
കണ്ണൂർ: വാർഡ് പുനർനിർണയത്തോടെ വർദ്ധിച്ച സീറ്റുകളിൽ അവകാശവാദവുമായി ഘടകകക്ഷികൾ മുന്നോട്ടുവരുന്നത് മുന്നണികളിലെ പ്രധാന കക്ഷികൾക്ക് തലവേദനയാകുന്നു.ഇത്തരം വാർഡുകളിൽ മുന്നണികളിലെ പ്രധാന കക്ഷികളും ചെറുകക്ഷികളും ഒന്നുപോലെ അവകാശം ഉന്നയിച്ചുതുടങ്ങിയതോടെ തുടക്കത്തിൽ തന്നെ മുന്നണികളിൽ അസ്വാരസ്യം രൂപപ്പെട്ടിരിക്കുകയാണ്.
നിലവിൽ കോർപ്പറേഷനുകളിലും ത്രിതല പഞ്ചായത്തുകളിലും സ്ഥാനാർത്ഥി നിർണയമെന്ന വലിയ കടമ്പയാണ് പ്രധാന പാർട്ടികൾക്ക് കടക്കാനുള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഇടങ്ങളിൽ ഇത്തവണ ജയം ഉറപ്പാക്കാനാണ് പ്രത്യേക ശ്രദ്ധ ചെലുത്തുന്നത്. ഇതിനായി വിജയസാദ്ധ്യത കൂടിയ സ്ഥാനാർത്ഥികളെ കണ്ടെത്തുന്ന ആലോചനയിലാണ് പ്രധാന പാർട്ടികളെല്ലാം. ഇതിനായി യുവാക്കളെയും പുതുമുഖങ്ങളെയും പരമാവധി മുൻനിരയിലെത്തിക്കാനാണ് പദ്ധതി. അതെ സമയം കൂടുതൽ സീറ്റുകളിൽ മത്സരിക്കുന്നതിലുപരി സാദ്ധ്യതയുള്ള ഇടങ്ങളിൽ ശക്തമായ മത്സരം ഉറപ്പാക്കലാണ് ബി.ജെ.പി തന്ത്രം. കോൺഗ്രസിൽ, ഗ്രാമപഞ്ചായത്തുകളിലെ സ്ഥാനാർത്ഥികളെ ബൂത്ത് കമ്മിറ്റികളുടെ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ തീരുമാനിക്കാനാണ് നേതൃത്വത്തിന്റെ നിലപാട്. ഈ ലക്ഷ്യത്തോടെ അടുത്തിടെ ബൂത്ത് തലത്തിൽ കുടുംബയോഗങ്ങൾ സംഘടിപ്പിച്ചിരുന്നു.
വനിതാസ്ഥാനാർത്ഥികളെ കണ്ടെത്തൽ വെല്ലുവിളി
അനേകം വാർഡുകളിൽ സുസമ്മതരായ വനിതാസ്ഥാനാർഥികളെ കണ്ടെത്തുന്നത് ഏറെ ദുഷ്‌കരമായാണ് യു.ഡി.എഫ് വിലയിരുത്തൽ. മതം, ജാതി, കുടുംബപശ്ചാത്തലം തുടങ്ങിയ ഘടകങ്ങളെ പരിഗണിച്ചാണ് സ്ഥാനാർത്ഥി നിർണയം. ഈ മാനദണ്ഡങ്ങൾ പരിഗണിച്ച് പട്ടികകൾ തയ്യാറാക്കാൻ പല പ്രദേശങ്ങളിലും മണ്ഡലം കമ്മിറ്റികൾ നടപടി ആരംഭിച്ചിട്ടുണ്ട്.സഖ്യകക്ഷികളുമായുള്ള സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയാക്കിയതിനു ശേഷം മാത്രമേ അന്തിമതീരുമാനം എടുക്കാൻ സാധിക്കുകയുള്ളുവെന്നാണ് നേതാക്കൾ പറയുന്നത്.അതെസമയം എൽ.ഡി.എഫിൽ, സി.പി.എം ലോക്കൽ കമ്മിറ്റികൾ മിക്കയിടങ്ങളിലും പ്രാഥമിക നടപടിക്രമങ്ങൾ പൂർത്തീകരിച്ചു. സീറ്റ് വിഭജനം അന്തിമമായാൽ പിന്നാലെ സ്ഥാനാർഥികളെ പ്രഖ്യാപിക്കാനാണ് മുന്നണിയുടെ നീക്കം.
വോട്ടർപട്ടികക്കെതിരെ ആക്ഷേപം
ശനിയാഴ്ച പുറത്തിറക്കിയ വോട്ടർലിസ്റ്റിൽ ഗുരുതരമായ പിഴവുകളുണ്ടെന്ന് എല്ലാ മുന്നണികളും ആരോപണമുന്നയിച്ചിട്ടുണ്ട്. അനധികൃതമായി പേരുകൾ ഉൾപ്പെടുത്തിയെന്നും നിയമാനുസൃതമായ വോട്ടർമാരുടെ പേരുകൾ ഒഴിവാക്കിയെന്നുമുള്ള പരാതികളാണ് കൂടുതലും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |