
ഈ വർഷം മാത്രം ജില്ലാ ആശുപത്രിയിൽ നടന്ന പോസ്റ്റുമോർട്ടങ്ങൾ 600
കണ്ണൂർ: ഒറ്റ ഫോറൻസിക് സർജ്ജൻ മാത്രമുള്ള കണ്ണൂർ ജില്ലാ ആശുപത്രിയിൽ മൃതദേഹങ്ങളുടെ പോസ്റ്റുമോർട്ടം പലപ്പോഴും പ്രതിസന്ധി സൃഷ്ടിക്കുന്നു. ഫോറൻസിക് സർജ്ജൻ അവധിയിലിരിക്കുമ്പോഴും മറ്റും പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലേക്കോ, കോഴിക്കോട് മെഡിക്കൽ കോളേജിലേക്കോ മൃതദേഹങ്ങളുമായി സഞ്ചരിക്കേണ്ട അവസ്ഥയാണ് ബന്ധുക്കൾ നേരിടുന്നത്.
അപകട മരണങ്ങളുടെയും ആത്മഹത്യയുടെയും എണ്ണക്കൂടുതലാണ് ഫോറൻസിക് സർജ്ജൻ തസ്തിക വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത എടുത്തുകാട്ടുന്നത്. ഡോക്ടർ ഇല്ലാത്തതിനെ തുടർന്ന് മെഡിക്കൽ കോളേജിലേക്ക് പോകേണ്ടിവരുന്ന കുടുംബാംഗങ്ങളുടെ മാനസികാവസ്ഥ പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടർ മറ്റിടത്തേക്ക് റഫർ ചെയ്യേണ്ടി വരുന്നതിന് മാത്രം ഒന്നര മണിക്കൂറോളം മൃതദേഹവുമായി കാത്തുകെട്ടി കിടക്കേണ്ടിയും വരുന്നു. ഈ സമയനഷ്ടം മൂലം മെഡിക്കൽ കോളേജിൽ എത്തുമ്പോൾ പോസ്റ്റ്‌മോർട്ടം നടത്താനുള്ള അന്നത്തെ സമയം കഴിയുന്നതും പതിവാണ്. ഫോറൻസിക് സർജൻ അവധിയായിരിക്കെ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെ കൊണ്ട് പോസ്റ്റുമോർട്ടം ചെയ്യിച്ച സംഭവങ്ങളും ജില്ലാ ആശുപത്രിയിൽ ഉണ്ടായിട്ടുണ്ട്. ഇവർക്കായി വലിയൊരു വിഭാഗം രോഗികൾ കാത്തിരിക്കുമ്പോഴായിരിക്കും അധികചുമതല ഈ ഡോക്ടർമാർ നിർവഹിക്കേണ്ടിവരുന്നത്. അൻപത് വയസിന് താഴെയുള്ളവർ കുഴഞ്ഞുവീണുമരിച്ചാൽ പോസ്റ്റുമോർട്ടം നിർബന്ധമാക്കിയതും ജില്ലാ ആശുപത്രിയിലെ ഫോറൻസ്ക് സർജ്ജന് ജോലി വർദ്ധിക്കുന്നതിന് കാരണമായിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |