങേത്ത്. (വിജിലൻസ് കണ്ണൂർ യൂണിറ്റ് ഡിവൈ.എസ്.പി )
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |